പുന്റകാന: ഫോമായുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് ഇക്കുറി ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പതാകയേന്തുന്ന പീറ്റര്‍ കുളങ്ങര അര്‍ഹനായപ്പോള്‍ സുമനസുകള്‍ക്ക് ഏറെ സന്തോഷം. കഴിഞ്ഞ തവണ ഫോമായുടെ കാന്‍കൂണ്‍ കണ്‍വെന്‍ഷനിലും അദ്ദേഹത്തിന് മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അംഗീകാരം ലഭിച്ചിരുന്നു. ഏറെക്കാലമായി ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലും ആരെങ്കിലും മരണപ്പെട്ടാല്‍ അവരുടെ ശവസംസ്‌കാര ചടങ്ങുകളുടെ ഉത്തരവാദിത്വം യാതൊരു പ്രതിഫലവും സ്വീകരിക്കാതെ സ്വയം ഏറ്റെടുക്കുകയും, പ്രത്യേകിച്ച് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാന്‍ നിയമ സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുകയും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് താങ്ങായും, തണലായും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പീറ്റര്‍ കുളങ്ങരയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിനാണ് ഫോമയുടെ പുരസ്‌കാരം അന്ന് നല്‍കിയത്. ''ഭൂമിയില്‍ നിന്ന് ആരും അനാഥരായി മടങ്ങേണ്ടി വരരുത്...'' എന്ന ചിന്തയോടെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് പീറ്റര്‍ കുളങ്ങര.
ഇപ്രാവശ്യം ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ പുന്റകാന ആത്ഥ്യമരുളിയ എട്ടാമത് ഫോമാ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനില്‍ മുന്‍ മന്ത്രി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയാണ് പീറ്റര്‍ കുളങ്ങരയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. അമേരിക്കയിലും കേരളത്തിലും നടത്തിയ, സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫോമാ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയതെന്ന് ഫോമാ അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. വയനാട് ദുരന്തത്തില്‍ അതിജീവനത്തിനായി വേദനിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സഹായമെത്തിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് പീറ്റര്‍ കുളങ്ങര പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വ്യക്തമാക്കി.
ഇക്കൊല്ലം ജനുവരി മാസത്തില്‍ കോട്ടയം ക്‌നാനായ ഇടക്കാട്ട് പള്ളി അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറും മുച്ചക്ക്ര സ്‌കൂട്ടറും ശ്രവണ സഹായിയും നല്‍കി അവരെയെല്ലാം ജീവിതത്തിന്റെ പുതിയ പ്രതീക്ഷ സന്നിധിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ വ്യക്തിയാണ് പീറ്റര്‍ കുളങ്ങര. ചിക്കാഗോ സോഷ്യല്‍ ക്ലബ്, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷന്‍, ഫോമാ ചിക്കാഗോ റീജിയന്‍ എന്നീ സംഘടനകള്‍ പീറ്റര്‍ കുളങ്ങരയുടെ നേതൃത്വത്തില്‍ നൂറ് നിര്‍ദ്ധനരായ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കാണ് ഇലക്ട്രിക് വീല്‍ ചെയറും, മുച്ചക്ര സ്‌കൂട്ടറും ഉള്‍പ്പെടെ ജീവസന്ധാരണത്തിനായുള്ള സഹായം നല്‍കിയത്.
കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയില്‍ കുളങ്ങര കെ.ജെ മാത്യുവിന്റെയും ചിന്നമ്മ മാത്യുവിന്റെയും എട്ട് മക്കളില്‍ ഏഴാമനായ പീറ്റര്‍ കുളങ്ങര കുട്ടിക്കാലം മുതല്‍ക്കേ സമൂഹത്തോട് സഹജീവി സ്‌നേഹത്തിന്റെ ഭാഷയിലും അനുകമ്പയിലും സംവദിച്ചാമ് വളര്‍ന്നത്. 1982-ല്‍ അമേരിക്കയിലേക്ക് ചേക്കേറുമ്പോഴും മാതാപിതാക്കള്‍ പഠിപ്പിച്ച നന്മയും നേരിന്റെ വഴികളും പീറ്റര്‍ കുളങ്ങരയുടെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. അമേരിക്കയില്‍ എത്തിയ ശേഷം ഡിവറായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ അസോസിയേറ്റ് ഡിഗ്രിയെടുത്ത പീറ്റര്‍ സഹപാഠികളുടെ എല്ലാം പ്രിയപ്പെട്ടവനായിരുന്നു. കേബിള്‍ ടി.വി ഏരിയാ മാനേജരായി പീറ്റര്‍ അഞ്ചു വര്‍ഷത്തോളം ജോലി ചെയ്തു. 1991-ല്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങി.
ജോലിക്കൊപ്പം തന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങേണ്ടതിന്റെ ആവശ്യകത കൂടി അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉടലെടുത്തത് അമേരിക്കയില്‍ വച്ചായിരുന്നു. തന്റെ കസിന്‍ മരിച്ച സമയത്ത് ഫ്യൂണറല്‍ ഹോമില്‍ പോയി സംസ്‌കാര ചടങ്ങുകള്‍ക്ക് വേണ്ട കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് അതൊരു ഉത്തരവാദിത്വം ആണെന്ന് പീറ്റര്‍ കുളങ്ങരയ്ക്ക് മനസിലായത് . മരിച്ചവരെ സമാധാനമായി യാത്രയാക്കാന്‍ ഉള്ള ഒരു സാമൂഹിക അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ നല്ല മനസ്സുണ്ടാവണം. മരിച്ചവരെ സമാധാനത്തോടെ മടക്കി അയയ്ക്കുക എന്നുള്ളത് കുടുംബാംഗങ്ങള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണല്ലോ.
സംസ്‌കാര ചടങ്ങുകള്‍ക്ക് പള്ളി ഇല്ലാതിരുന്ന സമയത്തും മരിച്ചവര്‍ക്ക് വേണ്ടി പീറ്റര്‍ കുളങ്ങര പ്രവര്‍ത്തിച്ചു. അവരുടെ സംസ്‌കാരത്തിന് വേണ്ടതെല്ലാം ചെയ്തു കൊടുത്തു അവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ അവരെ പ്രാപ്തരാക്കി. ഒരിക്കലും പീറ്റര്‍ ഇതിനൊന്നും യാതൊരു പ്രതിഫലവും കൈപ്പറ്റിയിട്ടില്ല. കോവിഡിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ അഞ്ചോളം ശവസംസ്‌കാരങ്ങള്‍ പീറ്ററിന്റെ നേതൃത്വത്തില്‍ നടത്തി. അന്ന് വളരെ കഷ്ടപ്പെട്ട് ആര്‍ക്കും കോവിഡ് പകരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളും അദ്ദേഹം സ്വീകരിച്ചിരുന്നു.
അമേരിക്കയിലെ മലയാളി സംഘടനകളിലെ നിറസാന്നിധ്യമാണ് പീറ്റര്‍ കുളങ്ങര. ചിക്കാഗോ കെ.സി.എസിന്റെ ട്രഷറര്‍, വൈസ് പ്രസിഡന്റ്, കെ.സി.സി.എന്‍.എ ആര്‍.വി.പി, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ആദ്യകാല ചെയര്‍മാന്‍, പിന്നീട് പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് ഫോമ ആര്‍.വി.പി, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍, ഫോമ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ഫോമ ഹൗസിംഗ് പ്രോജക്ട് മെമ്പര്‍, ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ പ്രഥമ കൈക്കാരന്‍ (ട്രസ്റ്റി), 2010 മുതല്‍ പള്ളിയുടെ ഫ്യൂണറല്‍ കോ- ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും അദ്ദേഹം തന്റെ സേവനം വ്യാപിപ്പിച്ചു.
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും 2018-20 കാലഘട്ടത്തിലെ പ്രസിഡന്റുമായി. സോഷ്യല്‍ ക്ലബിന്റെ നേതൃത്വത്തില്‍ 25 വീടുകള്‍ കേരളത്തിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുവാന്‍ അദ്ദേഹം മുന്നിട്ട് പ്രവര്‍ത്തിച്ചു. സാമൂഹ്യ പ്രവര്‍ത്തകയായ സുനില്‍ ടീച്ചറുമായി ചേര്‍ന്ന് ഇവയില്‍ 11 വീടുകള്‍ പീറ്റര്‍ കുളങ്ങര മറ്റുള്ളവരുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വടം വലി മത്സരം നടത്തുമ്പോള്‍ അതിന്റെ അമരത്ത് പീറ്റര്‍ കുളങ്ങരയുണ്ടായിരുന്നു.
പ്രളയകാലത്ത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ കാമ്പയിന്‍ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് വേണ്ട സഹായങ്ങളെല്ലാം തന്നെ കേരളത്തില്‍ എത്തിക്കുവാന്‍ ആവശ്യമായതെല്ലാം അദ്ദേഹം ചെയ്തിരുന്നു. ചിങ്ങവനം മൂഴിപ്പറമ്പില്‍ സാലിക്കുട്ടിയാണ് ഭാര്യ. ഷെറില്‍, മിഷേല്‍ എന്നിവര്‍ മക്കള്‍. ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിത വളര്‍ച്ചയ്ക്കായി സേവനം നടത്തുന്ന ഷെറില്‍, ഭര്‍ത്താവ് പോലീസ് ഉദ്യോഗസ്ഥനായ ടോണി പടിയറ ചങ്ങനാശേരി. മിഷേല്‍ സ്പീച്ച് പത്തോളജിസ്റ്റാണ്. ഭര്‍ത്താവ് റ്റോബിന്‍ ഇണ്ടിക്കുഴി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജരായി ജോലി ചെയ്യുന്നു.