Image

ലോകത്തിന് മുന്നില്‍ ഇതാ നമ്മുടെ കോഴിക്കോട്! 'സാഹിത്യനഗരം' ആയി യുനെസ്‌കോയുടെ പ്രഖ്യാപനം

Published on 24 June, 2024
ലോകത്തിന് മുന്നില്‍ ഇതാ നമ്മുടെ കോഴിക്കോട്! 'സാഹിത്യനഗരം' ആയി യുനെസ്‌കോയുടെ പ്രഖ്യാപനം

കോഴിക്കോടിനെ സാഹിത്യനഗരം എന്ന വലിയ സ്ഥാനം നല്‍കി യുനെസ്‌കോ ആദരിച്ചിരിക്കുന്നു. കൊതിയൂറുന്ന വിഭവങ്ങള്‍ക്കും, നന്മയുള്ള ഓട്ടോക്കാര്‍ക്കുമെല്ലാമൊപ്പം സാഹിത്യത്തെ ജീവശ്വാസം പോലെ ചേര്‍ത്തുപിടിച്ച നഗരത്തിനുള്ള ഈ അംഗീകാരം അത്രമേല്‍ ഉചിതമെന്ന് പറയാതെ വയ്യ. മലയാളത്തിലെ പ്രഗത്ഭരായ ഒട്ടനവധി എഴുത്തുകാര്‍ക്ക് പെറ്റമ്മയും, പോറ്റമ്മയുമായ കോഴിക്കോടിനല്ലാതെ മറ്റേത് നാടിനാണ് ഈ ബഹുമതിക്കുള്ള അര്‍ഹത?

മലയാളത്തിന്റെ സാഹിത്യക്കോലായയിലിട്ടിരിക്കുന്ന ചാരുകസേരകളിലിരിക്കുന്ന എഴുത്തുകാരില്‍ വലിയൊരു പങ്കും ഏതെങ്കിലും തരത്തില്‍ കോഴിക്കോട് എന്ന നഗരത്തോട് ബന്ധപ്പെട്ട് കിടക്കുന്നവരാണ്. മലയാളസാഹിത്യത്തിലെ കാരണവരായ എം.ടി വാസുദേവന്‍ നായര്‍ മുതല്‍ പുതുതലമുറ എഴുത്തുകാരില്‍ പ്രതിഭാധനനായ സുഭാഷ് ചന്ദ്രന്‍ വരെ അതിനൊരു മാറ്റവുമില്ല. അവരുടെ ജീവിതത്തിലും സാഹിത്യത്തിലുമെല്ലാം കോഴിക്കോടങ്ങനെ നീണ്ടുനിവര്‍ന്ന് കിടക്കുന്നു. വികെഎന്നിന്റെ മാനാഞ്ചിറ ടെസ്റ്റും, ബഷീറിന്റെ പാത്തുമ്മായുടെ ആടും മുതല്‍ സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയിലും കോഴിക്കോടിന്റെ ജീവനും നിശ്വാസവും പരന്നുകിടക്കുന്നത് കാണാം. എസ്.കെ പൊറ്റെക്കാടിന്റെ തെരുവിന്റെ കഥയിലും കാണാം അതേ കോഴിക്കോടിനെ.

ഇവര്‍ക്കെല്ലാം പുറമെ കുഞ്ഞുണ്ണിമാഷും, തിക്കോടിയനും, എന്‍.പി മുഹമ്മദും, കല്‍പ്പറ്റ നാരായണനും, സഞ്ജയനും അവര്‍ക്ക് മുമ്പ് മലയാളസാഹിത്യത്തിന്റെ ബാല്യത്തില്‍ കൈപിടിക്കാന്‍ അപ്പു നെടുങ്ങാടിയും, ഒ. ചന്തുമേനോനും കോഴിക്കോട്ട് കാത്തുനിന്നിരുന്നു. ബാലാമണിയമ്മയ്ക്കും, ഉറൂബിനുമെല്ലാം കോഴിക്കോട് എന്നും പ്രിയപ്പെട്ടതായിരുന്നു. സിനിമയും, സാഹിത്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ക്ക് അപ്പുറവും ഇപ്പുറവുമായി നിലകൊണ്ട ഗിരീഷ് പുത്തഞ്ചേരിയും, ടി. ദാമോദരനും, ടി.പി രാജീവനുമെല്ലാം കോഴിക്കോടിന്റെ തണലിലിരുന്ന് പേനകള്‍ ചലിപ്പിച്ചു.

ഇന്നും മാനാഞ്ചിറയിലും, ടൗണ്‍ഹാളിലും, നഗരത്തിലെ മറ്റനേകം ചെറുതും വലുതുമായ പുസ്തശാലകളിലും എഴുത്തിന്റെ പാരമ്പര്യം, അറബിക്കടലില്‍ നിന്നെത്തുന്ന തിരകള്‍ പോലെ നിര്‍ത്താതെ അലയടിക്കുന്നുണ്ട്. ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെയടക്കം വമ്പന്‍ പങ്കാളിത്തം അതിന് തെളിവാണ്. ഒപ്പം മണ്‍മറഞ്ഞാലും ഓര്‍മ്മകളെ മായിക്കാന്‍ സമ്മതിക്കാത്തവിധം എഴുത്തുകാരുടെ പ്രതിമകളും മറ്റും ഓര്‍മ്മപ്പൊട്ടുകളാക്കി പ്രതിഷ്ഠിക്കുകയും ചെയ്യുന്ന നഗരം- അതാണ് കോഴിക്കോട്, ലോകത്തിന് മുന്നില്‍ നമ്മുടെ സാഹിത്യനഗരം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക