Image

സിജില്‍ പാലക്കലോടി- ഫോമാ ട്രഷറര്‍ സ്ഥാനാര്‍ത്ഥി

Published on 26 July, 2024
സിജില്‍ പാലക്കലോടി- ഫോമാ ട്രഷറര്‍ സ്ഥാനാര്‍ത്ഥി


ഫോമാ (FOMAA) ട്രഷറര്‍ ആയി മത്സരിക്കുന്ന സിജില്‍ പാലക്കലോടി അമേരിക്കയിലെ പ്രവാസികള്‍ക്കിടയില്‍ ബഹുമുഖ പ്രതിഭയായി അറിയപ്പെടുന്ന വ്യക്തിത്വമാണ്. വ്യവസായം, പത്രപ്രവര്‍ത്തനം, കലാരംഗം, സാമ്പത്തിക രംഗം എന്നീ മേഖലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മുമ്പ് ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പറായും, ഫോമ വെസ്‌റ്റേണ്‍ റീജിയന്‍ ബിസിനസ് ഫോറം ചെയര്‍, 2022 കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച അദ്ദേഹം സംഘടനയുമായി ഏറെ അടുപ്പമുള്ളയാളാണ്.

സാക്രമെന്റോ റീജിയണല്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സാക്രമെന്റോ മുന്‍ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച സിജില്‍, ഗ്ലോബല്‍ കാത്തലിക് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍, എസ്എംസിസി നാഷണല്‍ പ്രസിഡന്റ്, മുന്‍ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

നവകേരള ആര്‍ട്ട്‌സ് ക്ലബ്ബ് മുന്‍ ജോയിന്റ് ട്രഷററാ യിരുന്ന അദ്ദേഹം ലോക കേരളസഭയുടെ അമേരിക്കന്‍ പ്രതിനിധിയായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 2024-ലെ പ്രവാസി മലയാളി ഫോറം ശ്രേഷ്ഠ പുരസ്‌കാരത്തിനും അര്‍ഹനായി.

ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക സ്ഥാപക ജോയിന്റ് ട്രഷറര്‍, ഇന്ത്യ പ്രസ് ക്ലബ്ബ് ഫ്‌ളോറിഡ ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിക്കുകയും, മലയാളി മനസ് പത്രത്തിന്റെ മുന്‍ എഡിറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹം കൈരളി ടിവിയില്‍ ആദ്യകാലത്ത് റിപ്പോര്‍ട്ടറായിരുന്നു.

അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സില്‍ ഉന്നതബിരുദധാരിയായ സിജില്‍, അമേരിക്കയില്‍ പ്രവാസി വ്യവസായ മേഖലയിലെ പ്രമുഖനുമാണ്. കാലിഫോര്‍ണിയ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അക്കൗണ്ടിങ് ഓഫീസര്‍, ഓഡിറ്റര്‍ എന്നീ നിലകളിലും അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്.

ചോദ്യം: എന്തുകൊണ്ട് ഫോമ ട്രഷററായി മത്സരിക്കുന്നു?

വിവിധ നോണ്‍ പ്രോഫിറ്റ് സംഘടനകളില്‍ ട്രഷററായും, ജോയിന്റ് ട്രഷററായും പ്രവര്‍ത്തിച്ചുള്ള പരിചയവുമായാണ് ഫോമയെന്ന മഹത്തായ സംഘടനയുടെ അമരത്തേയ്ക്ക് ട്രഷററായി മത്സരിക്കുന്നത്. കാലിഫോര്‍ണിയയില്‍ നിന്നും അക്കൗണ്ടിങ്ങില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം കാലിഫോര്‍ണിയ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അക്കൗണ്ടിങ് ഓഫീസറായും, ഓഡിറ്ററായും ജോലി ചെയ്തുള്ള പ്രവര്‍ത്തനപരിചയം, ഫോമയുടെ ട്രഷറര്‍ എന്ന നിലയ്ക്ക് സംഘടനയ്ക്ക് വളരെയധികം ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല. ഫോമ എന്ന സംഘടന ഇനിയും കൂടുതല്‍ അമേരിക്കന്‍ മലയാളികളിലേയ്ക്ക് എത്തപ്പെടണമെന്നും, അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും ഉപകാരപ്രദമായ ഒരു കൂട്ടായ്മയായി വളര്‍ത്തണമെന്നുമുള്ള പ്രതീക്ഷയുമായാണ് ടീം യുണൈറ്റഡ് മത്സരരംഗത്ത് വന്നിരിക്കുന്നത്. ഫോമയുടെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ട് ശക്തനായ ഒരു ട്രഷറര്‍ ആവശ്യമാണെന്ന് മനസിലാക്കിയാണ് അക്കൗണ്ടിങ് രംഗത്തും, ട്രഷറര്‍ രംഗത്തും പ്രവര്‍ത്തനപരിചയുള്ള എന്നോട് ടീം യുണൈറ്റഡും, മറ്റ് ഫോമാ നേതാക്കളും മത്സരിക്കാന്‍ അഭ്യര്‍ത്ഥിച്ചത്. സുതാര്യവും, കാര്യക്ഷമവുമായ അക്കൗണ്ടിങ് സംവിധാനം ഉണ്ടാക്കുക എന്നതാണ് എന്റെ ലക്ഷ്യം. അക്കൗണ്ടിങ് രംഗത്തുള്ള പ്രാവീണ്യം, ട്രഷറര്‍ എന്ന പദവി ഉത്തരവാദിത്തപൂര്‍വ്വം നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന ഉറച്ച ബോധ്യത്തിലാണ് ഞാന്‍ ട്രഷററായി മത്സരിക്കുന്നത്.

ചോദ്യം: എന്തുകൊണ്ട് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ടീം യുണൈറ്റഡില്‍ മത്സരിക്കുന്നു?

ടീം യുണൈറ്റഡ് എന്ന പേര് പോലെ തന്നെ വളരെ കെട്ടുറപ്പുള്ള ടീമാണിത്. കഴിഞ്ഞ എട്ട് മാസമായി ഞങ്ങള്‍ ഒത്തൊരുമിച്ച് അമേരിക്കയിലെ വിവിധ സംഘടനകളെ സന്ദര്‍ശിക്കുന്നു. ഞങ്ങള്‍ തമ്മില്‍ ഉറച്ച ഒരു ബന്ധം ഉടലെടുത്തിട്ടുണ്ട്. ഇത് ഫോമയുടെ വളര്‍ച്ച ലക്ഷ്യം വച്ചുള്ള 2024-26 കാലഘട്ടത്തിലെ കൂട്ടായ പ്രവര്‍ത്തനത്തിന് സഹായിക്കുമെന്നതില്‍ സംശയമില്ല. അമേരിക്കയിലെ വിവിധ സംഘടനകളില്‍ പ്രസിഡന്റ് പദവും, വിവിധ സ്ഥാനങ്ങളും അലങ്കരിച്ച ശേഷമാണ് ഞങ്ങള്‍ ആറ് പേരും നാഷണല്‍ എക്‌സിക്യുട്ടീവിലേയ്ക്ക് മത്സരിക്കുന്നത്.

വളരെയധികം നേതൃപാടവവും, സംഘടനാപ്രവൃത്തിപരിചയവുമുള്ള വ്യവസായിയും, ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ബേബി മണക്കുന്നേലാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. കെഎഎന്‍ജെ ന്യൂജേഴ്‌സിയുടെ ഇപ്പോഴത്തെ പ്രസിഡന്റും, മികച്ച സംഘാടകനും, ഐടി ഉദ്യോഗസ്ഥനും, ബിസിനസുകാരനുമായ ബൈജു വര്‍ഗ്ഗീസാണ് സെക്രട്ടറി സ്ഥാനാര്‍ത്ഥി. സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഞാന്‍ ട്രഷററായും, മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയയുടെ മുന്‍ പ്രസിഡന്റും, നഴ്‌സും, ബിസിനസുകാരനും, യുവാക്കളുടെ ഹരവുമായ ശാലു പുന്നൂസ് വൈസ് പ്രസിഡന്റായും, സൗമ്യനും, ശക്തമായ സംഘടനാനേതൃത്വപാടവത്തിനുടമയും, കേരള സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ മുന്‍ പ്രസിന്റും, ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റില്‍ ഉദ്യോഗസ്ഥനുമായ പോള്‍ ജോസ് ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു. ഒഹയ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, ബിസിനസുകാരിയും, ഉത്തരവാദിത്തവും, സത്യസന്ധതയും കൈമുതലാക്കിയ ആളുമായ അനുപമ കൃഷ്ണനാണ് ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി. ഇതില്‍ നിന്നു തന്നെ മനസിലാക്കാവുന്നതാണ് എത്രമാത്രം വൈബ്രന്റായ സംഘമാണ് ടീം യുണൈറ്റഡ് എന്നത്. ഫോമയുടെ ഭാവിയിലേയ്ക്കുള്ള വളര്‍ച്ചയ്ക്ക് വളരെ അനുയോജ്യരായ വ്യക്തികളാണ് ഞങ്ങള്‍ ആറ് പേരും.

ചോദ്യം: വിജയിച്ചുകഴിഞ്ഞാല്‍ ടീം യുണൈറ്റഡിന്റെ പദ്ധതികള്‍ എന്തൊക്കെയാണ്?

പ്രഖ്യാപനങ്ങളെക്കാളുപരി പ്രവര്‍ത്തിച്ച് കാണിച്ചുകൊടുക്കുക എന്ന ആത്മാര്‍ത്ഥമായ ലക്ഷ്യവുമായാണ് ടീം യുണൈറ്റഡ് രംഗത്ത് വന്നിരിക്കുന്നത്. ഫോമ എന്ന മഹാപ്രസ്ഥാനത്തെ മലയാളികളുടെ ഭാഗമാക്കുകയെന്ന താല്‍പ്പര്യമാണ് മുന്നിലുള്ളത്. എങ്കിലും ഞങ്ങളുടെ മനസില്‍ നിറവേറ്റാന്‍ സാധിക്കുമെന്ന് തോന്നുന്ന കുറേ സ്വപ്‌നങ്ങളുണ്ട്. അതില്‍ ചിലത് ഇവിടെ പ്രതിപാദിക്കുകയാണ്. അമേരിക്കയിലെ വിവിധ സിറ്റികളില്‍ മലയാളി റിട്ടയര്‍മെന്റ് കമ്മ്യൂണിറ്റി, 2026-ലെ കണ്‍വെന്‍ഷന്‍ തികച്ചും ഫാമിലി കണ്‍വെന്‍ഷനായി ഫോമയുടെ സ്ഥാപക സിറ്റിയായ ഹ്യൂസ്റ്റണില്‍ വച്ച് നടത്തുക, മലയാളി ബിസിനസുകാരുടെയും, പ്രഫഷണല്‍സിന്റെയും നെറ്റ്‌വര്‍ക്ക് റീജിയണല്‍, നാഷണല്‍, ഗ്ലോബല്‍ ലെവലില്‍ നിര്‍മ്മിക്കുക, കോണ്‍ഫറന്‍സുകള്‍ നടത്തുക, സ്ത്രീകളുടെ കൂട്ടായ്മ ഫോമയുടെ നേതൃത്വത്തില്‍ കൂടുതല്‍ വിപുലീകരിക്കുകയും, ജനകീയമാക്കുകയും ചെയ്യുക, യുവജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക, ഫോമ ഹെല്‍പ്പിങ് ഹാന്‍ഡിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക, വിവിധ സാംസ്‌കാരിക-കലാ-കായിക രംഗങ്ങളില്‍ പാടവം കൈവരിക്കുന്ന അമേരിക്കന്‍ മലയാളികളെ ആദരിക്കുക എന്നിവയാണ് ചില പദ്ധതികള്‍. അമേരിക്കന്‍ മലയാളികളോട് ചേര്‍ന്നുനിന്ന് അവരെ കൂടി ഉള്‍പ്പെടുത്തി അംഗസംഘടനകളുടെ പിന്‍ബലത്തോടെയുള്ള പ്രവര്‍ത്തനമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക