മെരിലാന്‍ഡ്: കലയും സാഹിത്യവും ആഹ്ലാദ പ്രകടനങ്ങളും സമ്പന്നമാക്കിയ മൂന്നുദിനരാത്രങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഫൊക്കാന കണ്‍വന്‍ഷന് കൊടിയിറങ്ങി. ഫൊക്കാന ചരിത്രത്തിലെ ഏറ്റവും വലിയ ഇലക്ഷനും അധികാര മാറ്റത്തിനും കണ്‍വന്‍ഷന്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു. പങ്കെടുത്തവര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ പകര്‍ന്നു നല്‍കുകയും സൗഹൃദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ആഘോഷത്തിന് വിട.
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഫ്രാന്‍സീസ് ജോര്‍ജ് എം.പിയില്‍ നിന്നു ഏറ്റുവാങ്ങിയ ഡോ. എം.വി. പിള്ളയും, സമ്മേളനവും ഇലക്ഷനും അലോരസമില്ലാതെ നടന്നതില്‍ അഭിനന്ദനം രേഖപ്പെടുത്തി. ഈ തെരഞ്ഞെടുപ്പ് യുവതലമുറയ്ക്ക് അലങ്കാരമാണ്.
1983-ല്‍ ഫൊക്കാന വാഷിംഗ്ടണ്‍ ഡിസിയില്‍ ആരംഭിച്ചപ്പോള്‍ പങ്കെടുക്കാന്‍ തനിക്ക് കഴിഞ്ഞു. അമ്മ മലയാളത്തിന്റെ കയ്യൊപ്പുമായി അംബാസിഡര്‍ കെ.ആര്‍. നാരായണനാണ് അന്ന് അതിനു തുടക്കം കുറിച്ചത്.
അടുത്ത സമ്മേളനം സാഹിത്യത്തിന് പ്രാധാന്യം നല്‍കുന്ന വേദിയായി. പത്മ അവാര്‍ഡുകള്‍ ലഭിച്ച ഒ.എന്‍.വി, എം.ടി, സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി എന്നിവരും കാക്കനാടനും പങ്കെടുത്തു.
ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിയെപ്പറ്റി പറയുമ്പോള്‍ ഡോ. പാര്‍ത്ഥസാരഥി പിള്ള, യശശ്ശരീരനായ സണ്ണി വൈക്ലിഫ്, പിന്നീട് വന്ന പ്രസിഡന്റുമാര്‍, അച്ചടി മാധ്യമങ്ങള്‍ എന്നിവരെയൊക്കെ ഓര്‍ക്കുന്നു. കേരളത്തില്‍ കലാകൗമുദി എഡിറ്റര്‍ എന്‍.ആര്‍.എസ് ബാബു, എ.എ റഷീദ്, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ എന്നിവരേയും.
കഴിഞ്ഞകൊല്ലം യൂണിവേഴ്‌സിറ്റിയില്‍ അവാര്‍ഡ് നേടിയവർ ഭാഷയ്‌ക്കൊരു ഡോളറിനെപ്പറ്റി പരാമര്‍ശിച്ചത് അഭിമാനമായി തോന്നി.
ഇന്നിപ്പോൾ ഈ സംഘടന കൂടുതല്‍ രാഷ്ട്രീയ നേട്ടങ്ങളാണ് ലക്ഷ്യമിടുന്നത്. അതിനു ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ശ്രമം അഭിനന്ദനാര്‍ഹമാണ്. ബാബു സ്റ്റീഫന്റെ ശ്രമങ്ങള്‍ സഫലമാകട്ടെ.
'മാമക സ്‌നേഹം മൂകമായിരിക്കട്ടെ, ഭവാന്‍ ഊഹിച്ചാലുമില്ലെങ്കിലും' എന്നു കവി പാടിയ പോലെയുള്ള മനസ്ഥിതിയുള്ളവരാണ് പ്രവാസികള്‍. കേരളം ശ്രദ്ധിച്ചാലുമില്ലെങ്കിലും അവര്‍ നാടിനെ സ്‌നേഹിക്കുന്നു.
'വരും വരും ആ ദിനം എന്റെ നാടിന്റെ നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കുന്ന കാലം വരുമെന്ന്' മറ്റൊരു കവി പാടി. ബ്രിട്ടണില്‍ എംപിയായ സോജന്‍ ജോസഫും മറ്റും അതിന്റെ സൂചനകളാണ്. പല രാജ്യങ്ങളിലും മലയാളി ഉന്നത സ്ഥാനങ്ങളിലെത്തുന്നു.
ഫൊക്കാന ചരിത്രത്തിൽ ബാബു സ്റ്റീഫനും മുമ്പും പിമ്പും എന്ന് രേഖപ്പെടുത്തേണ്ടിവരും- അദ്ദേഹം പറഞ്ഞു.
മാധ്യമ അവാര്‍ഡ് നേടിയ ജോസ് കണിയാലി 90 മുതല്‍ ഫൊക്കാനയിലേക്ക് തന്നെ കൊണ്ടുവന്ന ഡോ. അനിരുദ്ധനും, മാധ്യമ രംഗത്ത് എത്തിച്ച കെ.എം. ഈപ്പനും നന്ദി പറഞ്ഞു. 2008-ല്‍ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൂടെ നിന്ന ടാജ് മാത്യു, ശിവന്‍ മുഹമ്മ, ബിജു കിഴക്കേക്കുറ്റ്, ബിജു സഖറിയ തുടങ്ങിയവര്‍ക്കും നന്ദി പറഞ്ഞു.
ഇത്രയധികം ഡെലിഗേറ്റുകള്‍ ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് സമാധാനുപരമായി നടന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
പണ്ടൊക്കെ ജൂലൈ 4 വാരാന്ത്യത്തിലായിരുന്നു ഫൊക്കാന കണ്‍വന്‍ഷന്‍. അവധി ദിനങ്ങളായ ആ ആഴ്ചയില്‍ നിന്ന് കണ്‍വന്‍ഷന്‍ മാറ്റാന്‍ പല നേതാക്കളോടും താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ശാപഗ്രസ്ഥമായ ജൂലൈ 4-ന് പകരം ജൂലൈ 18 -20 തീയതികളില്‍ കണ്‍വന്‍ഷന്‍ മാറ്റിയതിനു ബാബു സ്റ്റീഫനെ അഭിനന്ദിക്കുന്നു.
അതുപോലെ നാട്ടില്‍ നിന്നുള്ള അതിഥികളുടെ ബാഹുല്യവും ഇത്തവണ കാണുന്നില്ല. പഞ്ചായത്ത് മെമ്പര്‍ മുതല്‍ മന്ത്രി വരെ നേരത്തെ വന്നിരുന്നു. രണ്ടു വര്‍ഷം ഫൊക്കാനയ്ക്കുവേണ്ടി കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് വേദിക്കടത്തുപോലും വരാന്‍ അവസരം കിട്ടിയിരുന്നില്ല.
നിശ്ചയദാര്‍ഢ്യവും തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള കരുത്തുമുള്ള ബാബു സ്റ്റീഫന്റേയും, കണ്‍വന്‍ഷന്‍ ചെയര്‍ ജോണ്‍സണ്‍ തങ്കച്ചന്റേയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്-കണിയാലി പറഞ്ഞു.
വിഷ്വല്‍ മീഡിയ രംഗത്ത് അവാര്‍ഡ് ജേതാവായ ജോസ് കാടാപ്പുറം ഈ മതേതര സമ്മേളനം നമ്മെ കേരളുമായി കൂടുതല്‍ അടുപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി. കേരളത്തിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സഹായവുമായെത്തുന്ന സംഘടനകളില്‍ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനമുണ്ട്. നാട്ടില്‍ പ്രളയമുണ്ടായപ്പോള്‍ വലിയ തുക മുഖ്യമന്ത്രിയെ ഏല്‍പിച്ചത് ഫൊക്കാന പ്രസിഡന്റായ ബാബു സ്റ്റീഫനാണ്.
ലോക കേരള സഭയുടെ ന്യൂയോര്‍ക്ക് സമ്മേളനത്തിനും അദ്ദേഹം സ്‌പോണ്‍സറായി. കുവൈറ്റ് തീപിടുത്തത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടപ്പോഴും അദ്ദേഹം സഹായവുമായി എത്തി. കേരളത്തില്‍ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഫൊക്കാന അവിടെയെത്തും എന്നതാണ് ചരിത്രം-ജോസ് കാടാപ്പുറം പറഞ്ഞു.
കവി മുരുകൻ കാട്ടാക്കടക്ക് സാഹിത്യ അവാർഡ് അംബാസഡർ ടി.പി. ശ്രീനിവാസനും സമ്മാനിച്ചു.
കൺവൻഷൻ ചെയർ ജോൺസൺ തങ്കച്ചൻ സ്വാഗതവും ട്രഷറർ ബിജുജോൺ കൊട്ടാരക്കര നന്ദിയും പറഞ്ഞു