പുന്റാ കാനാ: ഫോമാ ഇലക്ഷനില്‍ തന്റെ ടീം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെങ്കിലും ഫോമയിലും സമൂഹത്തിലും തുടര്‍ന്നുവന്ന പ്രവര്‍ത്തനങ്ങള്‍ എക്കാലവും തുടരുമെന്ന് തോമസ് ടി. ഉമ്മന്‍ പ്രസ്താവിച്ചു. ഇലക്ഷന്‍ സമയത്ത് പലതരം വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി. മുന്‍കാലത്ത് വിവാദങ്ങളില്‍പ്പെട്ടവരെ അതില്‍ നിന്ന് രക്ഷിക്കാന്‍ താന്‍ മുന്‍കൈ എടുത്തതുപോലും മറന്നുകൊണ്ട് ചില നേതാക്കള്‍ പരസ്യമായി തനിക്കെതിരേ രംഗത്തുവന്നത് മനോവേദനയുണ്ടാക്കി.
ഫോമയില്‍എക്കാലവും പ്രവര്‍ത്തിക്കുന്നതും സമൂഹത്തിനുവേണ്ടി നിലകൊള്ളുന്നതും ഒന്നും വിലമതിക്കപ്പെടുന്നില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിച്ചത്. അതിലും ദുഖമുണ്ട്. പക്ഷെ തന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും നേട്ടതിനുവേണ്ടിയോ, ആരുടെയെങ്കിലും പ്രീതി സമ്പാദിക്കാനോ ആയിരുന്നില്ല. ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ടിട്ടുണ്ട്. അതുപോലെ ഉള്ള കാര്യങ്ങള്‍ തുറന്നുപറയാനും മടിച്ചിട്ടില്ല.
പക്ഷെ അതൊക്കെ അയോഗ്യതയാണെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. അതുകൊണ്ട് തന്റെ നിലപാടുകളില്‍ മാറ്റമൊന്നുമില്ല. ഫോമയില്‍ സജീവമായി പ്രവര്‍ത്തിക്കും. ഭാവിയില്‍ ഇലക്ഷന് നില്‍ക്കണോ തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. തന്റെ കൂടെ നിന്ന ടീം അംഗങ്ങള്‍ക്കും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു.