ഓഗസ്റ്റ് 8 മുതൽ പുണ്ടകാനയിൽ നടക്കു ഫോമാ കൺവൻഷന്റെ ഇവന്റ് കോർഡിനേറ്ററായി ജോസ് മണക്കാട്ടിനെ നിയമിച്ചു.
കൺവൻഷനിലെ വിവിധ പരിപാടികൾ കൺവൻഷൻ ചെയർ കുഞ്ഞു മാലിയിൽ, ജനറൽ കൺവീനർ സജി എബ്രഹാം എന്നിവരോടൊപ്പം ഏകോപിപ്പിക്കുകയും വിജയകരമാക്കുകയുമാണ് ഇവന്റ് കോർഡിനേറ്ററുടെ ചുമതല. മികച്ച കലാപരിപാടികൾ അടക്കം ഒട്ടേറെ പ്രോഗ്രാമുകളാണ് കണ്വന്ഷനെ വ്യത്യസ്തമാക്കുകയെന്നും അവയുടെയെല്ലാം രൂപരേഖ വൈകാതെ അറിയിക്കുമെന്നും ജോസ് മണക്കാട്ട് പറഞ്ഞു. കൺ വൻഷനും മികവുറ്റ പരിപാടികളും ഓർമ്മയിൽ എന്നും തങ്ങിനിൽക്കണം എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നത്.
ജോസ് മണക്കാട്ടിന്റെ നേതൃത്വത്തിൽ മികച്ച പരിപാടികളും കൃത്യമായ ഏകോപനവും ഉണ്ടാവുമെന്ന് തങ്ങൾക്ക് ഉറപ്പാണെന്ന് ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് എന്നിവർ ചൂണ്ടിക്കാട്ടി.
ജോസ് മണക്കാട്ട് ഫോമാ മുൻ ജോ. സെക്രട്ടറിയും ഷിക്കാഗോ കൺവൻഷന്റെ വൈസ് ചെയറുമായിരുന്നു . ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബോർഡ് അംഗമാണ് . ഇല്ലിനോയി മലയാളി ചേമ്പർ ഓഫ് കൊമേഴ്‌സ്, ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റ് എന്നിവയിലും നേതൃത്വം വഹിച്ചു.
വർഷങ്ങളായി ഫോമയുടെ സജീവ പ്രവർത്തകനാണ് ജോസ് മണക്കാട്ട്. ഷിക്കാഗോയിലെ കലാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിദ്ധ്യം. തന്നെ ഏൽപ്പിക്കുന്ന ദൗത്യം ഏറ്റവും ഭംഗിയായി നിർവഹിക്കുവാൻ ശ്രമിക്കുന്നു. പരിപൂർണ്ണ വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.