Image

ഒ.ഐ.സി.സിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായി ഷൈനു ക്ലെയര്‍ മാത്യൂസ്; ചുമതലയേല്‍ക്കുന്നത് സംഘടനയുടെ യു കെ അധ്യക്ഷയായി; നഴ്സ് ആയി യു കെയില്‍ എത്തി, ഇപ്പോള്‍ പ്രമുഖ പൊതു പ്രവര്‍ത്തക, ചാരിറ്റി സംഘാടക, സംരംഭക; യു കെയില്‍ ശക്തമായ സംഘടനാ സംവിധാനം ഒരുക്കുക പ്രധാന ദൗത്യം

റോമി കുര്യാക്കോസ് Published on 17 August, 2024
ഒ.ഐ.സി.സിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായി ഷൈനു ക്ലെയര്‍ മാത്യൂസ്; ചുമതലയേല്‍ക്കുന്നത് സംഘടനയുടെ യു കെ അധ്യക്ഷയായി; നഴ്സ് ആയി യു കെയില്‍ എത്തി, ഇപ്പോള്‍ പ്രമുഖ പൊതു പ്രവര്‍ത്തക, ചാരിറ്റി സംഘാടക, സംരംഭക; യു കെയില്‍ ശക്തമായ സംഘടനാ സംവിധാനം ഒരുക്കുക പ്രധാന ദൗത്യം

ലണ്ടന്‍: കെ.പി.സി.സിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി) - ന്റെ യു കെ നാഷണല്‍ പ്രസിഡന്റ് ആയി ശ്രീമതി. ഷൈനു ക്ലെയര്‍ മാത്യുസ് നിയമിതയായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീ. ടി യു രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച ഔദ്യോഗിക കത്ത് പുറത്തിറക്കിയത്. ഒ ഐ സി സിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയാണ് ശ്രീമതി. ഷൈനു ക്ലെയര്‍ മാത്യൂസ്. സംഘടനയുടെ സാന്നിധ്യം യു കെയില്‍ ഉടനീളം വ്യാപിപ്പിക്കുക, സംഘടന സംവിധാനം ശക്തമാക്കുക എന്നീ പ്രധാന ദൗത്യങ്ങളാണ് കെ പി സി സി ശ്രീമതി. ഷൈനുവിന് നല്‍കിയിരിക്കുന്നത്.

ഒ ഐ സി സി (യു കെ) വര്‍ക്കിംഗ് പ്രസിഡന്റ്, യൂറോപ്പ് വനിതാ വിംഗ് കോര്‍ഡിനേറ്റര്‍ എന്നീ പദവികള്‍ വഹിച്ചുവരവേയാണ് പുതിയ ചുമതല തേടിയെത്തിയത്. കേരളത്തിലും യു കെയിലും പൊതുരംഗത്തും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ ഷൈനു മാത്യൂസിന് അര്‍ഹതയ്ക്കുള്ള അംഗീകാരം കൂടി ആയാണ് കെ പി സി സി പുതിയ ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത്.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഴ്‌സ് ആയി യു കെയിലേക്ക് കുടിയേറിയ ഷൈനു മാത്യൂസ്, വിപരീതമായ ഒട്ടേറെ ജീവിത സാഹചര്യങ്ങളോടും പ്രതിബന്ധങ്ങളോടും പടവെട്ടിയാണ് മുന്നോട്ട് നീങ്ങിയത്. ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രം കൈമുതലാക്കി പടിപടി ആയി അവര്‍ ഉയര്‍ത്തിയ ജീവിത സാഹചര്യം ഇന്ന് പലര്‍ക്കും പ്രചോദനമാണ്.

കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന കുട്ടികളുടെ പാഠനാവശ്യങ്ങള്‍ക്കായുള്ള ധന ശേഖരണണാര്‍ത്ഥം, 2017, 2022 വര്‍ഷങ്ങളില്‍ രണ്ടു തവണയായി മഞ്ചേസ്റ്ററില്‍ വെച്ച് 150,00 അടി ഉയരത്തില്‍ സാഹസികമായ സ്‌കൈ ഡ്രൈവിങ്ങ് നടത്തുകയും അതിലൂടെ സമാഹരിച്ച മുഴുവന്‍ തുകയും കുട്ടികളുടെ പഠന ചിലവിനായി നല്‍കുകയും ചെയ്തത്. രണ്ട് പ്രാവശ്യമായി പത്ത് ലക്ഷത്തോളം രൂപയാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇങ്ങനെ സമാഹരിക്കപ്പെട്ടത്. അതിന്റെയൊക്കെ തുടര്‍ പ്രവര്‍ത്തനമായി സെപ്റ്റംബര്‍ 8 - ന് വീണ്ടും സ്‌കൈ ഡൈവിങ് ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ് ശ്രീമതി. ഷൈനു.

കെ.പി.സി.സി തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ഏല്‍പ്പിച്ച ദൗത്യം അങ്ങേയറ്റം ആത്മാര്‍ത്ഥതയുടെ നിറവേറ്റുമെന്നും അതിനായി എല്ലാവരുടെയും സഹകരണവും പിന്തുണയും തനിക്കുണ്ടാകണമെന്നുമായിരുന്നു ഒ.ഐ.സി.സി (യു കെ) അധ്യക്ഷയായി നിയമിതായ വാര്‍ത്തയോട് ശ്രീമതി ഷൈനു ക്ലെയര്‍ മാത്യൂസ് പ്രതികരിച്ചത്.

തുടക്ക കാലത്ത് കേരളത്തിലും മാഞ്ചസ്റ്ററിലെ പൊതു മണ്ഡലത്തിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഷൈനു മാത്യുസിന്റെ പൊതുപ്രവര്‍ത്തനവും ചാരിറ്റി സേവനങ്ങളും ഇന്ന് യു കെയുടെ മുക്കിലും മൂലയിലും എത്തിത്തിചേര്‍ന്നിട്ടുണ്ട്.

പിതാവിന്റെ അടുത്ത മിത്രവും കുടുംബ സുഹൃത്തുമായ ശ്രീ. ഉമ്മന്‍ ചാണ്ടിയെ തന്റെ ചെറുപ്പം മുതല്‌ക്കെ അടുത്ത് കണ്ടു അറിയാന്‍ സാധിച്ചത്, തന്റെ ജീവിതത്തിലെ വലിയ നാഴികകല്ലായി മാറി എന്ന് വിശ്വസിക്കുന്ന ഷൈനു മാത്യൂസ്, കക്ഷി - രാഷ്ട്രീയ - ജാതി - വര്‍ണ്ണത്തിനതീതമായുള്ള ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതിന് അദ്ദേഹത്തെയാണ് മാതൃക ആക്കിയത്.

ആതുര സേവന രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഷൈനു മാത്യൂസ് ഇന്ന് ക്ലെയര്‍ മൗണ്ട്, ഏയ്ഞ്ചല്‍ മൗണ്ട്, സിയോന്‍ മൗണ്ട് എന്നീ മൂന്ന് നഴ്‌സ്സിംഗ് ഹോമുകളുടെ ഉടമയുമാണ്.

നഴ്‌സിംഗ് ഹോമുകള്‍ക്ക് പുറമെ, മലയാളികള്‍ക്ക് നാടന്‍ ഭക്ഷണം തനതു ശൈലിയില്‍ ഗുണമേന്മയോടെ ചുവര്‍ച്ചിത്രങ്ങളുടെ ഓരം പറ്റി ആസ്വദിക്കുവാന്‍ ഉതകുന്ന അന്തരീക്ഷം നല്‍കിക്കണ്ട് ഗള്‍ഫ് നാടുകളിലും യു കെയിലെ കവട്രിയിലും ഒരുക്കിയിരിക്കുന്ന 'ടിഫിന്‍ ബോക്‌സ്' ഹോട്ടല്‍ ശൃംഗലയും ഷൈനു മാത്യൂസിന്റെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്.

മാഞ്ചസ്റ്ററിലെ ബോള്‍ട്ടനില്‍ സ്ഥിരതാമസക്കാരിയായ ഷൈനു, പ്രവാസി ഭാരതി കേരള യുടെ 'ദ് ലേഡി ഓഫ് എക്‌സലന്‍സ് പുരസ്‌കാരം', ഒഐസിസി - ഇന്‍കാസ് ഷാര്‍ജ അവാര്‍ഡ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറത്തിന്റെ 'ബിസിനസ് വിമെന്‍' അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക