Image

ഫോകാന - ഇങ്ങനെയും സമ്മേളനം നടത്താം (സിബി ഡേവിഡ്, ന്യൂയോർക്ക്)

Published on 26 July, 2024
ഫോകാന - ഇങ്ങനെയും സമ്മേളനം നടത്താം (സിബി ഡേവിഡ്, ന്യൂയോർക്ക്)

ഫോകാനയുടെ വാഷിങ്ടൺ സമ്മേളനത്തിൽ പങ്കെടുത്ത അനുഭവം പല കാരണങ്ങൾക്കൊണ്ടും വിശേഷവും വിചിത്രവും ആയി. പ്രേത്യക ബാധ്യതകളോ അജണ്ടകളോ ഇല്ലാത്തതുകൊണ്ട് ഒറ്റപ്പെട്ട ആൾക്കൂട്ടങ്ങളിലൊക്കെ എത്തിനോക്കി നിലാവത്ത് അലഞ്ഞു നടക്കുന്ന കോഴിയെപ്പോലെ ചുറ്റിക്കറങ്ങി. ആരെക്കണ്ടാലും, 'എന്തോ ഉണ്ട് ?' എന്ന ആ സാധാ രീതിയിലുള്ള മലയാളിച്ചോദ്യം ഉണ്ടല്ലോ അത് നാവിൽത്തുമ്പിൽ എപ്പോഴും ഉണ്ടായിരുന്നു.  ഒരാളോടുതന്നെ പല ആവർത്തി ഇതുതന്നെ ചോദിച്ചോയെന്നും സംശയമില്ലാതില്ല. ലഹരിപൂരിത സമ്മേളന നഗരിയിൽ  വേറെ എന്ത് ചോദിക്കാനാണ് ?

വാഷിങ്ടൺ സമ്മേളനം ഏറ്റവും ഉയർന്ന ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്ന് പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് വെറും മോഹമായിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. വിർജീനിയ, നോർത്ത് കാരലന, ഡെലവെയർ, മെരിലാൻഡ്, പെൻസിൽവാനിയ, ന്യൂ ജേഴ്‌സി, ന്യൂ യോർക്ക്, കണെക്ടികട്ട്, തുടങ്ങിയ ഉയർന്ന മലയാളി ജനസംഖ്യ ഉള്ള സമീപ സംസ്ഥാനങ്ങളിൽ നിന്നും വൻ ജനപങ്കാളിത്തം പൊതുവെ പ്രതീക്ഷിച്ചിരുന്നു. നിലവിലുള്ള സാഹചര്യം അനുസരിച്ച് മൂവായിരത്തോളം പേരെങ്കിലും പങ്കെടുക്കേണ്ടതാണ്. പക്ഷെ ആയിരത്തിൽ താഴെയായിരുന്നു പങ്കെടുത്തത് എന്നതാണ് ലേഖകന്റെ നിരീക്ഷണം. സത്യം പറയട്ടെ, പ്രൊഫഷണൽ സംഘടനയുടെ കൃത്യതയും മികവും മിക്കവാറും രംഗങ്ങളിൽ പ്രകടമായി.

ജനാധിപത്യം ആണല്ലോ മലയാളിയുടെ വീക്നെസ്. എല്ലാവരും എല്ലാത്തിലും കൈയ്യിടുന്ന വിരോധാഭാസം (കണ്ടു നിൽക്കുന്നവരിൽ വിരോധം സൃഷ്ടിക്കുന്ന ആഭാസം). അങ്ങനെ എല്ലാവരും എല്ലാത്തിലും കൈയ്യിട്ട് സംഗതി കൊളമാക്കുന്ന ആ മഹത്തായ സാംസ്‌കാരിക പാരമ്പര്യം ഇത്തവണ പ്രസിഡണ്ട് ബാബു സ്റ്റീഫൻ അനുവദിച്ചില്ല. അദ്ദേഹം മലയാളിയെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. ആദ്യ ദിവസം പ്രോസേഷനിൽ തുടങ്ങി ഓരോ ദിവസവും പരിപാടികൾ നിശ്ചയിച്ച അതാത് ഇടങ്ങളിൽ ഏറെക്കുറെ കൃത്യമായി അരങ്ങേറി. പ്രധാന വേദിയിൽ ഇടിവെട്ട് ദൃശ്യ - ശ്രാവ്യ സംവിധാനങ്ങൾകൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന വിസ്മയപൂരിതമായ മൂന്നു ദിവസങ്ങൾ.

ശാപ്പാടിന്റെ കാര്യം, അത് പിന്നെ പറയാനില്ല. ആദ്യമായിട്ടായിരിക്കണം മലയാളി ഒത്തുകൂടുന്നിടത്ത് നാലു നേരം മുടക്കമില്ലാതെ ഇത്രയും മുന്തിയ തരം ഭക്ഷണങ്ങളുടെ ക്രമീകരണം. ഒരിടത്തും സാധാരണ മലയാളിയുടെ ആ പഴയ രീതികൾ അധികം കാണാൻ കഴിഞ്ഞില്ല. ആഹാരത്തിന് നീണ്ട വരിയായി ആളുകൾ നിൽക്കുമ്പോൾ വരിയിൽ മുന്നിൽ നിൽക്കുന്ന ആരെയെങ്കിലും 'അളിയോ' എന്നും വിളിച്ചു കൊണ്ട്  ഇടയ്ക്ക് ചെന്ന് നുഴഞ്ഞുകയറുന്ന, ആ പഴയ 'സാംസ്‌കാരിക' പാരമ്പര്യം. പൊതുവെ ക്രമമായി വരി നിൽക്കുകയെന്നത് മലയാളിയെ സംബന്ധിച്ച് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. മുന്നിൽ നിൽക്കുന്നവന്റെ പുറകിൽ നിൽക്കുവാൻ ഞാനത്ര ചീപ്പല്ല എന്നതാണ് അവന്റെ ഭാവം. അതുകൊണ്ട് അവൻ, പുറകിലായാലും തൊട്ടുപുറകിൽ നിൽക്കാതെ രണ്ടു സ്റ്റെപ് വശത്തോട്ട് മാറിയെ നിൽക്കുകയുള്ളു. അങ്ങനെ ഒരുവരി ഒരൊന്നര വരിയായിട്ടാണ് നിൽക്കുക. എന്നാൽ വാഷിംഗ്ടണിൽ അങ്ങനെയായിരുന്നില്ല. ഒരു വരി ഒരു വരി തന്നെയായിരുന്നു. പക്ഷെ തുടക്കത്തിൽ അങ്ങനെയായിരുന്നില്ല എന്നതാണ് നിഷ്പക്ഷ നിരീക്ഷകരുടെ ഒരിത്. കൂപ്പൺ ഇല്ലാതെ ഇടിച്ചുകയറി തിന്നാൻ ചെന്ന മലയാളിയെ ഏഴടി പൊക്കമുള്ള ആജാനുബാഹുവായ ആ തടിയൻ സെക്യൂരിറ്റി ആദ്യദിവസം തന്നെ വരിയുടെ റെലവൻസ് പഠിപ്പിച്ചുവെന്നും കരക്കമ്പി കമ്മറ്റിയുടെ ചെയർമാൻ പറഞ്ഞുനടക്കുന്നുവെന്ന് ആരോ പറയുന്നതും കേട്ടു. ഏതായാലും  വരിയുടെ സാംഗത്യം അറിയാവുന്നതുകൊണ്ടും, ഓരോ വരിയിലും പറയാതെ പറയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നറിയാവുന്നതുകൊണ്ടും ലേഖകനെ അത്തരം റെലവൻസുകൾ ആരും പഠിപ്പിക്കേണ്ടിവന്നില്ല.

ബാച്ചാൻ (ബാബുച്ചായൻ - ബാബു സ്റ്റീഫൻ) വല്ല്യ അമേരിക്കൻ കച്ചവടക്കാരനും കൂടിയാണല്ലോ. അപ്പോൾ ഒരു സമ്മേളനം നടത്തേണ്ടുന്ന കാര്യങ്ങളുടെ മർമ്മം അറിഞ്ഞു അദ്ദേഹം വേണ്ടുന്ന ക്രമീകരണങ്ങൾ ചെയ്തു. ആവശ്യത്തിന് അമേരിക്കൻ സുരക്ഷാഭടന്മാരെ അദ്ദേഹം കൃത്യമായി വിന്യസിച്ചു. പരാതിയുണ്ടെങ്കിൽ അത് മനസ്സിൽ ശക്തമായി പ്രകടിപ്പിച്ചിട്ട് മറന്നുകളഞ്ഞേക്കുക എന്നതായിരുന്നു പൊതു നയം. പൊതു സമ്മേളനത്തിലും അതുതന്നെയായിരുന്നു രീതി. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തെക്കുറിച്ച് സംശയം ചോദിയ്ക്കാൻ എഴുന്നേറ്റവനോട് 'ഇരിയെട അവിടെ'  എന്ന് മൈക്കിലൂടെ സ്നേഹത്തോടെ പറഞ്ഞതും ജനാധിപത്യത്തിലെ ആഭാസമായെന്നും, ഒരുതരം 'കടക്ക് പുറത്ത്' പരിപാടിയായിപ്പോയിയെന്നും കരക്കമ്പി ചെയർമാൻ പൊറുപൊറുക്കുന്നുണ്ട്.  ഒറ്റനോട്ടത്തിൽ, 'വന്നോളിൻ തിന്നോളിൻ പൊക്കോളിൻ'  ഇതായിരുന്നു ഇത്തവണത്തെ നയം. നാല് യോദ്ധാക്കളുടെ അകമ്പടിയിലാണ് ബാച്ചാൻ പൊതു മീറ്റിംഗിൽ പ്രസംഗം നടത്തിയത്. ആര് ശബ്ദമുണ്ടാക്കിയാലും ഉടൻ തൂക്കിയെടുത്ത് പുറത്താക്കി വാതിലടയ്ക്കാനായിരുന്നു നിർദ്ദേശം. കാര്യങ്ങൾ ഒരുവിധം തടസമില്ലാതെ നടന്നു. സമയക്രമം പാലിച്ചു.

പിന്നെ, എല്ലാവരും കൈയ്യിട്ടളിക്കുന്ന മലയാളിയുടെ ആ പഴയ ജനാധിപത്യം. അതവിടെ നിൽക്കട്ടെ. ഇങ്ങനെയും കൺവൻഷൻ നടത്താമെന്ന് ഇപ്പോൾ മനസ്സിലായില്ലേ ?

വെള്ളിയാഴ്ച വൈകുന്നേരമായതോടെ അതുവരെ അണ പൊട്ടിയൊഴുകിയ ആവേശം മൊത്തം ഒഴുകിപ്പോയതുകൊണ്ടോ എന്തോ, തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൊത്തത്തിൽ ഒരുതരം മ്ലാനത പരന്നു. ഇലക്ഷൻ ഫലം പ്രചരിച്ചതോടെ ആവേശം ആക്ഷേപങ്ങൾക്ക് വഴി മാറി. പ്രേത്യകിച്ച് തിരെഞ്ഞെടുപ്പ് പ്രോസസ്സിൽ ഫ്രോഡ് സംഭവിച്ചുവെന്ന ഔദ്യോഗിക വക്താവിന്റെ, വേദിയിൽ വച്ച് തന്നെ നടത്തിയ പരസ്യ പ്രസ്താവന ആക്ഷേപങ്ങൾക്ക് ആക്കം കൂട്ടി. ഇതൊന്നും നിഷ്പക്ഷമതികളായ കരക്കമ്പി ചെയർമാനെയോ  കൂട്ടരെയോ, സമാനമനസ്കരെയോ അലോസരപ്പെടുത്തിയില്ല. അവർ അപ്പോഴേക്കും ലഹരിപൂരിത ആനന്ദാനുഭൂതിയിൽ ലയിച്ചിരുന്നു. ആക്ഷേപങ്ങൾക്ക് പുറകെ പ്രസിഡണ്ട് രാജി വയ്ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വാർത്തയും കൂടി ഓൺ ലൈൻ പോർട്ടലിൽ വന്നതോടുകൂടി എല്ലാവരുടെയും മ്ലാനത മൂകതയായി. ചിലരൊക്കെ പുരികം ഉയർത്തി കണ്ണും മിഴിച്ചു നിന്നു. കുട്ടി ഒന്നും മിണ്ടുന്നില്ല എന്നൊരവസ്ഥ. കരക്കമ്പി ചെയർമാനെപ്പോലെ അജണ്ട ലെസ്സ് ആയി വന്നവരൊക്കെ ബാറുകളിൽ അഭയം തേടി.

ടേക്ക് ഹോം- ആക്ഷേപങ്ങൾ ഒക്കെ അവിടെ നിൽക്കട്ടെ. കൃത്യമായും കാര്യങ്ങൾ നിയന്ത്രിച്ച പ്രസിഡന്റാദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്. ഇങ്ങനെയും സമ്മേളനം നടത്താം.
 

Join WhatsApp News
(ഡോ.കെ) 2024-07-26 11:21:42
ഫൊക്കാനയുടെ സെക്രട്ടറി തന്റെ അധികാരവും ചുമതലകളും ശരിക്കും തിരിച്ചറിയാതെ പോയതാണ് ഈ പ്രശ്നങ്ങൾക്ക് മുഴുവൻ സാക്ഷ്യം. പ്രസിഡന്റ് എന്നെ ഒന്നിനും അനുവദിച്ചില്ലായെന്ന് സെക്രട്ടറി പറയുന്നതിൽ ഒരർത്ഥവുമില്ല .അമേരിക്കയിലെ മലയാളികളുടെ സാംസ്ക്കാരിക,സാമൂഹിക സേവനത്തിനിറങ്ങിയ പ്രസിഡന്റ് പ്രവാസികളായ ജനങ്ങളുടെ തല്ല് ഭയന്ന് ഇരുഭാഗത്തും സുരക്ഷ ഭടന്മാരെ നിറുത്തിയത് നമ്മുടെ മലയാളികളുടെ സമ്യക്കായ സാംസ്ക്കാരിക അധഃപതനത്തെ ചുണ്ടി കാണിക്കുന്നുണ്ട്.ശ്രീ.സിബി ഡേവിഡിന്റെ നല്ലൊരു അവലോകനം.
Abdul 2024-07-26 17:25:13
Great observations but no mention about literary meetings and books exhibition.
Jose kavil 2024-07-26 17:52:26
എല്ലാം നന്നായിരുന്നു പക്ഷെ കഞ്ഞിക്ക് ഉപ്പില്ലായിരുന്നു വെന്നുപറഞ്ഞ തുപോലെ ഇലക്ഷൻ സമയം എല്ലാം കലങ്ങി മറിഞ്ഞു വെന്നും പരാതികൾ പെട്ടിയിൽ വീണെന്നും കേൾക്കുന്നു. ദഹനശമിനിയിൽ കാര്യം അലങ്കോല മായത് അവസാന മായത് കാര്യമായി. എങ്കിലും മലയാളി ഒന്നിക്കുന്ന പ്രശ്നമില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക