പുതിയ തലമുറ നേതൃത്വമേല്‍ക്കുന്ന അപൂര്‍വതയാണ് ഇത്തവണത്തെ ഫൊക്കാന ഇലക്ഷനില്‍ കണ്ടത്. തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം മധ്യവയസിനടുത്തുള്ളവരോ അതില്‍ താഴെ ഉള്ളവരോ ആണ്. കണ്ടുമടുത്ത മുഖങ്ങള്‍ കുറവ്. ഇത് അമേരിക്കൻ മലയാളി സംഘടനാ ചരിത്രത്തിലെ പുതിയ വഴിത്തിരിവ് എന്ന് അടയാളപ്പെടുത്താം.
നായകനായി എത്തിയ പുതിയ പ്രസിഡന്റ് സജിമോന്‍ ആന്റണിയാകട്ടെ പുതിയ തലമുറയുടെ പ്രതിനിധി തന്നെ. അതിനാല്‍ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ ജനം പ്രതീക്ഷിക്കുന്നു.
അറൂനൂറോളം പേര്‍ വോട്ട് ചെയ്ത ചരിത്രം മുമ്പൊരു നാഷണല്‍ സംഘടനയ്ക്കും ഉണ്ടായിട്ടില്ല. അവരില്‍ തന്നെ വലിയ ഭൂരിപക്ഷമാണ് സജിമോനും ടീമിനും ലഭിച്ചത്. പാനലില്‍ അംഗമായവരെല്ലാം വിജയിച്ചതും അത്യപൂർവം.
തെരഞ്ഞെടുപ്പിന് മുമ്പും പിമ്പും ലഭിച്ച പിന്തുണ അവിശ്വസനീയമായിരുന്നുവെന്ന് സജിമോന്‍. പ്രായമുള്ള സ്ത്രീകള്‍ പലരും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ചിലര്‍ പുണ്യസ്ഥലങ്ങളില്‍ ആശീര്‍വദിച്ച കൊന്തയും മറ്റും കൊടുത്തു. ചിലര്‍ ഉപവാസമിരുന്ന് പ്രാര്‍ത്ഥിച്ചു. 'സത്യത്തില്‍ ഇലക്ഷന്‍ വിജയത്തേക്കാള്‍ ഈ സ്‌നേഹപ്രകടനമാണ് ഹൃദയത്തെ തൊട്ടത്. ജനങ്ങളുടെ സ്‌നേഹം കണ്ണ് നനയിക്കുന്നു. അതുപോലെ അവരുടെ പ്രതീക്ഷകള്‍ സഫലമാക്കണമെന്ന തീരുമാനത്തിന് കൂടുതല്‍ ശക്തിപകരുന്നു' - സജിമോന്‍ പറഞ്ഞു.
22 ഇന പരിപാടികള്‍ പ്രഖ്യാപിച്ചാണ് സജിമോനും ടീമും പ്രചരണം ആരംഭിച്ചത്. നടപ്പാക്കുവുന്ന കാര്യങ്ങള്‍ മാത്രമേ അതിലുള്ളുവെന്ന് സജിമോന്‍ പറയുന്നു. അവ നടപ്പാക്കുക തന്നെ ചെയ്യും. അതിനു പുറമെ രണ്ടെണ്ണം കൂടി കൂട്ടിച്ചേര്‍ത്തു. ഒരു ബിസിനസ് ഡയറക്ടറി തയാറാക്കുക എന്നതും, വയനാടിന്റെ ദുരിതത്തിനു തുണയാകുക എന്നതും.
വയനാടിനുവേണ്ടി ഗോ ഫണ്ട് മീ വഴി ധനശേഖരണം തുടങ്ങി. കുറഞ്ഞത് അര ലക്ഷം ഡോളറാണ് ലക്ഷ്യം. തുക ഏതു രീതിയില്‍ നല്‍കണമെന്നത് പിന്നീട് തീരുമാനിക്കും.
യൂത്ത് 100 എന്ന പരിപാടിക്കും രൂപംകൊടുത്തു. മുന്‍കാലങ്ങളില്‍ നിന്ന് വിപരീതമായി യൂത്ത് പ്രതിനിധികള്‍ക്ക് പോലും ഇത്തവണ മത്സരം ഉണ്ടായി. മുമ്പ് ആവശ്യത്തിന് പ്രതിനിധികളെ കിട്ടാത്ത അവസ്ഥയായിരുന്നു എന്നോർക്കണം..
കണ്‍വന്‍ഷനില്‍ വച്ചുതന്നെ അധികാരമേറ്റുവെങ്കിലും ഔദ്യോഗികമായ അധികാര കൈമാറ്റം ഓഗസ്റ്റ് 18-ന് എഡിസണിലെ റോയല്‍ ആല്‍ബര്‍ട്‌സ് പാലസില്‍ വച്ചു നടക്കും. അതേ തുടര്‍ന്ന് ഒരു വിക്ടറി പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
വലിയ സ്വപ്നം കാണുക
ഒരു വര്ഷം മുൻപ് കാമ്പെയിന് ആരംഭം കുറിച്ചപ്പോൾ സജിമോൻ പറഞ്ഞത് അമേരിക്ക എന്ന മഹത്തായ രാജ്യത്തില്‍ ചെറിയ സ്വപ്നങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ്. ചെറിയ സ്വപ്നങ്ങള്‍ക്ക് അതീതമാണ് അമേരിക്കയുടെ ഔന്നത്യം. ഫൊക്കാനയും അങ്ങനെ ചെറിയ സ്വപ്നങ്ങൾ കാണേണ്ട സംഘടനയല്ല.
ഇക്കാര്യം ഇലക്ഷൻ വിജയിച്ചപ്പോൾ സജിമോൻ എടുത്തു പറയുകയും ചെയ്തു.
കാമ്പയിന്റെ ആദ്യസമ്മേളനത്തിൽ മറ്റു ചിലതു കൂടി അദ്ദേഹം പറഞ്ഞു: സംഘടനകൊണ്ട് താഴെക്കിടയിലുള്ളവര്‍ക്ക് എന്തുകിട്ടും എന്നാണ് താന്‍ ചോദിക്കുന്നത്. ടൊറന്റോ കണ്‍വന്‍ഷനില്‍ അംഗസംഘടനകള്‍ക്ക് സംസാരിക്കാന്‍ ജനറല്‍ബോഡിയില്‍ അഞ്ചുമിനിറ്റ് വീതം നീക്കിവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെടുകയുണ്ടായി. സ്ഥാനം നോക്കാതെ എല്ലാവരും എല്ലാ ചുമതലയും ഏറ്റെടുക്കുന്ന ടീം ആണ് തങ്ങള്‍ ലക്ഷ്യമിടുന്നത്.
യുവജനതക്ക് അധികാരം കൈമാറണമെന്നു എല്ലാവരും പറയുന്നു. ഫൊക്കാന ഒരു കുടുംബമാണ്. കുടുംബത്തില്‍ പല പ്രായക്കാർ ഉണ്ടാകും. എല്ലാവര്‍ക്കും ആദരവും അംഗീകാരവും ലഭിക്കും.
കുടുംബത്തിനുവേണ്ടി സമയം എവിടെ എന്നു പലരും ചോദിക്കാറുണ്ട്. പക്ഷെ കുടുംബത്തെ അവഗണിച്ചുള്ള ഒന്നിനും തനിക്ക് താത്പര്യമില്ല. എന്റെ കുടുംബത്തെ ഞാന്‍ തന്നെ നോക്കുന്നു. എല്ലാത്തിനും അവരുടെ പിന്തുണ കിട്ടുന്നു,' സജിമോൻ അന്ന് പറയുകയുണ്ടായി.
ദാര്‍ശനിക ചിന്താഗതയുള്ള വ്യക്തി എന്നാണ് സജിമോനെ അന്നത്തെ സെക്രട്ടറി സ്ഥാനാർത്ഥിയും ഇപ്പോഴത്തെ സെക്രട്ടറിയുമായ ശ്രീകുമാർ ഉണ്ണിത്താൻ വിശേഷിപ്പിച്ചത്
മുന്‍ പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് പറഞ്ഞു: ഒരു കാര്യം ഏറ്റാല്‍ അതു നടപ്പില്‍ വരുത്തുന്ന അര്‍പ്പണബോധമാണ് ശ്രദ്ധേയം. എന്നു മാത്രമല്ല അസാധ്യം എന്ന വാക്ക് സജിമോന്റെ ഡിക്ഷണറിയിലില്ല. തങ്ങള്‍ സ്ഥാനമേറ്റപ്പോള്‍ ഫൊക്കാന പലയിടത്തും ദുര്‍ബലമായിരുന്നു. അവിടെയൊക്കെ സജിമോന്‍ പോയി സംഘടനയെ ശക്തിപ്പെടുത്തി. തങ്ങളുടെ കാലത്ത് സംഘടനയില്‍ ഒരു അപശബ്ദം പോലും ഉയര്‍ന്നില്ല. പ്രധാന കാരണം എല്ലാം തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യാനുള്ള സജിമോന്റെ കഴിവാണ്. അതിനര്‍ഥം ഭിന്നതകള്‍ ഇല്ലായിരുന്നു എന്നല്ല. അവയൊക്കെ ആഭ്യന്തരമായി പരിഹരിച്ചു എന്നതാണ്. സജിമോന്‍ വിളിച്ചാല്‍ കൂടെ ചെല്ലാന്‍ ഒരു അമ്പത് പേരെങ്കിലും എപ്പോഴും കാണും. ഇതു നിസാരമായ ഒരു നേട്ടമല്ലല്ലോ. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതുമല്ല.'
ഡ്രീം ടീമിന്റെ പ്രസക്തി
ഡ്രീം ടീം എന്നു പറയുന്നത് ഡൈവേര്‍സിറ്റി, കേപബിലിറ്റി, എക്‌സ്‌പേര്‍ട്ടൈസ് എന്നിവ കൊണ്ടാണെന്നു സജിമോൻ മുൻപ് വിശേഷിപ്പിച്ചു.
മാധവന്‍ നായർ പ്രസിഡന്ടായിരുന്നപ്പോൾ താനടക്കമുള്ള കമ്മിറ്റി കേരള സര്‍ക്കാരുമായി ചേര്‍ന്ന് 25 വീടുകള്‍ നൽകി . ജോര്‍ജി വർഗീസ് പ്രസിഡണ്ടും താൻ സെക്രട്ടറിയുമായപ്പോൾ 25 വീടുകള്‍ കൂടി നൽകി ,
രണ്ടാമത്തേ പദ്ധതി അഭിമാനത്തോടെ പറയാന്‍ പറ്റുന്നത് ഫൊക്കാന മെഡിക്കല്‍ കാര്‍ഡാണ്. ഒരു പൈസ പോലും പിരിയ്ക്കാതെ തന്നെ 2000 -ത്തിലധികം അമേരിക്കന്‍- കനേഡിയന്‍ മലയാളികള്‍ക്ക് മെഡിക്കൽ കാർഡ് ലഭിച്ചു. അതുള്ളവർക്ക് കൊച്ചി രാജഗിരി ഹോസ്പിറ്റലിൽ ചാർജിൽ ഇളവും ചികിത്സക്ക് പ്രത്യേക സൗകര്യങ്ങളും ലഭിച്ചു. നാട്ടിലുള്ള ബന്ധുക്കൾക്കും അത് ഉപകാരപ്രദമായി. ഇനി അത് എല്ലാ നഗരങ്ങളിലുമുള്ള പ്രധാന ഹോസ്പിറ്റലുകളുമായി ചേർന്ന് വികസിപ്പിക്കണം.
മറ്റൊരു നേട്ടമായിരുന്നു ടി .എസ്.എ. സര്‍ട്ടിഫിക്കേഷന്‍. നാട്ടിലേക്ക് ഇവിടുന്ന് സാധനങ്ങള്‍ കയറ്റി അയക്കുമ്പോള്‍ കൃത്യമായ ഐഡന്റിഫിക്കേഷന്‍ വേണം. അത് നമ്മള്‍ എടുത്തു. ഡോ.ആനി പോളിന്റെ സഹായത്തോടെ കോവിഡ് കാലത്ത് വെന്റിലേറ്ററുകള്‍ അടക്കം രണ്ട് കോടിയിലേറെ രൂപയുടെ വസ്തുക്കൾ നാട്ടിലേക്ക് കയറ്റി അയച്ചു. ആരുടെയും ഒരു പൈസ പോലും അതിനു ചെലവായില്ല.
ജനറല്‍ സെക്രട്ടറി സ്ഥാനാർഥി ശ്രീകുമാര്‍ ഉണ്ണിത്താന്‍ അദ്ദേഹത്തിന്റെ അന്തരിച്ച ഭാര്യയുടെ ഓർമ്മക്കായി ചിറ്റാറിൽ 50 സെന്റ് സ്ഥലം സംഭാവന ചെയ്തതും സജിമോൻ വെളിപ്പെടുത്തി. അടുത്ത പ്രോജക്ടായി അവിടെ ഫൊക്കാന വില്ലേജ് സഫലമാക്കണം. ഇപ്പോൾ വയനാട് പ്രോജക്ടും സഫലമാക്കേണ്ടതുണ്ട്
അടുത്തത് കമ്മ്യൂണിക്കേഷ്ന്‍ സ്‌കില്‍ ആണ്. ഇപ്പോഴത്തെ ജനറഷേഷന്‍ പലരും ഇന്‍ട്രോവേര്‍ട്ടാണ്. അവര്‍ക്ക് രണ്ട് വാക്ക് സംസാരിക്കാന്‍ മടിയാണ്. പലരും സംസാരിക്കാന്‍ എന്നെ വിളിക്കല്ലേ വിളിക്കല്ലേ എന്നു പറയും. ഞാന്‍ ഇവിടെ വരുന്നതിന് മുമ്പ് എനിക്ക് കമ്യൂണിക്കേഷനില്‍ ട്രെയിനിംഗ് കിട്ടിട്ടുണ്ട്. അതു കൊണ്ട് ഞാന്‍ അതിന്റെ പ്രാധാന്യം മനസിലാക്കുന്നു. കമ്യുണിക്കേഷൻ മെച്ചപ്പെടുത്താനുള്ള പ്രോജക്ടാണ് മറ്റൊന്ന്.
അടുത്തത് ഫൊക്കാനയുടെ വുമണ്‍സ് ഫോറമാണ്. ഞാന്‍ ജനറല്‍ സെക്രട്ടറി ആയ സമയത്ത് വനിതാ പ്രതിനിധികളെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അത് മാറി. വിമൻസ് ഫോറം ചെയർ സ്ഥാനാർഥി ബോസ്റ്റണിൽ നിന്നുള്ള രേവതിപിള്ള കരിയർ രംഗത്തു വലിയ നേട്ടങ്ങൾ കൈവരിച്ച വനിതയാണ്.
വലിയ നേട്ടങ്ങൾ
സജിമോൻ ആന്റണി, മാർക്വിസ് ഹു ഈസ് ഹു അംഗീകാരം ലഭിച്ച ചുരുക്കം മലയാളികളിലൊരാളാണ്.
നൊവാർട്ടീസ് ഫർമസ്യൂട്ടിക്കൽ കമ്പനിയുടെ 2005 ലെ ഗ്ലോബൽ ലീഡർഷിപ് പ്രോഗ്രാം അനുസരിച്ചു തെരഞ്ഞടുക്കപെട്ട വ്യക്തി എന്ന നിലയിൽ അമേരിക്കയിൽ എത്തിയ സജിമോൻ അതിന് ശേഷം ഫിനാഷ്യൽ കൺസൾടെന്റ് ആയി. ചുരുങ്ങിയ കാലംകൊണ്ട് മികവ് തെളിച്ച സജിമോൻ, അതോടൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയിലും കൈവച്ചു. 2016ൽ എം.എസ്. ബി. ബിൽഡേഴ്സ് എന്ന കമ്പനി സ്ഥാപിച്ചു. ഇന്ന് റെസിഡൻഷ്യൽ ,കൊമ്മേർഷ്യൽ കൺസ്ട്രക്ഷൻ ഉൾപ്പെടെ ഒരേ സമയം വിവിധയിനം പ്രൊജെറ്റുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് ഈ സംരംഭം. 2019 ൽ ബിസിനസ്സ് വിപുലീകരിച്ച് മാം ആൻഡ് ഡാഡ് കെയർ ഹെൽത്ത് കെയർ എന്ന സ്ഥാപനം സ്ഥാപിച്ചു. അത് നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു . ഹോം ഹെൽത്ത് കെയർ. ഫിസിയോ തെറാപ്പി, നഴ്‌സിംഗ് തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ നൽകി അവിടെയും കൈയൊപ്പ് പതിക്കാൻ സജിമോന് കഴിഞ്ഞു. അങ്ങനെ ബിസിനസ്സ് തുടങ്ങിയ മേഘലകളിൽ എല്ലാം വിജയക്കൊടി പാറിച്ച സജിമോൻ ബിസിനസ്സ് സംരംഭകർക്ക് ഒരു മാതൃകയാണ്.
ഫാദർ മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൌണ്ടേഷനിലൂടെയാണ് സജിമോൻ സാമൂഹിക പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്.
2022 ൽ കേരള ലോക സഭയിൽ അംഗമാകുകയും, കേരള ലോക സഭ സമ്മേളനത്തിൽ പങ്കെടുക്കവെ, മലയാളത്തിലുള്ള ഒട്ടു മിക്ക ചാനലുകളിൽ ചർച്ചകളിൽ പങ്കെടുത്തു മികവ് കാട്ടി.
പാലയ്ക്കടുത്ത് കരിമ്പാനി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും അമേരിക്കയിൽ കുടിയേറിയ സജിമോൻ ആന്റണി ന്യൂജേഴ്സിയിലാണ് താമസം. ഭാര്യ ഷീന സജിമോൻ , മക്കൾ, ഇവ ആന്റണി എവിൻ ആന്റണി, ഈഥൻ ആന്റണി.