Image

ഈ വിജയം നിങ്ങൾ തന്ന അംഗീകാരം: മില്ലി ഫിലിപ്പ്

Published on 25 July, 2024
ഈ വിജയം നിങ്ങൾ തന്ന അംഗീകാരം: മില്ലി ഫിലിപ്പ്

പ്രവാസ ലോകത്തെ ഏറ്റവും മികച്ച മഹാ പ്രസ്ഥാനമായി പേരും പെരുമയും  ആർജ്ജിച്ച ഫൊക്കാന എന്ന മഹാ പ്രസ്ഥാനത്തിന്റെ കൺവെൻഷനോടനുബന്ധിച്ചു നടന്ന   ഇലക്ഷനിൽ 'അഡീഷണൽ ജോയിന്റ് ട്രഷറാറായി മത്സരിച്ച എന്നെ മാന്യമായ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച എന്റെ പ്രിയപ്പെട്ട ഫൊക്കാന പ്രവർത്തകരോടും, സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടുമുള്ള എന്റെ നന്ദിയും, സ്നേഹവും, കടപ്പാടും  ഇത്തരുണത്തിൽ ഞാൻ അറിയിക്കട്ടെ.

വിവിധ തലങ്ങളിൽ നിരവധി സ്ഥാനമാനങ്ങൾ വഹിക്കുകയും, നിരവധി  ചാരിറ്റി പദ്ധതികളുടെ പൂർത്തീകരണത്തിലൂടെ  വിജയഗാഥകൾ രചിക്കുകയും ചെയ്തിട്ടുള്ള  എനിക്ക് ഒരു ഇലക്ഷനെ  അഭിമുഖീകരിക്കേണ്ടി വന്നത് ജീവിതത്തിൽ ഇത്  ആദ്യമായിട്ടാണ്- അതും, ലോകമെമ്പാടും അറിയപ്പെടുന്ന ഫൊക്കാന എന്ന മഹാപ്രസ്ഥാനത്തിന്റെ അമരത്തെ, ഏറെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തേക്ക്. അത്തരമൊരു സ്ഥാനത്തേക്ക് മത്സരിച്ചു വിജയിക്കുക എന്നത് അത്ര നിസ്സാരമായ  കാര്യം അല്ല എന്ന  തിരിച്ചറിവോടെയായിരുന്നു ഞാൻ ഈ കന്നി അങ്കത്തിന്  തയ്യാറായത്. ആ ഉദ്യമത്തിന് എല്ലാവിധ ധൈര്യവും, ഊർജ്ജവും, ശക്തിയും, ആവേശവും പകർന്നുതന്ന്  എന്നെ ഒരു സ്ഥാനാർത്ഥിയാകുവാൻ പ്രാപ്തയാക്കിയത്  ഞാൻ പ്രതിനിധാനം ചെയ്യുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ എന്ന അഭിമാന സംഘടനയാണ്. അവിടെ നിന്നുമാണ് നന്മകൾനിറഞ്ഞ സാമൂഹിക പ്രവർത്തനങ്ങളുടെ ബാലപാഠങ്ങൾ ഞാൻ അഭ്യസിച്ചതും വളർന്നതും. മാപ്പ് കുടുംബത്തിൽനിന്നും  എനിക്ക് ലഭിച്ച പിന്തുണയും കരുതലും എന്റെ വിജയത്തിന്റെ പ്രധാന  ഘടകങ്ങളിൽ ഒന്നാണ്. മാപ്  വുമൺ ഫോറം ചെയർ എന്ന നിലയിലും, എന്റെ വ്യക്തിപരമായ നിലയിലും മാപ് കുടുംബത്തോടും, ഭരണ സമിതിയോടുമുള്ള  നന്ദിയും, സ്നേഹവും  അറിയിക്കുന്നു. ഒപ്പം, ഫിലഡൽഫിയയിലെ സഹോദര സംഘടനകളായ  ഫിലാഡൽഫിയ മലയാളീ അസോസിയേഷൻ , എക്സ് ടോൺ മലയാളീ അസോസിയേഷൻ എന്നിവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .

ഫൊക്കാന എന്ന പ്രസ്ഥാനത്തെ കൂടുതൽ ഉന്നതിയിൽ എത്തിക്കുവാൻ പ്രാപ്തനായ ദീർഘവീക്ഷണമുള്ള, പ്രതിഭാധനനായ ഡോക്ടർ, സജിമോൻ ആന്റണി നേതൃത്വം നൽകിയ ഡ്രീം ടീമിനൊപ്പം ഭാഗവാക്കാകുകയും, വിജയി ആവുകയും ചെയ്തത് എന്റെ പൊതുപ്രവർത്തന രംഗത്തെ മഹാഭാഗ്യമായി ഞാൻ കരുതുന്നു. അതിന് വഴിയൊരുക്കിയ  ഫൊക്കാന പ്രവർത്തകർക്കും, ഡെലിഗേറ്റുകൾക്കും, മറ്റ് സഹ പ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും നന്ദിയുടെ പൂച്ചെണ്ടുകൾ.

എന്നോടുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതിഫലനം മികച്ച വോട്ടുകളായി ഒഴികിയെത്തി വിജയപഥത്തിലെത്തിയ ഞാൻ, പ്രവാസ ലോകത്തെ ഫൊക്കാന എന്ന ഈ അഭിമാന നൗകയിൽ സജിമോൻ ആന്റണിക്കും, മറ്റ് മികച്ച ടീമിനുമൊപ്പം ചേർന്ന് അടുത്ത രണ്ടുവർഷക്കാലം ജനോപകാരപ്രദമായ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുവാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പു തന്നുകൊണ്ട്, എന്നെ വിജയ കിരീടമണിയിച്ച ഓരോ സുമനസ്സുകൾക്കും നന്ദിയുടെയും സ്നേഹത്തിന്റെയും, കടപ്പാടിന്റെയും വാടാമലരുകൾ വീണ്ടും വീണ്ടും അർപ്പിച്ചുകൊണ്ട്.. .. ഭാവിയിലും നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട്..

സ്നേഹപൂർവ്വം, നിങ്ങളുടെ..
മില്ലി ഫിലിപ്പ് 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക