Image

വാത്സിങ്ങാം സീറോമലബാര്‍ തീര്‍ത്ഥാടനത്തിന് ഇനി പത്തു നാള്‍; പ്രസുദേന്തി രജിസ്ട്രേഷന്‍ ആരംഭിച്ചു.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 10 July, 2024
വാത്സിങ്ങാം സീറോമലബാര്‍ തീര്‍ത്ഥാടനത്തിന് ഇനി പത്തു നാള്‍;  പ്രസുദേന്തി രജിസ്ട്രേഷന്‍ ആരംഭിച്ചു.

വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ വർഷം തോറും ആഘോഷമായി കൊണ്ടാടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും, തിരുന്നാളും ജൂലൈ 20 ന് ശനിയാഴ്ച്ച ഭക്തിനിർഭരമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിലും നേതൃത്വത്തിലും ഇത് എട്ടാം തവണയാണ് തീർത്ഥാടനം സംഘടിപ്പിക്കുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ പ്രഘോഷണ വേദിയായാണ് വാത്സിങ്ങാം തീർത്ഥാടനം അറിയപ്പെടുന്നത്.


ഈ വർഷത്തെ വാത്സിങ്ങാം തീർത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസസമൂഹമാണ്.  

യു കെ യിലുടനീളമുള്ള സീറോമലബാർ  വിശ്വാസികൾക്ക് വാത്സിങ്ങാം തീർത്ഥാടനത്തിൽ പ്രസുദേന്തിമാർ ആകുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അതിനാൽ തന്നെ, യു കെ യുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങൾ പങ്കുചേരുമ്പോൾ രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രാതിനിധ്യം തീർത്ഥാടനത്തിലും, മരിയൻ പ്രഘോഷണ വേദിയിലും, തിരുന്നാളിലും സജീവമായി ഉണ്ടാവും.

പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കുപയോഗിച്ച് പേരുകൾ റജിസ്റ്റർ ചെയ്യാവുന്നതാണ്.

വർഷം തോറും വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ ബാഹുല്യത്തെ മുന്നിൽക്കണ്ടുകൊണ്ടു  തീർത്ഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഓരോ ഇടവകയിലും ഉള്ള വിശ്വാസികളോട് താന്താങ്ങളുടെ വാഹനങ്ങളിൽ വരുന്നതിനു പകരം ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു വാത്സിങ്ങാമിൽ എത്തുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ തന്നെ പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന വാത്സിങ്ങാം ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും, ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർത്ഥാടനമാവും ഇത്തവണ ഉണ്ടാവുക. 

ഇംഗ്ലണ്ടിലെ സിറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.

ഗ്രൂപ്പുകളായി തീർത്ഥാടനത്തിൽ എത്തുന്നവർ തങ്ങളുടെ മിഷന്റെ ബാനറിന്റെ പിന്നിൽ മുത്തുക്കുടകളും ഏന്തി രണ്ടു വരിയായി അടുക്കും ചിട്ടയുമായി ഭക്തിപുരസ്സരം പങ്കുചേരണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. വോളണ്ടിയേഴ്‌സ് നൽകുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ചു കൊണ്ട് മാതൃ സങ്കേതത്തിന്റെ പരിപാവനതയിൽ ഭക്തിപൂർവ്വം മരിയൻ പ്രഘോഷണ പ്രദക്ഷണത്തിൽ  അണിചേരേണ്ടതാണ്.

തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.


9:30 am - സപ്രാ (പ്രഭാത പ്രാർത്ഥന), ജപമാല, ആരാധന

10:30 am - മരിയൻ പ്രഘോഷണം (റവ. ഡോ. ടോം ഓലിക്കരോട്ട്)

11:15 am - കൊടിയേറ്റ്, ഉച്ചഭക്ഷണം, അടിമവക്കൽ  

12:15 pm - പ്രസുദേന്തി വാഴിയ്ക്കൽ  

12:45 pm - ആഘോഷമായ പ്രദക്ഷിണം

02:00 pm - ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ബലിയും, സന്ദേശവും  

04:30 pm - തീർത്ഥാടന സമാപനം


വാത്സിങ്ങാം തിരുന്നാളിനോടനുബന്ധിച്ച് ഭക്ഷണ സ്റ്റാളുകൾ ക്രമീകരിക്കുന്നുണ്ട്.


ഏവരെയും തീർത്ഥാടനത്തിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നതായി തീർത്ഥാടക സ്വാഗത സംഘം  അറിയിച്ചു.

For becoming prasudenthi please fill the following link.

https://forms.office.com/e/aB5Dp2fyma.
 

തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:

Catholic National Shrine of Our Lady, Walshingham, Houghton 

St. Giles, Norfolk,NR22 6AL

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക