ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സംഘടനകളെ ഒരുകുടക്കീഴില്‍ അണിനിരത്തുന്ന ഫോമായ്ക്ക് പുത്തന്‍ മുഖഛായ നല്കുന്ന നൂതന പദ്ധതികളും നയപരിപാടികളുമായി 2024-26 ഭരണസമിതിയിലേയ്ക്ക് മല്‍സരിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തോമസ് ടി ഉമ്മന്റെ നേതൃത്വത്തിലുള്ള 'ടീം ഫോമാ' അതിഗംഭീരമായ തിരഞ്ഞെടുപ്പ് വിജയത്തിലേയ്ക്കെന്ന ഉറച്ച സൂചന നല്‍കുന്നതായിരുന്നു ജൂലൈ 27 ശനിയാഴ്ച വൈകിട്ട് ന്യൂയോര്ക്കിലെടൈസണ്സെന്ററില് നടന്ന കൊട്ടിക്കലാശം.
ഫോമാ ഡെലിഗേറ്റുകളും അംഗ സംഘടനാ നേതാക്കളും അഭ്യുദയകാംക്ഷികളും വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്ത ടീം ഫോമായുടെ ഈ മഹാസമ്മേളനം ''ഒന്നായി മുന്നേറാം...'' എന്ന സന്ദേശം നല്കി. കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ടീം ഫോമായ്ക്ക് വിജയാശംസകളും പിന്തുണയും നേര്‍ന്നു. ''ഫോമാ ഒരു അംബരചുംബിയായി വളരുന്ന നാളുകളാണ് നാം സ്വപ്നം കാണുന്നത്. വരുംകാലങ്ങളില്‍ അത് സാധ്യമാവുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. വഴി നടത്തിയ ദൈവത്തിനും ഒപ്പം നിന്നവര്‍ക്കും നന്ദി പറയുന്നതോടൊപ്പം ഫോമായുടെ 2024-26 ഭരണസമിതിയിലേയ്ക്കുള്ള എന്റെ പാനലിനെ വിജയിപ്പിക്കമമെന്ന് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു...'' തോമസ് ടി ഉമ്മന്‍ പറഞ്ഞു.
അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഊര്‍ജ്വസ്വലനായ സംഘടനാ നേതാവ് തോമസ് ടി ഉമ്മന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിട്ടുള്ള 'ടീം ഫോമാ' പാനലിലെ, സാമുവേല്‍ മത്തായി (ജനറല്‍ സെക്രട്ടറി), ബിനൂബ് ശ്രീധരന് (ട്രഷറര്‍), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്റ്), ഡോ. പ്രിന്‍സ് നെച്ചിക്കാട്ട് ഡി.ബി.എ (ജോയിന്റ് സെക്രട്ടറി), അമ്പിളി സജിമോന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് അംഗസംഘടനകളെയും റീജിയനുകളെയും അമേരിക്കന്‍ മലയാളി സമൂഹത്തെയും വിശ്വാസത്തിലെടുത്തുകൊണ്ട് സ്വപ്ന വിജയം സുനിശ്ചിതമാക്കിയിര്ക്കുന്നത്.
വര്‍ഷങ്ങളിലൂടെ ആര്‍ജിച്ച പ്രവര്‍ത്തന പരിചയവും ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവും കൈമുതലായിട്ടുള്ള 'ടീം ഫോമാ' പാനല്‍ അംഗങ്ങള്‍, സംഘടനയുടെ ജനകീയ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം മികവോടു കൂടി തുടരുമെന്നും അതോടൊപ്പം ജനപക്ഷമുഖമുള്ള നൂതനമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സമാനതകളില്ലാത്ത 12 ഇന പരിപാടികളുമായാണ് 'ടീം ഫോമാ' ജനവിധി തേടുന്നത്. ഫോമായെന്ന ബൃഹത് സംഘടനയ്ക്ക് ഒരു ആസ്ഥാന ഓഫീസ് കെട്ടിടം എന്ന ചിരകാല സ്വപ്നം താമസംവിനാ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുകയെന്നതാണ് അതിലൊന്ന്. മുന്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ആസ്ഥാന ബില്‍ഡിംഗ് കമ്മറ്റി രൂപീകരിക്കുകയും തുക സമാഹരിക്കുകയും ചെയ്യും.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും തുല്യ പ്രാധാന്യം നല്കുന്ന ഒരു മില്ല്യണ്‍ ഡോളറിന്റെ ചാരിറ്റി പദ്ധതിയാണ് മറ്റൊന്ന്. അശരണരുടെയും ആലംബഹീനരുടെയും ആവശ്യമറിഞ്ഞ് അടിയന്തിര സഹായമെത്തിക്കുന്ന, ഹെല്‍പ്പിങ് ഹാന്‍ഡ്സ് ആണ് മില്യണ്‍ ഡോളറിന്റെ അതിവിപുലമായ ജീവകാരുണ്യ പദ്ധതിയാക്കി മാറ്റുക. പദ്ധതിയില്‍ പതിനായിരം അംഗങ്ങളെ ചേര്‍ത്ത് ഓരോരുത്തരില്‍ നിന്നും 100 ഡോളര്‍ വീതം സമാഹരിച്ചുകൊണ്ടാണ് ഹെല്‍പ്പിങ്ങ് ഹാന്‍ഡ്സ് പദ്ധതി വിപുലീകരിക്കുന്നത്.
വനിതാ സംരംഭകരുടെ അന്തര്‍ദേശീയ സംഗമമാണ് മറ്റൊരു ഹൈലൈറ്റ്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് അമേരിക്കന്‍ മലയാളി വനിതാ സംരംഭകരെ അണിനിരത്തിക്കൊണ്ടുള്ളതാണ് ആഗോള വനിതാ സംഗമം. ഇരട്ട പൗരത്വം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായുള്ള കൂടിക്കാഴ്ചയും ചര്ച്ചകളുമടങ്ങുന്ന ഗ്ലോബല്‍ ഇനിഷ്യേറ്റീവ്, ഫെഡറല്‍, സ്റ്റേറ്റ് തലങ്ങളിലും വന്‍കിട കോര്‍പ്പറേഷനുകളിലും യുവജനങ്ങളെ കൂടുതലായി എത്തിക്കുന്ന ഇന്റേണ്‍ഷിപ്പ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം, ഉന്ന സാങ്കേതികവിദ്യ, നവീകരണം, സോഷ്യല്‍ മീഡിയ എന്നിവയുടെ ആഗോള കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിലിക്കോണ്‍ വാലിയില്‍ മലയാളി ടെക്നോളജി സമ്മിറ്റ് തുടങ്ങിയവയും 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുന്നു.
ലോക സിനിമയുടെ ആസ്ഥാനമായ ഹോളിവുഡില്‍ നാടക, സിനിമാ കലാകാരന്മാരുടെ ക്യാമ്പ്, അമേരിക്കയിലും ഇന്ത്യയിലും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം, പ്രൊഫഷണലുകളുടെ ആഗോള സംഗമം തുടങ്ങിയവയും പ്രതിജ്ഞാ ബദ്ധതയോടെ നടത്തും. വിമന്‍സ് ഫോറവും നേഴ്സസ് ഫോറവും സീനിയര്‍ ഫോറവും പുതുതലമുറയ്ക്കായി ജൂനിയര്‍ ഫോറം ശക്തമാക്കുക, ഫോമായുടെ ഭവന സഹായ പദ്ധതിയുള്‍പ്പെടെയുള്ള വിജയകരമായ കര്‍മ്മപരിപാടികളുടെ തുടര്‍ച്ച എന്നിവയും 12 ഇന പരിപാടികളുടെ പ്രത്യേകതയാണ്.
അംഗസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനുവേണ്ടിയുള്ള ടൗണ്‍ മീറ്റിങ്ങുകള്‍ ഉള്‍പ്പെടെയുള്ളവയും ടീം ഫോമാ അമേരിക്കന്‍ മലയാളികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്ന ഭാവനാപൂര്‍ണമായ കര്‍മ്മ പരിപാടികളാണ്. 12 ഇന പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കാനാണ് പ്ലാന്‍. ഫോമായെ ആഗോള തലത്തില്‍ അറിയപ്പെടുന്ന സംഘടനയാക്കി മാറ്റുകയാണ് ടീം ഫോമായുടെ ആത്യന്തിക ലക്ഷ്യം.