ഫോമയിൽ ദീർഘകാലമായി വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസ് സംരംഭകനും ഫിലിം നിർമ്മാതാവുമായ ബിജു ലോസൺ ഫോമാ കൺവൻഷൻ ദേശീയ കൺവീനർ ആയി (ഹോസ്പിറ്റാലിറ്റി & ട്രാൻപോർട്ടേഷൻ) നിയമിതനായി.
കൺവൻഷനിൽ പങ്കെടുക്കുന്ന ഡെലിഗേറ്റുകളുടെയും അതിഥികളുടെയും താമസം, യാത്ര തുടങ്ങി വിവിധ കാര്യങ്ങൾക്ക് ബിജു ലോസൻറെ (ബിജു തോമസ്) നേതൃത്വത്തിലുള്ള കമ്മിറ്റി ചുമതല വഹിക്കും.
കാൽ നൂറ്റാണ്ട് മുൻപ് ആരംഭിച്ച ലോസൻ ട്രാവൽസിന്റെ സി.ഇ.ഓ. ആയ ബിജു, 2018 - 20 ൽ നടത്താനിരുന്ന ഫോമാ ക്രൂയിസ് കൺവൻഷന്റെ ചെയർമാനായും പ്രവർത്തിച്ചു. കോവിഡ് മൂലം അത് നടന്നില്ലെങ്കിലും, പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 2022 ൽ ബിസിനസ് മീറ്റ് ചെയർ ആയി പ്രവർത്തിച്ചു.
ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ അസോസിയേഷന്റെ കോർപ്പറേറ്റ് അഡ്വൈസറി ബോർഡിൽ അംഗമായിരുന്നു.
സംഘടനയിലും സമൂഹത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ബിജു ലോസൻ സുപ്രധാനമായ ഈ ചുമതലയിൽ മികവാർന്ന പ്രവർത്തനം കാഴ്ച വയ്ക്കുമെന്ന് ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, കണ്വന്ഷൻ ചെയർ കുഞ്ഞ് മാലിയിൽ എന്നിവർ ചൂണ്ടിക്കാട്ടി.
പത്തനംതിട്ടയിലെ മൈലപ്രയിൽ ജനിച്ച ബിജു അമേരിക്കയിൽ പഠന ശേഷം നാട്ടിലേക്കു മടങ്ങി സഹോദരനൊപ്പം ലോസൻ എൻ ട്രാവൽ സ്ഥാപനം തുടങ്ങി. വിവാഹ ശേഷം അമേരിക്കയിൽ വിസിറ്ററായി വന്നുവെങ്കിലും പിന്നീട് ഇവിടെ തുടരുകയും ലോസൻ ട്രാവൽസ് 1997 ൽ ഡാലസിൽ ആരംഭിക്കുകയുമായിരുന്നു.
'കേരളത്തിൽ തുടർന്നിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല. ചില സമയങ്ങളിലെ നമ്മുടെ തീരുമാനങ്ങൾ പ്രാവർത്തികമാകാതെ വരുമ്പോൾ, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് വിഷമം തോന്നാം. ആദ്യഘട്ടത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നു. കഷ്ടപ്പെടാനുള്ള മനസ്സും ആത്മാർത്ഥതയും മാത്രമായിരുന്നു മൂലധനം. പ്രയത്നങ്ങൾക്കൊക്കെ ഫലം കണ്ടുതുടങ്ങിയപ്പോൾ, നമ്മളിലെ മികച്ചത് പുറത്ത് കൊണ്ടുവരാൻ വേണ്ടി ആയിരുന്നല്ലോ ഇതെല്ലാമെന്ന് ആശ്വാസവും സന്തോഷവും തോന്നി. തിരിഞ്ഞുനോക്കുമ്പോൾ, ഈ രാജ്യത്തോട് ഏറെ കടപ്പാടുണ്ട്. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കൊടുക്കുന്നു എന്ന സൽപ്പേര് നേടിയതോടെയാണ് ബിസിനസ് പച്ചപിടിച്ചത്,' ബിജു നേരത്തെ അഭിമുഖത്തിൽ ഇ-മലയാളിയോട് പറഞ്ഞു.
2018-ലാണ് ലോസൺ എന്റർടൈൻമെന്റ് എന്ന പേരിൽ സിനിമാ നിർമ്മാണ കമ്പനി തുടങ്ങിയത്. പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച 'രണം' എന്ന പൃഥ്വിരാജ് ചിത്രമാണ് ആദ്യം പുറത്തുവന്നത്. അറ്റ്ലാന്റയും ഡെട്രോയ്റ്റുമായിരുന്നു പ്രധാന ലൊക്കേഷൻ. പിന്നീട് സിജു വിത്സണും സൈജു കുറുപ്പും അഭിനയിച്ച 'വാർത്തകൾ ഇതുവരെ' എന്ന സിനിമയും നിർമ്മിച്ചു.