ഫോമ കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് മെട്രോ നാഷണല്‍ കമ്മിറ്റി അംഗമായി സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ അഭിമാനമായ ജോസ് വര്‍ഗീസ് ഉജ്വല വിജയം നേടി. ന്യൂയോര്‍ക്ക് മെട്രോ റീജിയനിലെ രണ്ട് സീറ്റുകള്‍ക്കായി നാലു പേര്‍ മത്സര രംഗത്തുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ വോ്ട്ടുകള്‍ കരസ്ഥമാക്കിയ ജോസ് വര്‍ഗീസ് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ജോസ് വര്‍ഗീസ് (53), ഏബ്രഹാം ഫിലിപ്പ് (51), ജോസഫ് കളപ്പുരയ്ക്കല്‍ (38), ജോണ്‍ തോമസ് (12) എന്നിങ്ങനെയായിരുന്നു വോട്ടിംഗ് നില.
ആകെ വോട്ട് ചെയ്ത 94.7 ശതമാനം പേരുടെ ഭൂരിപക്ഷം നേടി ബേബി മണക്കുന്നേല്‍ (പ്രസിഡന്റ്), ഷാലു പുന്നൂസ് (വൈസ് പ്രസിഡന്റ്), ബൈജു വര്‍ഗീസ് (സെക്രട്ടറി), സിജില്‍ പാലയ്ക്കലോടി (ട്രഷറര്‍) എന്നിവര്‍ ഫോമ ഭാരവാഹികളായി ചുമതലയേറ്റു.
ന്യൂയോര്‍ക്ക് മെട്രോ നാഷണല്‍ കമ്മിറ്റിയംഗം എന്ന നിലയില്‍ ഫോമയുടെ പുരോഗതിക്കും വളര്‍ച്ചയ്ക്കും വേണ്ടി കഠിന പ്രയത്‌നം ചെയ്യാന്‍ താന്‍ സന്നദ്ധനാണെന്നും ഓരോ സമ്മതിദായകരും തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും വിനീതമായി നന്ദി അര്‍പ്പിക്കുന്നതായും ജോസ് വര്‍ഗീസ് അറിയിച്ചു.
ജോസ് വര്‍ഗീസിന്റെ ഉജ്വല വിജയത്തില്‍ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ ഏറെ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് ജെമിനി തോമസ് സെക്രട്ടറി പ്രീനു ജെയിംസ്, ജോയിന്റ് സെക്രട്ടറി ഡോ. ഷൈല റോഷിന്‍, ട്രഷറര്‍ അലക്‌സ് വലിയവീടന്‍സ്, എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ഏറ്റെടുക്കുന്ന ഏത് ചുമതലയും ഏറ്റവും ഭംഗിയായി സമയബന്ധിതമായി നടപ്പിലാക്കുവാന്‍ കഴിവുള്ള ഊര്‍ജ്ജസ്വലനായ പ്രവര്‍ത്തകനാണ് ജോസ് വര്‍ഗീസ്. സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, ട്രഷറര്‍, സെക്രട്ടറി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ടൂര്‍ പ്രോഗ്രാം കണ്‍വീനര്‍, ദീര്‍ഘകാലമായി മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലുള്ള പ്രവര്‍ത്തന പരിചയം, ഫോമ എന്ന നാഷണല്‍ സംഘടനയുടെ വളര്‍ച്ചയ്ക്കായി ഉപകരിക്കുമെന്നതില്‍ സംശയമില്ല. അമേരിക്കയിലെ ആദ്യകാല സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ (MASI) എല്ലാവിധ പിന്തുണയും പ്രോത്സാഹനവും ജോസ് വര്‍ഗീസിന്റെ നേതൃത്വത്തിനൊപ്പമുണ്ടാകുമെന്ന് മാസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ അറിയിച്ചു.
വാര്‍ത്ത: ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്