Image

ഫോമാ അംഗങ്ങളിൽ നിറഞ്ഞ സ്വാധീനവുമായി സാമുവൽ മത്തായി സെക്രട്ടറി സ്ഥാനത്തേക്ക്

Published on 23 July, 2024
ഫോമാ അംഗങ്ങളിൽ  നിറഞ്ഞ സ്വാധീനവുമായി സാമുവൽ മത്തായി സെക്രട്ടറി സ്ഥാനത്തേക്ക്

വിനയവും പ്രവർത്തന മികവും കൈമുതലായുള്ള  സാമുവൽ മത്തായി ഫോമാ ഇലക്ഷനിൽ നിലവിലുള്ള ജനറൽ സെക്രട്ടറി സ്ഥാനാർത്ഥികളെ ഏറെ ദൂരം പിന്തള്ളിയിരിക്കുകയാണ്. പൊള്ള വാഗ്ദാനങ്ങളുടെ പെരുമഴ കൊണ്ടല്ല,  പ്രഖ്യാപിച്ച കാര്യങ്ങളിലെ മെറിറ്റാണ് ഫോമാ പ്രവർത്തകരും വോട്ടർമാരും ഇപ്പോൾ ചർച്ച ചെയ്യുന്നത്.

വ്യക്തമായ കര്മപരിപാടികളുമായാണ് അദ്ദേഹം രംഗത്തു വന്നത്.

കലയിലും സാഹിത്യത്തിലും  രാജ്യത്തെ ദൈനംദിന രാഷ്ട്രീയ കാര്യങ്ങളിലും സിവിൽ സോഷ്യൽ സർവീസുകളിലും സജീവമായ ഇടപെടാൻ കഴിവുള്ള പുതുതലമുറ എന്ന മനോഹര ലക്ഷ്യത്തിൻ്റെ പിന്നാലെയാണ് സാമുവൽ മത്തായി.

അമേരിക്കൻ മലയാളി  യുവജനങ്ങളെ   മുഖ്യധാരാ രാഷ്ട്രീയത്തിൽ  നേതൃസ്ഥാനത്തേക്കുയർത്തുന്നതിനുള്ള പരിപാടികൾ   ആണ്  അതിൽ ഒന്ന്. അതിനായി നേതൃപരിശീലന പരിപാടികൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ച് യുവനേതൃനിരയെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും . അമേരിക്കയിൽ  താക്കോൽ സ്ഥാനങ്ങളിൽ മലയാളി യുവതയെ എത്തിക്കുന്നതിൽ സത്യത്തിൽ ഇപ്പോൾ ഇടപെടലുകൾ തീരെ കുറവാണ്. അത്  മാറണം.

യുവജനങ്ങളെ കലയിലും സാഹിത്യത്തിലും ആകൃഷ്ടരാക്കാനായുള്ള കർമപരിപാടികളാണ് മറ്റൊന്ന്.

മറ്റൊരു പ്രധാനപ്പെട്ട വാഗ്ദാനമാണ് സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രവർത്തനങ്ങൾ. ഇപ്പോഴും മുന്നോട്ട് വരാതെ മാറി  നില്കുന്ന വനിതകളെ മുഖ്യധാരയിലെത്തിക്കാൻ വേണ്ട  പ്രവർത്തനങ്ങൾ  ഫോമാ കമ്മറ്റിയുടേയും  എക്സിക്യുട്ടീവിൻ്റെയും അനുമതിയോടെ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റാൽ ആദ്യം ചെയ്യുന്ന കാര്യമായിരിക്കും എന്ന് സാമുവൽ മത്തായി ഉറപ്പിക്കുന്നു.

കൂടുതൽ അംഗ സംഘടനകളെ ഫോമായിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വേഗതയേറ്റും.

വാഗ്ദാനങ്ങളിലല്ല അവ നടപ്പാക്കുന്നതിലാണ് താല്പര്യം എന്നദ്ദേഹം വീണ്ടും വ്യക്തമാക്കുന്നു.
അർഹതയ്ക്കാണ് അംഗീകാരമെങ്കിൽ ജനറൽ സെക്രട്ടറി സാമുവൽ മത്തായി തന്നെ.

ബാലജനസഖ്യത്തിലൂടെ ഹരിശ്രീ കുറിക്കുകയും കോളജ് യൂണിയൻ ജനറൽ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കോളജ് യൂണിറ്റ് സെക്രട്ടറി, അത്ലറ്റിക് സെക്രട്ടറി, ഇലക്ഷൻ കമ്മിറ്റി കൺവീനർ എന്നീ നിലകളിലൂടെ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ട്രാക്ക് റെക്കോർഡാണ് ഇദ്ദേഹത്തിനുള്ളത്. 'രഥം' ത്രൈമാസികയുടെ ജനറൽ എഡിറ്ററായി സാഹിത്യ രംഗത്തും കയ്യൊപ്പ് ചാർത്തി. രണ്ടു തവണ ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റായിരുന്ന സാമുവൽ മത്തായി, ദീർഘകാലമായി ഫോമായിലെ സജീവസാന്നിധ്യമാണ്.  

2020 -2022 ൽ  ഫോമായുടെ നാഷണൽ കമ്മിറ്റിയംഗമായി  പ്രവർത്തിച്ചിരുന്നു.  

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ രോഗികൾക്കുവേണ്ടി കെട്ടിടം നിർമ്മിക്കുന്നതിനായി 'വൈശാഖസന്ധ്യ' എന്ന പേരിൽ താരനിശ സംഘടിപ്പിച്ച് നല്ലൊരു തുക സമാഹരിച്ച് നൽകുന്നതിൽ സുപ്രധാനമായൊരു പങ്ക് വഹിക്കാൻ സാധിച്ചു . ഇൻഡോ അമേരിക്കൻ  പ്രസ് ക്ലബിന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഫോമായുടെ ഒരു അംഗ സംഘടനയുടെ നേതൃനിരയിൽ ഇരുന്നുകൊണ്ട് ഇത്രയധികം കാരുണ്യപ്രവർത്തനങ്ങൾ നടത്താൻ കഴിയുമെങ്കിൽ, ഫോമായുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗമായാൽ അത്തരം കാര്യങ്ങൾ വിപുലപ്പെടുത്താമല്ലോ എന്ന ചിന്തയിൽ നിന്നാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചത്.

വിജയാപജയങ്ങളെപ്പറ്റി സാമുവൽ മത്തായി ചിന്തിക്കുന്നത് തത്വചിന്തയാപരമായാണ്. . ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നൂറുശതമാനം അർപ്പണബോധത്തോടെ ചെയ്യുക എന്നതിൽ കവിഞ്ഞ് വിജയപരാജയങ്ങളെക്കുറിച്ച് ആശങ്കപ്പെടാറില്ല. അത് ആപേക്ഷികമാണ്. പരാജയം സംഭവിക്കാത്ത ആരുമില്ല. അത് പാഠമായി ഉൾക്കൊണ്ട് എവിടെയാണ് വീഴ്‌ച സംഭവിച്ചതെന്ന് കണ്ടെത്തി മുന്നേറുക. ഒന്നും ഒന്നിന്റെയും അവസാനമല്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക