Image

12 ഇന പരിപാടികളുമായി തോമസ് ടി ഉമ്മന്റെ 'ടീം ഫോമാ' വിജയ തീരത്തേയ്ക്ക്

എ.എസ് ശ്രീകുമാര്‍ Published on 16 July, 2024
 12 ഇന പരിപാടികളുമായി തോമസ് ടി ഉമ്മന്റെ 'ടീം ഫോമാ' വിജയ തീരത്തേയ്ക്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സംഘടനകളെ ഐക്യച്ചരടില്‍ ബന്ധിപ്പിക്കുന്ന ഫോമായ്ക്ക് പുത്തന്‍ മുഖഛായ നല്‍കുന്ന നൂതന പദ്ധതികളും നയപരിപാടികളുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തോമസ് ടി ഉമ്മന്റെ നേതൃത്വത്തിലുള്ള 'ടീം ഫോമാ' വിജയതീരത്തേയ്ക്കടുക്കുന്നു. വര്‍ഷങ്ങളിലൂടെ ആര്‍ജിച്ച പ്രവര്‍ത്തന പരിചയവും ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവും കൈമുതലായിട്ടുള്ള ടീം ഫോമാ, സംഘടനയുടെ ജനകീയ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം മികവോടു കൂടി തുടരുമെന്നും അതോടൊപ്പം ജനപക്ഷമുഖമുള്ള  നൂതനമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്നും ഫോമാ 2024-26 ഭരണസമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന 'ടീം ഫോമാ' പാനല്‍ അംഗങ്ങള്‍ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സമാനതകളില്ലാത്ത 12 ഇന പരിപാടികളുമായാണ് 'ടീം ഫോമാ' ജനവിധി തേടുന്നത്. അത് ഇപ്രകാരമാണ്.

1. മുന്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ആസ്ഥാന ബില്‍ഡിംഗ് കമ്മറ്റി: മിച്ചം തുക കമ്മറ്റിയെ ഏല്‍പ്പിക്കും.
2. വനിതാ സംരംഭകരുടെ അന്തര്‍ദേശീയ സംഗമം
3. മലയാളി ടെക്നോളജി സമ്മിറ്റ്: സിലിക്കോണ്‍ വാലി
4. നാടക, സിനിമാ കലാകാരന്മാരുടെ ക്യാമ്പ്: ഹോളിവുഡ്
5. യുവജനതയ്ക്കായി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: ഫെഡറല്‍, സ്റ്റേറ്റ് തലങ്ങളിലും വന്‍കിട കോര്‍പ്പറേഷനുകളിലും
6. ഒരു മില്ല്യണ്‍ ഡോളറിന്റെ ചാരിറ്റി പദ്ധതി: ഇന്ത്യയ്ക്കും അമേരിക്കയ്ക്കും തുല്യ പ്രാധാന്യം
7. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്-അമേരിക്കയിലും ഇന്ത്യയിലും
8. ഇരട്ട പൗരത്വത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം, അതിനായി ഗ്ലോബല്‍ ഇനീഷ്യേറ്റീവ്
9. പ്രൊഫഷണലുകളുടെ ആഗോള സംഗമം
10. വിമന്‍സ് ഫോറവും നേഴ്സസ് ഫോറവും സീനിയര്‍ ഫോറവും ശക്തിപ്പെടുത്തും
11. പുതുതലമുറയ്ക്കായി ജൂനിയര്‍ ഫോറം ശക്തമാക്കും
12. ഫോമായുടെ ഭവന സഹായ പദ്ധതിയുള്‍പ്പെടെയുള്ള വിജയകരമായ കര്‍മ്മപരിപാടികള്‍ തുടരും.

ഫോമായെന്ന ബൃഹത് സംഘടനയ്ക്ക് ഒരു ആസ്ഥാന ഓഫീസ് കെട്ടിടം 'ടീം ഫോമാ' വിഭാവനം ചെയ്യുന്നുണ്ട്. തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുമെന്ന് തോമസ് ടി ഉമ്മന്‍ വ്യക്തമാക്കി. ''അമേരിക്കയിലെ ബഹുഭൂരിപക്ഷം മലയാളി സംഘടനകളെ ഒരു കുടയുടെ തണലില്‍ ഒരുമിപ്പിക്കുന്ന ഏറ്റവും വലിയ ഫെഡറേഷനായ ഫോമായ്ക്ക് സ്വന്തമായി ഒരു ഔദ്യോഗിക കെട്ടിടം യാഥാര്‍ത്ഥ്യമാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വൈകിപ്പോയ ആ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് ഭാവിയില്‍ ആ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനെപ്പറ്റി ഗൗരവത്തോടെ ആലോചിക്കുന്നത്...'' തോമസ് ടി ഉമ്മന്‍ പറഞ്ഞു.

അശരണരുടെയും ആലംബഹീനരുടെയും ആവശ്യമറിഞ്ഞ് അടിയന്തിര സഹായമെത്തിക്കുന്ന, കൈയ്യൊപ്പ് ചാര്‍ത്തിയ 'ഹെല്‍പ്പിങ് ഹാന്‍ഡ്സ്', മില്യണ്‍ ഡോളറിന്റെ അതിവിപുലമായ ജീവകാരുണ്യ പദ്ധതിയാക്കി മാറ്റുകയും ചെയ്യും. പദ്ധതിയില്‍ പതിനായിരം അംഗങ്ങളെ ചേര്‍ത്ത് ഓരോരുത്തരില്‍ നിന്നും 100 ഡോളര്‍ വീതം സമാഹരിച്ചുകൊണ്ടാണ് മില്യണ്‍ ഡോളര്‍ ഹെല്‍പ്പിങ്ങ് ഹാന്‍ഡ്സ് പദ്ധതി നടപ്പാക്കുക.

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് അമേരിക്കന്‍ മലയാളി വനിതാ സംരംഭകരെ അണിനിരത്തിക്കൊണ്ടുള്ളതാണ് ആഗോള വനിതാ സംഗമം. ഡ്യുവല്‍ സിറ്റിസണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായുള്ള കൂടിക്കാഴ്ചയും ചര്‍ച്ചകളുമടങ്ങുന്നതാണ് ഗ്ലോബല്‍ ഇനിഷ്യേറ്റീവ്. അമേരിക്കയിലെ ഭരണസിരാ കേന്ദ്രങ്ങളിലേയ്ക്ക് യുവജനങ്ങളെ കൂടുതലായി എത്തിക്കുന്ന പദ്ധതിയാണ് ഇന്റേണ്‍ഷിപ്പ്.

അംഗസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനുവേണ്ടിയുള്ള ടൗണ്‍ മീറ്റിങ്ങുകള്‍ ഉള്‍പ്പെടെയുള്ളവയാണ് അമേരിക്കന്‍ മലയാളികളുടെയും ഫോമായുടെ അംഗസംഘടനകളുടെയും പൂര്‍ണ പിന്തുണയോടെ വിജയത്തിലേയ്ക്ക് കുതിക്കുന്ന ടീം ഫോമാ അമേരിക്കന്‍ മലയാളികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്ന ഭാവനാപൂര്‍ണമായ കര്‍മ്മ പരിപാടികള്‍. 12 ഇന പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കാനാണ് പ്ലാന്‍. ഫോമായെ ആഗോള തലത്തില്‍ അറിയപ്പെടുന്ന സംഘടനയാക്കി മാറ്റുകയാണ് ടീം ഫോമായുടെ ആത്യന്തിക ലക്ഷ്യം.

അംഗസംഘടനകളെയും റീജിയനുകളെയും അമേരിക്കന്‍ മലയാളി സമൂഹത്തെയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് ടീം ഫോമാ കുതിപ്പ് തുടരുന്നത്. അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഊര്‍ജ്വസ്വലനായ സംഘടനാ നേതാവ് തോമസ് ടി ഉമ്മന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിട്ടുള്ള 'ടീം ഫോമാ' പാനലില്‍ സാമുവേല്‍ മത്തായി (ജനറല്‍ സെക്രട്ടറി), ബിനൂബ് ശ്രീധരന്‍ (ട്രഷറര്‍), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ്), ഡോ. പ്രിന്‍സ് നെച്ചിക്കാട്ട് ഡി.ബി.എ (ജോയിന്റ് സെക്രട്ടറി), അമ്പിളി സജിമോന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക