Image

ഫൊക്കാന ഇലക്ഷൻ, കടുത്ത വാശിക്ക് പുറമെ ഏറെ ആശങ്കയും

Published on 18 July, 2024
ഫൊക്കാന ഇലക്ഷൻ, കടുത്ത വാശിക്ക് പുറമെ  ഏറെ ആശങ്കയും

ഫൊക്കാനയിൽ ഏറ്റവും വാശിയും 'വൈരാഗ്യ'വും നിറഞ്ഞ തെരെഞ്ഞെടുപ്പ് നാളെ (വെള്ളി) നടക്കുകയാണ്. തെരെഞ്ഞെടുപ്പ് എങ്ങനെ ആകും, അത് നടക്കുമോ  എന്ന് തുടങ്ങിയ ആശങ്കയിലാണ് ഒരു വിഭാഗം പേർ.

അകെ  650 -നു അടുത്ത ഡെലിഗേറ്റുകളാണ് വോട്ട് ചെയ്യാനുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു പേർ  അടക്കം  81 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. എതിരില്ലാതെ ഏതാനും പേർ  വിജയിച്ചിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനത്തേക്കാണ് കടുത്ത മത്സരം. മുതിർന്ന നേതാവ് ലീലാ മാരേട്ട്,  മുൻ ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, ഇപ്പോഴത്തെ സെക്രട്ടറി ഡോ. കല  ഷാഹി എന്നിവർ.  മൂവരും അവകാശപ്പെടുന്ന  ഒന്നുണ്ട്. താനും തന്റെ പാനലും  ജയിക്കും. ജയിക്കാനാവശ്യമായ 320 വോട്ട് എണ്ണി  പിടിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. ആ കണക്ക് ശരിയാകണമെങ്കിൽ ഡെലിഗേറ്റ് ലിസ്റ്റിൽ ഒരു ആയിരം പേരെങ്കിലും ഉണ്ടായിരിക്കണം.

ഇത് പോലെ വൈരാഗ്യത്തോടെയുള്ള ഒരു ഇലക്ഷൻ കഴിഞ്ഞപ്പോഴാണ് 2006 -ൽ ഫോമാ ഉണ്ടായതെന്ന ചരിത്രം അറിയാവുന്നവർ അത് മറക്കുന്നില്ല.

എന്തായാലും മൂന്ന് സ്ഥാനാര്ഥികൾക്കും   അവരുടേതായ യോഗ്യതകളുണ്ട്. പറയത്തക്ക അയോഗ്യത ഒട്ടുമില്ലതാനും. അപ്പോൾ പിന്നെ ആർക്കു വോട്ടു ചെയ്യുമെന്നത്  കൺഫ്യുഷനായി. സംഘടനക്കും സമൂഹത്തിനും വേണ്ടി  ഏറ്റവും കൂടുതൽ  പ്രവർത്തിക്കാൻ പോകുന്നത് ആരായിയിരിക്കും എന്ന്  വിലയിരുത്തി വോട്ട് ചെയ്യുക മാത്രമേ കരണീയമായിട്ടുള്ളു .

ജയസാധ്യത കുറവുള്ളവർ ജനറൽ ബോഡിയിൽ പ്രശ്നങ്ങളുണ്ടാക്കും എന്ന ശ്രുതി പരക്കുന്നുണ്ട്. അതിനായി തയ്യാറെടുത്താണ്  അവർ വന്നിരിക്കുന്നത്  എന്നും പറയുന്നു. എങ്കിൽ ഏറ്റവും നിന്ദ്യമായ ഒരു കാര്യമായിരിക്കും അത്. ഫൊക്കാനയും ഫോമയും ഒക്കെ സൗഹൃദ സംഘടനകളാണ്. അവിടെ പറഞ്ഞു തീർക്കാൻ പറ്റാത്തത്ര വലിയ പ്രശ്നങ്ങൾ ഉണ്ടാവാൻ പാടില്ല. അതുപോലെ കോടതി കയറി വർഷങ്ങളും നാട്ടുകാരുടെ പണവും തുലക്കുന്ന  സ്ഥിതിവിശേഷവും ആശാസ്യമല്ല.

കഴിഞ്ഞ തവണ എത്ര സംഘടനകൾ ഉണ്ടായിരുന്നു അവക്ക് എത്ര ഡെലിഗേറ്റ് ഉണ്ടായിരുന്നു എന്ന് നോക്കുമ്പോൾ തന്നെ കാര്യങ്ങൾ ഏകദേശം  അറിയാം. അതിനപ്പുറം  ആരോപണങ്ങൾ ഉന്നയിക്കുന്നവർ അത് ശരിയോ എന്ന്  ഒന്ന് കൂടി സ്വയം ചോദിക്കണം.

നാല്പ‌തു വർഷത്തെ ഫൊക്കാന ചരിത്രത്തിലെ ഏറ്റവും വലിയ തെരെഞ്ഞെടുപ്പാണ് 2024 ലെ വാഷിംഗ്ടൻ കൺവെൻഷനിൽ നടക്കുന്നത്.

ആകെ 14  സ്ഥാനങ്ങളിലേക്ക് സ്ഥാനാർഥികളായി 81 പേർ . ഇതിൽ  8 ആർ.വി.പി. മാർക്ക് എതിരില്ല. രണ്ട് ഓഡിറ്റർമാർക്കും  എതിരില്ല. കാനഡയിൽ നിന്നുള്ള യൂത്ത്  പ്രതിനിധികൾക്കും മത്സരമില്ല.   റീജിയൻ 2 (മെട്രോ), 4 (ന്യു  ജേഴ്‌സി), 5 (പെൻസിൽവേനിയ), 14 (ഒന്റാറിയയോ) എന്നിടങ്ങളിലാണ് ആർ.വി.പി. മാർക്ക് മത്സരമുള്ളത്.

ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിഗിൽ കൂടിയാണ് ഫോകാനാ ഇക്കുറി തെരഞ്ഞെടുപ്പു നടത്തുന്നത്. എങ്കിലും ഡെലിഗേറ്റുകൾക്ക് ബാലറ്റ് നൽകും. അതിൽ വോട്ട് ചെയ്ത ശേഷം യന്ത്രത്തിൽ സ്കാൻ ചെയ്യും. അമേരിക്കയിലെ തെരഞ്ഞെടുപ്പിന്റെ അതെ മാതൃക. എല്ലാ ബാലറ്റും സ്കാൻ ചെയ്‌താൽ അര  മണിക്കൂറിനകം ഫലം വരും. മെരിലാന്റിലെ ഒരു കമ്പനിയെ ആണ് ഇതിനു ചുമതലപ്പെടുത്തിയത്.

വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ജനറൽ കൗൺസിലിനു ശേഷം 10 മണിക്കാണ് തെരഞ്ഞെടുപ്പു   തുടങ്ങുന്നത്. 3 മണി വരെ വോട്ടു ചെയ്യാവുന്നതാണ്. അപ്പോൾ വരെ ലൈനിലുള്ള എല്ലാവർക്കും വോട്ടുചെയ്യാം.
വോട്ടവകാശം ഉള്ള ഓരോ ഡെലിഗേറ്റിനും മതിയായ വെരിഫിക്കേഷനു ശേഷം
വോട്ടിങ് കമ്പനി ബാലറ്റ് പേപ്പർ പ്രിന്റ് ചെയ്‌തു നൽകും.

മത്സരാർത്ഥികളുടെ പ്രതിനിധികൾക്ക് ഇലക്ഷൻ പ്രക്രീയ പൂർണമായും വീക്ഷിക്കാൻ അവസരമുണ്ടായിരിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക