ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തര്‍ദേശീയ- കണ്‍വന്‍ഷന് തിരി തെളിയാന്‍ ഇനി 3 ദിവസങ്ങള്‍ മാത്രം. ഡോ.ബാബു സ്റ്റീഫന്റെ സാരഥ്യത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഏറെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. ജൂലൈ 18,19,20 എന്നീ ദിവസങ്ങളില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ചാണ് പരിപാടി നടക്കുന്നത്. അടുത്ത ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ഇലക്ഷനും അനുബന്ധമായി നടക്കും. വിഘടിച്ചുനിന്ന സംഘടനകളുമായി കൈകോര്‍ക്കുകയും കേസുകള്‍ എല്ലാം അവസാനിപ്പിച്ച് സമാധാനത്തോടെ ഐക്യത്തിന്റെ ഒത്തുചേരലാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. പ്രായഭേദമന്യേ ഏവരുടെയും മനസ്സിന് സംതൃപ്തി പകരുന്ന ഒന്നായിരിക്കും ഡോ.ബാബു സ്റ്റീഫന്റെ സാരഥ്യത്തില്‍ ഒരുങ്ങുന്ന അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ എന്ന് കണ്‍വന്‍ഷന്‍ ചെയറായ ജോണ്‍സണ്‍ തങ്കച്ചന്‍ ഇ-മലയാളിയോട് പറഞ്ഞു. എം. പിമാര്‍, എം.എല്‍.എ മാര്‍, സാംസ്‌കാരിക നായകന്മാര്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങി പ്രഗത്ഭരുടെ നിര വേദിയുടെ പകിട്ടുകൂട്ടും. പുതുതലമുറ മലയാളി സംഘടനകളില്‍ നിന്ന് അകലുന്നു എന്ന പരാതി പരിഹരിക്കാനും യുവാക്കളെ ആകര്‍ഷിക്കാനും പുതുമയാര്‍ന്ന ഒട്ടേറെ പരിപാടികള്‍ ഒരുക്കാന്‍ സാധിച്ചതിന്റെയും ടിക്കറ്റുകള്‍ മുഴുവനായും വിറ്റഴിക്കാന്‍ കഴിഞ്ഞതിന്റെയും ആഹ്ലാദവും അദ്ദേഹം പങ്കുവച്ചു. വാഷിംഗ്ടണ്‍ ഡിസി യില്‍ അരങ്ങേറാന്‍ പോകുന്ന ത്രിദിന മാമാങ്കത്തിന്റെ വിശേഷങ്ങള്‍ ജോണ്‍സണ്‍ തങ്കച്ചന്‍ പങ്കുവയ്ക്കുന്നു...
കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ എവിടെവരെയായി? പ്രധാന പരിപാടികള്‍?
2024 ജൂലൈ 18 മുതല്‍ 20 വരെ വാഷിംഗ്ടണ്‍ ഡിസിയിലെ ഏറ്റവും വലിയ ഹോട്ടല്‍ സമുച്ചയമായ നോര്‍ത്ത് ബേതസ്ഥേ മൗണ്ട് ഗോമറി കൗണ്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനാ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ചരിത്രം തിരുത്തിക്കുറിക്കും. 360 റൂമുകളിലായി 1500 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കഴിഞ്ഞ തവണ 150 റൂമുകള്‍ ആയിരുന്ന സ്ഥാനത്താണിത്. അതിനേക്കാള്‍ ഇരട്ടി വലിപ്പമുള്ള മുറികളാണ് താമസിക്കാന്‍ സജ്ജമാക്കിയിട്ടുള്ളത്. 2000 പേരെങ്കിലും പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.
മുന്‍കാലങ്ങളില്‍ നാട്ടില്‍ നിന്നുള്ളവരുടെ കലാപരിപാടികളാണ് കൂടുതലായും ഉള്‍പ്പെടുത്തിയിരുന്നത്. ഇവിടത്തെ യുവതലമുറയെ ആകര്‍ഷിക്കാനും അവരിലെ പ്രതിഭ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അമേരിക്കയിലുള്ളവരുടെ പരിപാടികള്‍ ഇത്തവണ കൂടുതലായി ചേര്‍ത്തിട്ടുണ്ട്.യുവജനങ്ങള്‍ക്ക് മാത്രമല്ല,വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന മികച്ച വേദിയായിരിക്കും ഈ കണ്‍വന്‍ഷന്‍.കണ്‍വന്‍ഷന്‍ പ്രതിനിധികള്‍ക്കായുള്ള ഹോട്ടല്‍ മുറികളുടെ ബുക്കിങ് അവസാനിച്ചു.
സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പത്ത് സാഹിത്യകാരന്മാര്‍ക്ക് അവാര്‍ഡ് നല്‍കുന്നുണ്ട്. മിസ് ഫൊക്കാന,മലയാളി മങ്ക എന്നീ സുന്ദരികളെ കണ്ടെത്തുന്നതാണ് മറ്റൊരു പ്രധാന പരിപാടി.ടാലെന്റ് കോംപെറ്റിഷന്‍,സ്‌പെല്ലിങ് ബീ കോംപെറ്റിഷന്‍,ഇന്‍ഡോര്‍ ഗെയിം കോംപെറ്റിഷന്‍സ് എന്നിവയാണ് മറ്റു ഹൈലൈറ്റ്സ്. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി,ജോണ്‍ ബ്രിട്ടാസ്,മുകേഷ്,മുരുകന്‍ കാട്ടാക്കട എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയുള്ള മ്യൂസിക്കല്‍ മെഗാ ഇവന്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വിവേകാനന്ദനും സംഘവും അവതരിപ്പിക്കും. ടെലിവിഷന്‍ താരം അനീഷ് രവിയുടെ പരിപാടിയും ഉണ്ടായിരിക്കും. ഡോ.എം.വി.പിള്ള (ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്), മുരുകന്‍ കാട്ടാക്കട (സാഹിത്യ രംഗത്തെ സമഗ്ര സംഭാവന),ജോസ് കാടാപുറം (വിഷ്വല്‍ മീഡിയ), ജോസ് കണിയാലി (പ്രിന്റ് മീഡിയ) എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.
യുവാക്കളെ ആകര്‍ഷിക്കാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ട്?
ഫൊക്കാനയുടെ നേതൃത്വത്തിലേക്ക് യുവാക്കളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുഖ്യധാര രാഷ്ട്രീയത്തിലേക്ക് അവരെ കൈപിടിച്ചുകയറ്റുന്നതിനും ഈ കണ്‍വന്‍ഷന്‍ വഴിയൊരുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,റോബോട്ടിക് പോലെ യുവാക്കള്‍ക്ക് താല്പര്യമുള്ള വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടായിരിക്കും. ഒരു പ്രസംഗത്തിന് 75 -100,000 ഡോളര്‍ ചാര്‍ജ് ചെയ്യുന്ന മാര്‍ക്ക് എ.കലാബ്രിയയാണ് ഓണ്‍ട്രെപ്രേണര്‍ ഇവന്റിലെ മുഖ്യ പ്രഭാഷകന്‍. കോവിഡ് പ്രതിസന്ധിക്കിടയിലും അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ പിടിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് അദ്ദേഹം. ഫൊക്കാന പ്രസിഡന്റിന് അമേരിക്കന്‍ രാഷ്ട്രീയത്തിലുള്ള സ്വാധീനം കൊണ്ടാണ് ഇതൊക്കെ സാധ്യമായത്.സെനറ്റര്‍ രാജകൃഷ്ണമൂര്‍ത്തിയും പങ്കെടുക്കും.
ഇത്തവണത്തെ കണ്‍വന്‍ഷനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍?
കൃത്യമായ കാഴ്ചപ്പാടും പദ്ധതികള്‍ നടപ്പാക്കാനുള്ള വേഗതയും ഇത്തവണത്തെ ഫൊക്കാന ഭരണസമിതിയുടെ പ്രതിച്ഛായ ഉയര്‍ത്തിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേതുപോലെ തന്നെ കണ്‍വന്‍ഷനിലും ടീം വര്‍ക്ക് കൊണ്ട് മികവ് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്.
അമേരിക്കയില്‍ രാഷ്ട്രീയ രംഗത്ത് തിളങ്ങി നില്‍ക്കുന്ന മലയാളി വ്യക്തിത്വങ്ങളുടെ സംഗമം, ബിസിനസ്സ് മീറ്റ്, ആഗോള പത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാര്‍, നഴ്‌സസ് സെമിനാര്‍ ,വിമന്‍സ് ഫോറം സെമിനാര്‍, സാഹിത്യ സെമിനാറും സാഹിത്യ പുരസ്‌കാര വിതരണവും , യുവതി യുവാക്കളുടെ സംഗമവും ടാലന്റ് മത്സരങ്ങളും, അമേരിക്കന്‍ മലയാളി പ്രതിഭകളുടെ കലാവിരുന്നുകള്‍ തുടങ്ങിയ പരിപാടികള്‍ കണ്‍വന്‍ഷനെ വേറിട്ടുനിര്‍ത്തും. എം. പിമാര്‍, എം.എല്‍.എ മാര്‍, സാംസ്‌കാരിക നായകന്മാര്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങി പ്രഗത്ഭരുടെ നിര വേദിയുടെ പകിട്ടുകൂട്ടുമെന്നതില്‍ സംശയമില്ല.
സമയബന്ധിതമായി മികവാര്‍ന്ന പ്രോഗാമുകള്‍ കൊണ്ട് കണ്‍വന്‍ഷന്‍ സമ്പുഷ്ടമാക്കാന്‍ ഞങ്ങള്‍ ഓരോരുത്തരും അഹോരാത്രം പണിപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസവും സാഹിത്യ സമ്മേളനം ഉണ്ടായിരിക്കും. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് സംവദിക്കാനും തങ്ങളുടെ സൃഷ്ടികള്‍ പരിചയപ്പെടുത്താനും ഇതൊരു വേദിയാകും.
ഒന്നര വര്‍ഷം മുന്‍പ് കണ്‍വന്‍ഷന്‍ നടക്കേണ്ട ഹോട്ടല്‍ ബുക്ക് ചെയ്തു. 700,000 ഡോളര്‍ ബജറ്റ് നിശ്ചയിച്ചാണ് ഒരുക്കങ്ങള്‍ നടത്തിയത്.ആദ്യ രജിസ്ട്രേഷന്‍ എട്ടുമാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. ഒരു പ്രൈവറ്റ് ഇവന്റ് നടത്തുന്നതുപോലെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.രജിസ്റ്റര്‍ ചെയ്ത ഓരോരുത്തരെയും വിളിച്ച് ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ അവരുടെ താല്പര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിളമ്പുന്നതെന്തും കഴിച്ചിട്ട് പോകുന്നതിനുപകരം ഓരോ അതിഥിയും തങ്ങളുടെ ഇഷ്ടഭക്ഷണം സംതൃപ്തിയോടെ കഴിച്ച് സംതൃപ്തിയോടെ മടങ്ങണം. ടിക്കറ്റിലൂടെയും സ്പോണ്‍സര്‍മാരില്‍ നിന്നും പിരിച്ചുകിട്ടിയത് അതിന്റെ നാല്പത് ശതമാനത്തിനടുത്ത് മാത്രമാണ്. വിട്ടുവീഴ്ചകള്‍ നടത്തി ബജറ്റ് ചുരുക്കിയിരുന്നെങ്കില്‍ മനസ്സില്‍ കണ്ട കണ്‍വന്‍ഷന്‍ സാധ്യമാകുമായിരുന്നില്ല.
ഗോള്‍ഡന്‍ സ്‌പോണ്‍സര്‍ സ്ഥാനം ഏറ്റെടുത്ത് ഫൊക്കാന പ്രസിഡന്റ് നേരിട്ട് ബജറ്റിന്റെ അറുപതുശതമാനം തന്നതുകൊണ്ടാണ് പ്രതീക്ഷയ്ക്ക് അനുസരിച്ചോ അതിനേക്കാള്‍ മികവോടെയോ കാര്യങ്ങള്‍ നടത്താന്‍ സാധിച്ചത്. രണ്ടു വിഭവങ്ങളുടെ സ്ഥാനത്ത് എല്ലാവരും ഒന്ന് മതിയെന്ന് വയ്ക്കുമ്പോള്‍ നാലെണ്ണം കൊടുക്കാനുള്ള മനസ്സ് പ്രസിഡന്റ് കാണിച്ചിട്ടുണ്ട്.ബാബു സ്റ്റീഫന്റെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനം പരിപൂര്‍ണമായും പാലിക്കപ്പെടുകയാണ്.ഒരു കുടുംബത്തിന് ആയിരം ഡോളറില്‍ താഴെ മുടക്കി കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാകും എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഡബിള്‍ എന്‍ട്രിക്ക് 699 ഡോളര്‍ മതി.ഈ തുകയ്ക്ക് സത്യത്തില്‍ ഭക്ഷണം പോലും നല്‍കാന്‍ കഴിയില്ല.വാഷിംഗ്ടണ്‍ ഡിസി യില്‍ വന്ന് തലസ്ഥാനത്തിന്റെ ഭംഗിയും ആമ്പിയന്‍സും ആസ്വദിക്കാനും അമേരിക്കന്‍ മലയാളികള്‍ക്ക് ഇതിലും നല്ല അവസരമുണ്ടാകില്ല. ഏതൊരു കണ്‍വന്‍ഷനിലും അതിന്റെ ചെയര്‍മാന്‍ നേരിടുന്ന പ്രധാന വെല്ലുവിളി സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ടാണ്. ഇവിടെ ആ ഒരു പ്രശ്‌നമേ വന്നില്ല.പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുക എന്നുള്ള നിഷ്‌കര്‍ഷയോടെയാണ് പ്രസിഡന്റ് കൂടെ നില്‍ക്കുന്നത്.
ഭരണസമിതിയുടെ പിന്തുണ?
ഭരണസമിതിയിലെ ഓരോ അംഗങ്ങളുടെയും പിന്തുണ പ്രശംസനീയമാണ്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മഹോത്സവമാക്കി ഈ ഫൊക്കാനാ കണ്‍വന്‍ഷന്‍ മാറ്റുന്നതിന് നിര്‍ലോപമായ പിന്തുണയാണ് സംഘടനയുടെ എല്ലാമെല്ലാമായ പ്രസിഡന്റ് ബാബു സ്റ്റീഫന്‍ നല്‍കിവരുന്നത്. പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്റെ നിശ്ചയദാര്‍ഢ്യവും, ജനറല്‍ സെക്രട്ടറി ഡോ. കല ഷഹിയുടെ സാംസ്‌കാരിക കലാ നേതൃത്വവും , ട്രഷറര്‍ ബിജു കൊട്ടാരക്കരയുടെ സംഘാടന മികവും കണ്‍വന്‍ഷന്‍ നടത്തിപ്പിന് ലഭിച്ച സ്വാതന്ത്ര്യവും കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ സുഗമമാക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല.