Image

ഫോമാ സ്ഥലം വാങ്ങി; ഇനി ചിഞ്ചുമോൾക്ക് വീടൊരുക്കണം

സൈജൻ കണിയോടിക്കൽ Published on 22 June, 2024
ഫോമാ സ്ഥലം വാങ്ങി; ഇനി ചിഞ്ചുമോൾക്ക്  വീടൊരുക്കണം

വിയർപ്പ് ഗ്രന്ഥികൾ ഇല്ലാത്തതിനെ തുടർന്ന് ചൂട് സഹിക്കാനാവാതെ വലയുന്ന ചിഞ്ചുമോൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിലേക്കുള്ള ആദ്യഘട്ടം പൂർത്തിയായി. ഫോമാ മുൻകൈയെടുത്ത് നിർമ്മിച്ചു നൽകുന്ന വീടിന് ആവശ്യമായ സ്ഥലം വാങ്ങി അതിൻറെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി, സ്ഥലത്തിൻറെ പ്രമാണം ഫോമാ പ്രസിഡൻറ് ഡോ.  ജേക്കബ് തോമസ് ചിഞ്ചുമോൾക്ക് കൈമാറി.  ചടങ്ങിൽ അരൂർ എംഎൽഎ ദലീമ ജോജോ സന്നിഹിതയായിരുന്നു.

ജന്മനാ വിയർപ്പ് ഗ്രന്ഥികൾ ഇല്ലാതെ വിഷമിക്കുന്ന എഴുപുന്ന ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ചാത്തൻകര വീട്ടിൽ ആൻറണി കുഞ്ഞുമോൾ ദമ്പതിമാരുടെ മകളാണ് ചിഞ്ചു. കാര്യമായ ജോലികളൊന്നും ഇല്ലാത്ത അച്ഛനും അമ്മക്കുമൊപ്പം ചിഞ്ചുമോൾ ചെറിയൊരു തകര ഷെഡ്ഡിലാണ് താമസിക്കുന്നത്. വീട് വെക്കാനുള്ള സ്ഥലം റെയിൽവേയുടെ കൈവശമായതോടെയാണ് ഇവർ വിഷമത്തിലായത് .      

ചിഞ്ചുവിന്റെ പ്രത്യേക സാഹചര്യം നേരിൽ കണ്ടറിഞ്ഞ് എംഎൽഎ ദലീമ ജോജോ വിവരം തോമസ് ടി ഉമ്മാന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. അദ്ദേഹമത് ഫോമാ എക്സിക്യൂട്ടീവിൽ അറിയിച്ചു. ഫോമായുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രശ്നം വിശദമായി ചർച്ച ചെയ്യുകയും ആദ്യം വീട് വയ്ക്കുവാൻ ഉള്ള സ്ഥലം വാങ്ങുവാനും പിന്നീട് വീട് നിർമ്മിച്ചു നൽകുവാനും തീരുമാനിച്ചു.

ഫോമായുടെ ഹെൽപ്പിംഗ് ഹാഡ്ൻസ് വഴി ലഭിച്ച തുകയും ഫോമായുടെ അക്കൗണ്ടിൽ നിന്നും അനുവദിച്ച ഫണ്ടും ഉപയോഗിച്ച് കുത്തിയതോട് പഞ്ചായത്തിൽ മൂന്ന് സെൻറ് സ്ഥലം വാങ്ങി അതിൻറെ രജിസ്ട്രേഷൻ കഴിഞ്ഞദിവസം നടത്തി. അരൂർ പഞ്ചായത്തിലെ പീറ്റർ സെലിൻ ദമ്പതിമാരുടെ ഭൂമിയാണ് 3 ലക്ഷം രൂപ മുടക്കി ഫോമാ വാങ്ങിയത്.    

ഫെഡറേഷൻ ഓഫ് മലയാളി അസ്സോസ്സിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) ഭാരവാഹികളായ ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ർ ഡോ.   ജയ്മോള്‍ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ്, തുടങ്ങിയവർ ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.   അടുത്ത ഘട്ടമായ വീട് പണി ഉടൻതന്നെ ആരംഭിക്കും.

ഫ്ലോറിഡയിലെ ടാമ്പായിലുള്ള ജോയി കുര്യൻ വീടുപണിക്കായി അയ്യായിരം ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമാകാൻ ഇനിയും ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും ഇവർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക