അമേരിക്കൻ മലയാളി സമൂഹത്തിൽ നിറസാന്നിദ്ധ്യമായ ജോയ് ചാക്കപ്പൻ ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ ട്രഷർ ആയി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുകയാണ്. കാലങ്ങളായി ഫൊക്കാനയുടെ കരുത്തുറ്റ നേതാവും, മികച്ച സംഘടനാ പാടവത്തിന് പേരുകേട്ടയാളുമായ ചാക്കപ്പൻ, സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വ്യക്തിത്വം കൂടിയാണ്.
മുമ്പ് ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറി ആയി പ്രവർത്തിച്ച അദ്ദേഹം, 2018-2020-ലെ ഫൊക്കാനയുടെ കൺവെൻഷൻ ചെയർമാനായും പ്രവർത്തിച്ച് കഴിവ് തെളിയിച്ചിരുന്നു. നാഷണൽ കമ്മിറ്റി മെംബറായിരുന്ന ചാക്കപ്പൻ 2018-ല്‍ ഫിലാഡല്‍ഫിയായില്‍ നടന്ന ഫൊക്കാനയുടെ 18-മത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് ആന്‍ഡ് കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്ററുമായിരുന്നു.
തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടിയിൽ വളപ്പില്‍ പരേതരായ ചാക്കപ്പന്‍-മറിയം ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി ജനിച്ച ജോയ് ചാക്കപ്പന്‍ കാലടി ശ്രീശങ്കരാ കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം 1983-ല്‍ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ കുടിയേറി. പിന്നീട് അമേരിക്കയില്‍ തന്നെ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഐ.ടി.വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.
ന്യൂജേഴ്‌സിയിലെ പ്രമുഖ സാമൂഹ്യസംഘടനയായ കേരള കള്‍ച്ചറല്‍ ഫോറത്തിലൂടെയാണ് (കെ.സി.എഫ്.) ജോയ് ചാക്കപ്പൻ സാമൂഹ്യരംഗത്ത് കടന്നു വന്നത്. 25 വര്‍ഷം മുമ്പ് കെ.സി.എഫില്‍ എത്തിയ ചാക്കപ്പന്‍ കെ.സി.എഫിന്റെ പ്രസിഡന്റായി രണ്ടു തവണയും (നാല് വര്‍ഷം) സെക്രട്ടറിയായി ഒരു തവണയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ കെ.സി.എഫിന്റെ ട്രസ്റ്റി ബോര്‍ഡ് മെമ്പറായും ഡയറക്ടർ ബോർഡ് മെംബെർ ആയും പ്രവർത്തിക്കുന്നു.
ബര്‍ഗന്‍ഫീല്‍ഡിലെ കലാസാംസ്‌കാരിക സംഘടനയായ 'നാട്ടുകൂട്ടം'ത്തിന്റെ സ്ഥാപകരിലൊരാളായ ചാക്കപ്പൻ, ബോര്‍ഡ് അംഗവുമാണ്. ന്യൂജേഴ്‌സി സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയുടെ ആരംഭം മുതൽ ട്രസ്റ്റിയായും സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. ഇപ്പോള്‍ എസ്.എം.സി.സിയുടെ പാരിഷ് പ്രസിഡന്റാണ്.
2003-ല്‍ ന്യൂജേഴ്‌സില്‍ ഏറെ വിജയകരമായി നടന്ന സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ചാക്കപ്പന്‍ കണ്‍വെന്‍ഷന്‍ മികച്ച രീതിയില്‍ നടത്തി ഏവരുടെയും പ്രശംസ നേടിയിരുന്നു.
പ്രവർത്തനകാലയളവിനിടെ നിരവധി പുരസ്‌കാരങ്ങളും അവാർഡുകളും നേടിയിട്ടുള്ള അദ്ദേഹം, 2023-ൽ ബെർഗൻ കൗണ്ടി കമ്മ്യൂണിറ്റി സർവീസ് അവാർഡും നേടുകയുണ്ടായി. ഭാര്യ വത്സമ്മ ജോയിയോടൊപ്പം ന്യൂ ജേഴ്സിയിലെ ബെർഗൻ കൗണ്ടിയിൽ ആണ് താമസം. മക്കൾ നീന ജോയ്, നവീൻ ജോയ്.
ഫൊക്കാനയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജോയ് ചാക്കപ്പൻ ‘ഇ-മലയാളിയോട്’ സംസാരിക്കുന്നു.
ഫൊക്കാനയുമായി എത്ര നാളായി ഉള്ള ബന്ധമാണ്?
കഴിഞ്ഞ 20 വര്‍ഷങ്ങളായി ഫൊക്കാനയിലെ ഒരു സജീവപ്രവര്‍ത്തകനാണ് ഞാന്‍. നേരത്തെയും ഫൊക്കാനയില്‍ അംഗമായിരുന്നെങ്കിലും സംഘടനാപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലേയ്ക്ക് കടന്നുവരുന്നത് ഒരു പതിറ്റാണ്ട് മുമ്പാണ്. ഇക്കാലയളവില്‍ ഫൊക്കാനയിലെ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടായി. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ വളരെയധികം ആദരിക്കുന്നത് കൊണ്ടുതന്നെ ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വളരെയധികം താല്‍പര്യവും ഞാന്‍ കാണിക്കാറുണ്ട്. അതിന്റെ ഭാഗമായി ഇത്തവണത്തെ സംഘടനാതെരഞ്ഞെടുപ്പില്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുകയും, മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. സംഘടനയില്‍ ഇനിയും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തോടെ ഞാനും, സഹപ്രവര്‍ത്തകരും മുന്നോട്ട് പോകുകയാണ്.
ട്രഷറർ ആയി മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ എന്തായിരുന്നു?
വളരെയധികം ഉത്തരവാദിത്തമുള്ള ഒരു തസ്തികയാണ് ട്രഷററുടേത് എന്നെനിക്കറിയാം. അതിനാല്‍ത്തന്നെ അതിന്റെ പരിപാവനത കാത്തുസൂക്ഷിച്ചുകൊണ്ട് നൂറു ശതമാനം സത്യസന്ധമായി, എന്നിലര്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന പരിപൂര്‍ണ്ണമായ ഒരു വിശ്വാസം എനിക്കുണ്ട്. ഇതിന് മുമ്പും ചില സംഘടനകളുടെ ട്രഷറര്‍ സ്ഥാനത്ത് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അന്നെല്ലാം ആ ഉത്തരവാദിത്തങ്ങള്‍ വളരെ ഭംഗിയായി തന്നെ പൂര്‍ത്തീകരിക്കാന്‍ എനിക്ക് സാധിച്ചിട്ടുമുണ്ട്. ഫൊക്കാനയിലും സാമ്പത്തികമായും, അല്ലാതെയുമുള്ള കാര്യങ്ങള്‍ വളരെ ആത്മാര്‍ത്ഥതയോടുകൂടി തന്നെ നിര്‍വ്വഹിക്കുകയും, എല്ലാവിധ കണക്കുകളും നൂറുശതമാനം സുതാര്യതയോടെ പൊതുജനങ്ങളെയും, കമ്മിറ്റിയെയും അറിയിക്കുകയും ചെയ്യുന്നതാണ്. അങ്ങനെയൊരു ഉറപ്പ് സ്വയം ഉണ്ടായത് കൊണ്ട് മാത്രമാണ് ഞാന്‍ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചത്.
ട്രഷറർ എന്ന നിലയിൽ ഫൊക്കാനയിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്?
ഇതിന് മുമ്പ് എന്നെക്കാള്‍ പ്രഗത്ഭരായ പലരും അലങ്കരിച്ച ഒരു തസ്തികയാണിത്. അവരുടെ പാത പിന്തുടരുന്നതിനൊപ്പം തന്നെ എന്നാല്‍ കഴിയുന്ന ചെറിയ ചില മാറ്റങ്ങള്‍ കൊണ്ടുവരാനും ശ്രമിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടത്, അനാവശ്യമായി സംഘടനയ്ക്ക് വരുന്ന ചെലവുകള്‍ ഇല്ലാതാക്കും എന്നതാണ്. അതുപോലെ രണ്ട് വര്‍ഷം കൂടുമ്പോള്‍ കണക്ക് അവതരിപ്പിക്കുന്നതിന് പകരമായി ഇനിമുതല്‍ ഓരോ രണ്ട് മാസം കൂടുമ്പോഴും എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് കണക്കുകള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍ കമ്മിറ്റിയിലും കൃത്യമായ ഇടവേളകളില്‍ വരവ് ചെലവ് കണക്കുകള്‍ ബോധിപ്പിക്കുന്നതാണ്. ഭാരവാഹികള്‍ എന്ന നിലയില്‍ ഞങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നതിനോടൊപ്പം, വിപുലമായ പരിപാടികളും പ്ലാന്‍ ചെയ്യുന്നുണ്ട്. ഒട്ടനവധി സാമ്പത്തിക ഇടപാടുകള്‍ വരാന്‍ സാധ്യതയുള്ള ജനോപകാരപ്രദമായ പദ്ധതികളാണവ. അതിന്റെ കണക്കുകളെല്ലാം യഥാസമയം കൃത്യമായി ബോധിപ്പിക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഫൊക്കാന പോലുള്ള സംഘടനകളുടെ അമേരിക്കയിലെ പ്രവാസി സമൂഹത്തിലെ പ്രാധാന്യം എന്താണ്?
ഫൊക്കാന എന്നത് സംഘടനകളുടെ ഒരു സംഘനയാണ്. അമേരിക്കയിലും, കാനഡയിലുമുള്ള 75-ഓളം സംഘടനകളാണ് നിലവില്‍ ഫൊക്കാനയിലുള്ളത്. ഈ രാജ്യങ്ങളിലെ പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യം. അതേസമയം തന്നെ നമ്മുടെ ജന്മഭൂമിയായ കേരളത്തില്‍ കഴിയുന്നത്ര ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാനും സംഘടന പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കേരളത്തിലെ അര്‍ഹരായവര്‍ക്ക് 'ഫൊക്കാന വില്ലേജ്' എന്ന് പേരിട്ടിരിക്കുന്ന അമ്പത് സെന്റ് സ്ഥലത്ത് വീട് വച്ചുനല്‍കുക അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടന നിലവില്‍ വിഭാവനം ചെയ്തിട്ടുണ്ട്. സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ ശ്രീകുമാർ ഉണ്ണിത്താന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്താണ് ഇത് നിര്‍മ്മിക്കുന്നത്. ഒപ്പം വയനാട്ടില്‍ ദുരന്തമനുഭവിച്ച കുറച്ച് കുടുംബങ്ങള്‍ക്കെങ്കിലും സഹായമെത്തിക്കാന്‍ ഫൊക്കാന ശ്രദ്ധിക്കുന്നുമുണ്ട്.
നൂറോളം ആളുകള്‍ക്ക് ഹിപ്പ് ആന്‍ഡ് നീ റീപ്ലേസ്‌മെന്റ് ഓപ്പറേഷന്‍ ചെയ്യാന്‍ സഹായം നല്‍കുകയാണ് മറ്റൊരു പ്രധാന പദ്ധതി. നിലവില്‍ കേരളത്തില്‍ ഫൊക്കാനയുമായി ചേര്‍ന്ന് മെഡിക്കല്‍ കാര്‍ഡ് ലഭ്യമാക്കുന്നത് ഒരു ആശുപത്രി മാത്രമാണ്. മൂന്നുനാല് ആശുപത്രികളെ കൂടി ഈ പദ്ധതിയിലേയ്ക്ക് ചേര്‍ത്ത്, മെഡിക്കല്‍ കാര്‍ഡ് പദ്ധതി വിപുലീകരിക്കാനുള്ള നടപടികളും എടുത്തുവരികയാണ്.
അമേരിക്കയിലും, കാനഡയില്‍ നിന്നുമെല്ലാം പ്രവാസികള്‍ നാട്ടില്‍ പോയി ഷോപ്പ് ചെയ്യുമ്പോള്‍, അവര്‍ക്ക് ഉപകാരപ്രദമാകുന്ന പ്രിവിലേജ് ലഭിക്കുന്ന തരത്തില്‍ ഒരു ക്ലബ്ബ് കാര്‍ഡ് നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങളും അണിയറയില്‍ നടന്നുവരികയാണ്.
മേല്‍ പറഞ്ഞതുപോലെ അമേരിക്കയിലെ പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി അവരുടെ താല്‍പര്യങ്ങള്‍ പരിഗണിച്ച് മാറ്റങ്ങള്‍ കൊണ്ടുവരിക, പ്രസിഡന്‍ഷ്യല്‍, കോളജ് റെക്കഗ്നീഷന്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, പ്രവാസികളുടെ വലുതും, ചെറുതുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായം നല്‍കുക എന്നിങ്ങനെ ഇവിടുത്തെ പ്രവാസികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത് തന്നെയാണ് ഫൊക്കാനയെ വേറിട്ട് നിര്‍ത്തുന്നതും, പ്രസക്തമാക്കുന്നതും.
അതോടൊപ്പം കേരളത്തിലും, അമേരിക്കയിലുമായി ഫൊക്കാന കണ്‍വെന്‍ഷനുകളും പ്ലാന്‍ ചെയ്തുവരികയാണ്. സാധാരണയായി നടന്നുവരുന്ന കണ്‍വെന്‍ഷനായല്ല, മറിച്ച് വലിയൊരു പരിധി വരെ ഒരു വെക്കേഷന്‍ പോലെ, കുടുംബങ്ങള്‍ക്ക് ഒത്തുകൂടാനും, ആസ്വദിക്കാനുമുള്ള ഒരു പരിപാടിയായാണ് അത് വിഭാവനം ചെയ്തിരിക്കുന്നത്. നീളന്‍ പ്രസംഗങ്ങളിലും, വാഗ്ദാനങ്ങളിലും ഒതുക്കിനിര്‍ത്താതെ, പങ്കെടുക്കുന്ന അംഗസംഘടനളില്‍ പെടുന്നവര്‍ക്ക് രണ്ടുമൂന്ന് ദിവസക്കാലം ജീവിതത്തിലെ കഷ്ടതകള്‍ മറന്ന് സന്തോഷിക്കുവാനും, അതോടൊപ്പം തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സാധിക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ ഒരു പരിപാടി ആയിരിക്കും അത്. ക്രൂസ് അടക്കമുള്ള മറ്റ് ചില പരിപാടികളും അതോടൊപ്പം പ്ലാന്‍ ചെയ്യുന്നുണ്ട്.
നാട്ടുകൂട്ടത്തെ പറ്റി?
നാട്ടുകൂട്ടം യഥാര്‍ത്ഥത്തില്‍ ഏതാനും കുടുംബങ്ങള്‍ ചേര്‍ന്ന ഒരു കൂട്ടായ്മയാണ്. 35 കുടുംബങ്ങള്‍ ഒരേ സ്വരത്തില്‍, ഒരേ ചിന്തയില്‍, ഒരേ ആശയത്തില്‍ മുന്നോട്ടുപോകുകയാണ് നാട്ടുകൂട്ടത്തിലൂടെ. എല്ലാ മാസവും ഒരുമിച്ച് കൂടിയുള്ള പ്രാര്‍ത്ഥനകള്‍, സാമൂഹികമായ ചര്‍ച്ചകള്‍, യാത്രകള്‍, ക്യാംപിങ് എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. ഓണം പോലുള്ള ആഘോഷങ്ങളിലും എല്ലാ കുടുംബങ്ങളും ഒരുമയോടെ പങ്കെടുത്തുവരുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയ ആശയത്തിലൂന്നിയുള്ളതല്ല, മറിച്ച് ഒരേ മനസുള്ള 35 കുടുംബങ്ങളാണ് നാട്ടുകൂട്ടത്തിന്റെ കരുത്ത്. 20-ലേറെ വര്‍ഷമായി നാട്ടുകൂട്ടം ഇത്തരത്തില്‍ മുന്നോട്ടുപോകുന്നു. അതില്‍ അംഗമാണ് എന്നത് എന്റെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്.
ഭാവി പദ്ധതികളെ പറ്റി?
ഫൊക്കാനയുടെ ഭാവിപദ്ധതികളെ പറ്റി പറയുകയാണെങ്കില്‍ വലിയ വലിയ വാഗ്ദാനങ്ങളൊന്നും ഞങ്ങള്‍ നല്‍കുന്നില്ല. അതുപോലെ കോടിക്കണക്കിന് രൂപ ചെലവാക്കിക്കൊണ്ടുള്ള പരിപാടികള്‍ നടത്താനും ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അമേരിക്കയിലും കാനഡയിലുള്ള മലയാളികളായ പ്രവാസികളുടെ പരിപാടികളില്‍ പങ്കെടുക്കുക, അവരുടെ പൊതുവായ ആവശ്യങ്ങളെ പറ്റി ചര്‍ച്ച ചെയ്യുക, അവ നടപ്പിലാക്കാന്‍ സഹായിക്കുക എന്നിവയ്ക്കായി ഫൊക്കാന മുമ്പിലുണ്ടാകും. ഇവിടുത്തെ പ്രവാസികളെ പറ്റി പറയുകയാണെങ്കില്‍, അവര്‍ക്ക് വലിയ വലിയ കാര്യങ്ങളൊന്നും തന്നെ വേണമെന്നില്ല, എന്നാല്‍ അവരുടെ ചെറിയ ആവശ്യങ്ങള്‍ പോലും അഗണിക്കപ്പെടുമ്പോഴാണ് അവര്‍ തങ്ങള്‍ അംഗങ്ങളായ സംഘടനകളോട് അകലുന്നതും, ശത്രുതാമനോഭാവം വച്ച് പുലര്‍ത്തുന്നതും. അതില്‍ അവരെ പൂര്‍ണ്ണമായും തെറ്റ് പറയാന്‍ സാധിക്കുകയുമില്ല. ഈ സംഘടനകള്‍ തങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ചോദിക്കുമ്പോള്‍ പറയാന്‍ കൃത്യമായി ഉത്തരം ഉണ്ടാകണം.
അതിനാല്‍ ഞങ്ങളെ സമീപിക്കുന്ന പ്രവാസികളുടെ ചെറിയ ആവശ്യങ്ങള്‍ പോലും ശ്രദ്ധാപൂര്‍വ്വം പരിഗണിച്ച്, കഴിയുന്ന സഹായങ്ങള്‍ ചെയ്യാനാണ് ഫൊക്കാന ശ്രമിക്കുക. ഫോട്ടോകളിലും, പ്രസംഗങ്ങളിലും പരിപാടികള്‍ ഒതുക്കാതെ, ഓരോ പ്രവാസിക്കൊപ്പവും ചേര്‍ന്നുനിന്ന്, അവരിലൊരാളായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.