Image

പരിചയ സമ്പത്തുമായി ഷാജു സാം ഫൊക്കാന എക്സി. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക്

മാത്യുക്കുട്ടി ഈശോ Published on 18 July, 2024
പരിചയ സമ്പത്തുമായി ഷാജു സാം ഫൊക്കാന എക്സി.  വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക്

ന്യൂയോർക്ക്: ഫൊക്കാന കൺവൻഷന്റെ കേളികൊട്ട് ഉയരുമ്പോൾ   തികഞ്ഞ വിജയപ്രതീക്ഷയും ആത്‌മവിശ്വാസവുമായി  ഫൊക്കാനാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സ്ഥാനാർഥി ഷാജു സാം.  

അഞ്ചു പതിറ്റാണ്ടുകളുടെ സംഘടനാ നേതൃപരിചയമുള്ള ഷാജു സാം  സ്‌കൂളിൽ ബാലജനസഖ്യത്തിലും  പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ  കെ.എസ്.യു-വിലും നേതാവായി. വൈകാതെ  1984-ൽ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊത്ത് അമേരിക്കയിലേക്ക് കുടിയേറി . അക്കാലത്ത് ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റി ക്വീൻസ് കോളേജിൽ അക്കൗണ്ടിംഗിൽ ബിരുദത്തിനു പഠിക്കുന്നതോടൊപ്പം കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂഡയോർക്കിൽ ചേർന്ന് സംഘടനാ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതനായി. 1987-ൽ കേരളാ സമാജത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ച ഷാജു 1994-ൽ കേരളാ സമാജം പ്രസിഡന്റായി സമാജത്തെ ഉന്നതികളിലേക്കെത്തിച്ചു.

സാമൂഹിക സേവന തല്പരതയും നേതൃ പാടവവും കണക്കിലെടുത്ത് 2001-ൽ കേരളാ സമാജത്തിൽ വീണ്ടും സെക്രട്ടറി ആയും 2017-ൽ വീണ്ടും സമാജം പ്രസിഡന്റായും ഷാജു തെരഞ്ഞെടുക്കപ്പെട്ടു.  2012-ലും കേരളാ സമാജത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ച 2022-ലും രണ്ടു തവണ സമാജം ട്രസ്റ്റീ ബോർഡ് ചെയർമാനായി സ്തുത്യർഹമായ സേവനം ചെയ്തു.

ക്വീൻസ് കോളേജിൽ നിന്നും അക്കൗണ്ടിംഗിൽ ബിരുദം കരസ്ഥമാക്കിയ ശേഷം ബ്രൂക്കിലിനിലുള്ള ലോങ്ങ് ഐലൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ടാക്‌സേഷനിൽ മാസ്റ്റേഴ്സ് നേടിയ ഷാജു സ്വന്തമായി ടാക്സ് പ്രാക്ടീസിങ് സ്ഥാപനം  നടത്തി വരുന്നു. അതോടോപ്പം വാൾ സ്ട്രീറ്റ് ഇന്റർനാഷണൽ ലോ സ്ഥാപനത്തിൽ ടാക്സ് കൺട്രോളറായി ജോലിയും ചെയ്യുന്നു. ഈ തിരക്കിനിടയിലും സാമൂഹിക, സംഘടനാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റ് പല സംഘടനകളുടെ ഔദ്യോഗിക സ്ഥാനങ്ങളിലും സേവനം ചെയ്തു വരുന്നു. വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിന്റെ അമേരിക്കൻ ഏരിയാ പ്രസിഡൻറ് എന്ന നിലയിൽ സ്തുത്യർഹമായി   പ്രവൃത്തിച്ച് പ്രാദേശിക അമേരിക്കൻ  നേതാക്കളുടെ വരെ പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ്  ഷാജു. സ്ഥിരോത്സാഹവും സേവന തല്പരതയും സൗമ്യമായ ഇടപെടലും എല്ലാവരുമായും സഹകരിച്ചും എല്ലാവരുമായി സൗഹൃദം പങ്കു വച്ചും നേതൃത്വ സ്ഥാനം കൈകാര്യം ചെയ്യുവാൻ പ്രത്യേക കഴിവുള്ള ഷാജു ഫൊക്കാനയ്ക്ക് എന്നും ഒരു മുതൽക്കൂട്ടായിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ടാ.

ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയുടെ നിലവിലെ വൈസ് പ്രസിഡൻറ്,  മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസന മുൻ അസംബ്ലി അംഗം, ഭദ്രാസന മുൻ ധനകാര്യ ഉപദേശക സമിതി  അംഗം, മാർത്തോമ്മാ യുവജന സഖ്യം നാഷണൽ  കോൺഫറൻസ് ജനറൽ കൺവീനർ, സെൻറ്  തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ മുൻ ട്രഷറർ, ലോങ്ങ് ഐലൻഡ്  വൈസ്‌മെൻ ക്ളബ്ബിന്റെ  സ്ഥാപക പ്രസിഡൻറ്, വൈസ്‌മെൻ നോർത്ത് അറ്റ്ലാന്റിക് റീജിയണൽ ഡയറക്ടർ എന്നിങ്ങനെ സഭാപരമായും സംഘടനാനപരമായും  വിവിധ സ്ഥാനങ്ങൾ  അനായാസം പ്രശംസനീയമായി കൈകാര്യം  ചെയ്തിട്ടുള്ളതും ഷാജുവിന്റെ പ്രവർത്തിപഥത്തിലെ  വിവിധ ഏടുകളാണ്.  നല്ലൊരു വോളീബോൾ കളിക്കാരനായിരുന്ന ഷാജു ന്യൂയോർക്ക് സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റും മെയ് മാസം ന്യൂയോർക്ക് ക്വീൻസ് കോളേജിൽ വച്ച് വിജയപ്രദമായി നടത്തിയ 34-മത്  ജിമ്മി ജോർജ് വോളീബോൾ ടൂർണമെന്റിന്റെ മുഖ്യ സംഘടകനുമായിരുന്നു.

ഫൊക്കാനാ പ്രസിഡണ്ടായി  മത്സരിക്കുന്ന കലാ ഷാഹിയുടെ   ലെഗസി ടീം അംഗമായ ഷാജു സാമിനെ   തെരഞ്ഞെടുത്താൽ ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾ ശക്തമായ കരങ്ങളിൽ ഏൽപ്പിച്ചു എന്ന് എല്ലാ അംഗ സംഘടനാ പ്രതിനിധികൾക്കും എന്നും അഭിമാനിക്കാം.   പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ഷാജു സാമിനെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി തങ്ങളുടെ മനസ്സിനുള്ളിൽ അരക്കിട്ടുറപ്പിച്ച് വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക