Image

'മഴവില്‍ സംഗീത' വേദിയില്‍ പെയ്തിറിങ്ങിയ സംഗീത-നൃത്ത വിസ്മയങ്ങള്‍ വിരിയിച്ചത് കലയുടെ വസന്തം.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 18 June, 2024
 'മഴവില്‍ സംഗീത' വേദിയില്‍ പെയ്തിറിങ്ങിയ സംഗീത-നൃത്ത വിസ്മയങ്ങള്‍ വിരിയിച്ചത് കലയുടെ വസന്തം.

ബോണ്‍മൗത്ത്: ബോണ്‍മൗത്തിലെ 'മഴവില്‍ സംഗീത' വേദിയില്‍ നിറഞ്ഞു കവിഞ്ഞ കലാസ്‌നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച കലാമാമാങ്ക അരങ്ങില്‍ വിരിഞ്ഞത് വര്‍ണ്ണാഭമായ കലാ വസന്തം. നൂറു കണക്കിന് ആസ്വാദക ഹൃദയങ്ങളെ ആവേശത്തിമര്‍പ്പില്‍ ആറാടിച്ച  സംഗീത-നൃത്തോത്സവത്തെ സദസ്സ് ഏറെ ഹര്‍ഷാരവത്തോടെയാണ്  വരവേറ്റത്. ഗംഭീരമായ സംഘാടക മികവിന്റെയും, കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി നടത്തിയ  അവിസ്മരണീയമായ നൃത്ത-സംഗീതോത്സവത്തിന്റെ സമ്പന്നമായ അനുസ്മരണവും. കലാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവും പ്രോത്സാഹനവുമായി കലാ ആസ്വാദകരുടെ നിബിഡമായ പങ്കാളിത്തം. ഉച്ചക്ക് ഒരു  മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി പതിനൊന്നു വരെ നീണ്ടു നിന്നു.

കേബ്രിഡ്ജ് മേയറും പ്രമുഖ ക്രിമിനല്‍ ലോയറുമായ കൗണ്‍. ബൈജു തിട്ടാല മുഖ്യ അഥിതിയായിരുന്നു. മേയറെ സംഘാടക സമിതി ഷാള്‍ അണിയിച്ചു ആദരിച്ചു. അദ്ദേഹം  ഉദ്ഘാടന സന്ദേശവും നല്‍കി. യു കെ യില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവവും, പൊതുപ്രവര്‍ത്തകനുമായ ടോണി ചെറിയാന്‍, നഴ്‌സിംഗ് പഠന റിക്രൂട്ട്‌മെന്റ് മേഖലയിലെ മികവിന് ആര്‍ഷ സെബാസ്റ്റ്യന്‍ എന്നിവരെയും മഴവില്‍ സംഗീത വേദിയില്‍ പ്രത്യേകമായി ആദരിക്കുകയുണ്ടായി.

യു കെ യിലെ പ്രമുഖ മോര്‍ട്ടഗേജ് ഇന്‍ഷുറന്‍സ് അഡ്വൈസിങ് ഏജന്‍സിയായ ലൈഫ് ലൈന്‍ പ്രോട്ടക്ട് ലിമിറ്റഡ്  മുഖ്യ സ്‌പോണ്‍സറായിരുന്നു. ഡിസൈനേജ് അഡ്വര്‍ടൈസിങ്, ഫ്‌ളിക്‌സ് ബ്രാന്‍ഡിംഗ്, എ ആര്‍ എന്റര്‍ടൈന്‍മെന്റ്, ആര്‍ കെ ഡിസൈനേഴ്‌സ് , റോസ് ഡിജിറ്റല്‍ വിഷന്‍,  എ ആര്‍ ഫോട്ടോഗ്രഫി,ടൈം ലെസ്സ് സ്റ്റുഡിയോ,കളര്‍ മീഡിയ (വെല്‍സ് ചാക്കോ),ബീറ്റ്‌സ് യുകെ ഡിജിറ്റല്‍ വേള്‍ഡ് (ബിനു നോര്‍ത്താംപ്ടണ്‍) തുടങ്ങിയവരുടെ സാങ്കേതിക മികവുകള്‍ പരിപാടിയെ ആകര്‍ഷകമാക്കി.

എഴുപതോളം സംഗീത-നൃത്ത ഇനങ്ങള്‍ മഴവില്‍ വര്‍ണ്ണം വിതറിയ  സംഗീതോത്സവ വേദിയില്‍ എല്‍ ഇ ഡി സ്‌ക്രീനിന്റെ മാസ്മരിക പശ്ചാത്തലത്തില്‍, നൂതന ലൈറ്റ് ആന്‍ഡ് സൗണ്ട് സാങ്കേതികത്വത്തിന്റെ  മികവോടെ ആലപിച്ച മധുരഗാനങ്ങള്‍ ആവോളം ശ്രവിക്കുവാനും, നവരസങ്ങള്‍ ഒഴുകിയെത്തിയ ഭാവ ഭേദങ്ങളും, മാന്ത്രിക ചുവടുകളുമായി നൃത്ത- നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങില്‍, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള  സുവര്‍ണാവസരമാണ് മഴവില്‍ സംഗീത വേദിയില്‍ ലഭിച്ചത്.

മഴവില്‍ സംഗീതോത്സവത്തില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി അരങ്ങും വേദിയും കയ്യിലെടുത്ത് നര്‍മ്മവും സംഗീതവും ചാലിച്ച് അനര്‍ഗളമായ വാക്ധോരണിയില്‍  ആര്‍ ജെ ബ്രൈറ്റ്, ലണ്ടനില്‍ നിന്നുള്ള ജിഷ്മാ മെറി, സാലിസ്ബറിയില്‍ നിന്നുള്ള പപ്പന്‍ എന്നിവര്‍ വേദി കീഴടക്കി.  

സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന യുകെയിലെ പ്രശസ്തമായ 'വോക്സ് ആന്‍ജെല' മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ്ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്‌ക്രീനിന്റെ വര്‍ണ്ണാഭമായ പശ്ചാത്തലത്തിലും അനുഗ്രഹീതരായ ഗായകരുടെ ആലാപനങ്ങള്‍ വേദിയെ സംഗീതസാന്ദ്രമാക്കി.

നയനാനന്ദകരമായ ചടുലനൃത്തങ്ങള്‍, ശ്രവണോത്സുകമായ ഗാനമാലകള്‍, ഘ്രാണ-രസനേന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന രുചിയൂറും വിഭവങ്ങള്‍ എന്നിവ ആഘോഷത്തിന് മാറ്റേകി   എഴുപതില്‍ പരം കലാകാരന്മാരുടെ ഗംഭീരമായ പ്രകടനമാണ് സദസ്സിനു സമ്മാനിച്ചത്.

അനീഷ് ജോര്‍ജ്ജ്, ടെസ്മോള്‍ ജോര്‍ജ്, ഷിനു സിറിയ്ക്ക്, ഡാന്റോ  പോള്‍, സുനില്‍ രവീന്ദ്രന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റിയാണ്  ഈ അവിസ്മരണീയ സംഗീത സായാഹ്നത്തിനു നേതൃത്വം നല്‍കിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക