Image

റെജി വര്‍ഗീസ് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് Published on 19 June, 2024
റെജി വര്‍ഗീസ് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ന്യൂയോര്‍ക്ക്: മൂന്നു പതിറ്റാണ്ടിലേറെ അമേരിക്കയിലെ മലയാളി സാമൂഹ്യ-സാംസ്‌ക്കാരിക- ചാരിററി-രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായ ശ്രീ.റെജി വര്‍ഗീസ് ഫൊക്കാന എന്ന മഹത് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തേക്ക് മല്‍സരിക്കുന്നു. ജൂലൈ മാസത്തില്‍ നടത്തപ്പെടുന്ന ദേശീയ കണ്‍വന്‍ഷനില്‍ നടക്കുന്ന പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് അദ്ദേഹം മത്സരിക്കുന്നത്. ഏറ്റെടുക്കുന്ന ഏതു ചുമതലയും വലിയ ഉത്തരവാദിത്വബോധത്തോടെ നിര്‍വ്വഹിച്ച സ്തുത്യര്‍ഹവും നിസ്തുലവുമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന പാരമ്പര്യമുള്ള ശ്രീ.റെജി വര്‍ഗീസിന്റെ സാന്നിധ്യവും നേതൃത്വവും ഫൊക്കാനയുടെ വളര്‍ച്ചക്കും സംഘടനയുടെ ഐക്യത്തിനും കെട്ടുറപ്പിനുമായി ഉപയുക്തമാകുമെന്നതില്‍ സംശയമില്ല.

അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ ശ്രീ.റെജി വര്‍ഗീസ് ഒന്നിലധികം തവണ സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടരി, ട്രഷറര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ തിളക്കമാര്‍ന്ന നേതൃത്വമാണ് നല്‍കിയിട്ടുള്ളത്. സ്റ്റാറ്റന്‍ഐലന്റിലെ മുഴുവന്‍ മലയാളി സമൂഹത്തേയും ഒന്നായി കാണുവാനും ഒരു കുടക്കീഴില്‍ അണിനിരത്തി പ്രവര്‍ത്തിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

സംഘടനാ പ്രവര്‍ത്തനത്തിലുപരി രാഷ്ട്രീയരംഗത്തും, ആദ്ധ്യാത്മിക രംഗത്തും സജീവ സാന്നിധ്യമായ അദ്ദേഹം ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്‍ഡ്യന്‍-അമേരിക്കന്‍ ദേശീയ രാഷ്ട്രീയ മേഖലയില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള ശ്രീ.റെജി വര്‍ഗീസ് അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ മലയാളികള്‍ ഭാഗഭാക്കാകണമെന്ന അഭിപ്രായക്കാരനാണ്. ആദ്ധ്യാത്മികരംഗത്തും എക്യൂമെനിക്കല്‍ രംഗത്തും സജീവമായ അദ്ദേഹം ന്യൂയോര്‍ക്കിലെ ഏറ്റവും മനോഹരമായ മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയം സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ പുതിയ നിര്‍മ്മിതിയുടെ കാലഘട്ടത്തില്‍ ഉടനീളം ബില്‍ഡിംഗ് കമ്മിറ്റി ട്രഷറര്‍ ആയിരുന്നു. കുറഞ്ഞകാലയളവിനുള്ളില്‍ ദേവാലയനിര്‍മ്മാണം പൂര്‍ത്തീകരിച്ച കൂദാശയ്ക്കായി സജ്ജമാക്കുവാന്‍ നേതൃനിരയില്‍ നിന്നാണദ്ദേഹം പ്രവര്‍ത്തിച്ചത്. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും എക്യൂമെനിക്കല്‍ രംഗത്തു നിറസാന്നിദ്ധ്യമായ റെജിവര്‍ഗീസ് വിവിധ ചാരിറ്റി സംഘടനകളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.

മെഡിക്കല്‍, ബിസിനസ്സ്, രംഗങ്ങളില്‍ ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ഉദ്യോഗസ്ഥനാണ്. ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ മാസ്റ്റര്‍ ബിരുദധാരിയായ റെജി വര്‍ഗീസ് സ്വന്തമായ ബിസിനസ്സ് വ്യാവസായിക രംഗത്തും സജീവമാണ്. കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസിക്കുന്നു. ഫൊക്കാന തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്കില്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക