ഫോമയെക്കാള്‍ കരുത്തുറ്റ പ്രസ്ഥാനമാണ് വിമന്‍സ് ഫോറം എന്ന് മുന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഇടയ്ക്കിടെ പറയുമായിരുന്നു. നാനാരംഗത്തുമുള്ള വനിതാ മുന്നേറ്റത്തിന്റെ പ്രതീകമായിരുന്നു വിമന്‍സ് ഫോറം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, സ്‌കോളര്‍ഷിപ്പ് പദ്ധതി, വ്യത്യസ്ത വിഷയങ്ങളെപ്പറ്റിയുള്ള കോണ്‍ഫറന്‍സുകള്‍ എല്ലാം വിമന്‍സ് ഫോറത്തെ വ്യത്യസ്തമാക്കി.
എന്നാല്‍ വിമന്‍സ് ഫോറം രൂപംകൊണ്ടപ്പോള്‍ ഇതായിരുന്നില്ല സ്ഥിതി എന്ന് ആദ്യത്തെ വിമന്‍സ് ഫോറം ചെയറും ഇപ്പോള്‍ വീണ്ടും വനിതാ പ്രതിനിധിയായി വിജയിക്കുകയും ചെയ്ത ഗ്രേസി ജയിംസ് അനുസ്മരിക്കുന്നു. 2008- 2010 കാലത്ത് വിമന്‍സ് ഫോറത്തില്‍ പ്രവര്‍ത്തിക്കാന്‍ കുറച്ചുപേരെ നിര്‍ബന്ധിച്ച് കണ്ടെത്തുകയായിരുന്നു. അത് നല്ല തുടക്കമായിരുന്നുവെന്ന് പിന്നീടുള്ള പ്രവര്‍ത്തനം തെളിയിച്ചു.
എങ്കിലും കുറച്ച് നാളുകളായി വിമന്‍സ് ഫോറം പഴയ പ്രതാപം നിലനിര്‍ത്തുന്നുണ്ടോ എന്ന് പലര്‍ക്കും സംശയം. അവരാണ് വീണ്ടും സജീവമാക്കാന്‍ അഭ്യര്‍ത്ഥിച്ചത്.
ഇപ്പോൾ ആറു വനിതാ പ്രതിനിധികള്‍ വേണ്ടിടത്ത് അഞ്ചു പേരേയുള്ളൂ. ഒരാളെക്കൂടി എക്‌സിക്യൂട്ടീവും നാഷണല്‍ കമ്മിറ്റിയും കണ്ടെത്തണം. അതുപോലെ വിമന്‍സ് ഫോറം ചെയറും പുറത്തുനിന്നും വരണം.
മറ്റ് വനിതാ പ്രതിനിധികളുമായൊക്കെ ബന്ധപ്പെട്ട് വരുന്നതേയുള്ളുവെന്ന് ഗ്രേസി ജയിംസ് പറഞ്ഞു. യുവത്വവും പുതിയ ആശയങ്ങളുമുള്ളവരാണ് അവര്‍.
തന്നെ സംബന്ധിച്ചിടത്തോളം ചാരിറ്റി, സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. അതുപോലെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ സെമിനാറുകളും, ബോധവത്കരണവും സംഘടിപ്പിക്കുക എന്നതും. സെമിനാറുകള്‍ സൂമില്‍ പോരാ നേരിട്ടുവേണം എന്നതാണ് തന്റെ പക്ഷം. മുമ്പ് ചര്‍ച്ച ചെയ്തിട്ടുള്ളവയാണെങ്കിലും താഴെപ്പറയുന്ന വിഷയങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. വാര്‍ദ്ധക്യത്തെ എങ്ങനെ നേരിടാം അഥവാ ഏജിംഗ് ഗ്രേസ് ഫുള്ളി, കാൻസറിനെതിരെ വ്യത്യസ്ത തരം കര്‍മ്മപദ്ധികളും, പ്രതിരോധ മാര്‍ഗ്ഗങ്ങളും, യുവജനതയെ എങ്ങനെ നേര്‍വഴിക്ക് വളര്‍ത്താം എന്നിവയൊക്കെ. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇതൊക്കെ പുതിയ പ്രശ്‌നങ്ങളായി നമുക്ക് മുന്നില്‍ വീണ്ടും അവതരിക്കുന്നു. ചുരുക്കത്തില്‍ ഈ വിഷയങ്ങളൊന്നും പഴയതല്ല.
പ്രശസ്തമായ അക്കരക്കാഴ്ച സീരിയലില്‍ ചില രംഗങ്ങളില്‍ ഗ്രേസി ജയിംസ് അഭിനയിച്ചിട്ടുണ്ട്. കൈരളി ടിവിയുടെ ജോസ് കാടാപ്പുറം ആദ്യകാല നഴ്‌സുമാരെപ്പറ്റി ഒരു സീരിയല്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിക്കുകയായിരുന്നു. അതെപ്പറ്റി തങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് ടിവി കണക്ഷന്‍ കൊടുക്കാന്‍ പോയ വീട്ടിലെ ചെറുപ്പക്കാരൻ ടിവി സീരിയല്‍ കഥ ഉണ്ടാക്കുമെന്നറിഞ്ഞത്. മൂന്നു നാല് എപ്പിസോഡ് എഴുതി നല്‍കാന്‍ പറഞ്ഞു. അതു വായിച്ച് താന്‍ തന്നെ ചിരിച്ചുപോയി. അബി വര്‍ഗീസ് ആയിരുന്നു ആ ചെറുപ്പക്കാരന്‍. തിരക്കഥ രചിക്കാന്‍ അജയന്‍ വേണുഗോപാലിനെ ചേര്‍ത്തു. പിന്നീട് അക്കരക്കാഴ്ച ചരിത്രവുമായി.
അമേരിക്കയിലെ ആദ്യകാല മലയാളികളിലൊരാളാണ് ഗ്രേസി ജയിംസ്. 1971-ല്‍ ന്യൂജേഴ്‌സിയില്‍ എത്തി. ന്യു ജേഴ്‌സിയിൽ ഹോസ്പിറ്റല്‍ ആണ് സ്‌പോണ്‍സര്‍ ചെയ്തത്. 1973 -ല്‍ സഹോദരനും മുന്‍ ഫോമാ പ്രസിഡന്റുമായ ബേബി ഊരാളില്‍ എത്തി.
അകാലത്തിൽ 1981-ല്‍ ഭര്‍ത്താവിന്റെ വിയോഗം ജീവിതത്തെ ഏറെ ബാധിച്ചു. കുറച്ചു നാള്‍ ജോലി ചെയ്തില്ല. ചിക്കന്‍പോക്‌സ് വന്നു ന്യൂമോണിയ ആയി മാറിയതാണ് . ആശുപത്രിയില്‍ ഫ്‌ളൂയിഡ് കയറ്റിയതാണ് ദോഷകരമായതെന്നാണ് ഇന്നും താൻ കരുതുന്നത്. ഡോക്ടര്‍മാര്‍ക്കും അക്കാര്യം അന്നത്ര അറിയില്ലായിരുന്നു.
ന്യു യോർക്ക് ലോംഗ് ഐലന്റിലെ പില്‍ഗ്രിംസ് സ്റ്റേറ്റ് ഹോസ്പിറ്റലില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്. അവിടെ യൂണിയന്‍ കൗണ്‍സിലര്‍ ആയിരുന്നു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒൻപതു വര്ഷം പ്രവർത്തിച്ചു. ലേബര്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലും അഫര്‍മേറ്റീവ് ആക്ഷന്‍ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു. സ്റ്റേറ്റ് ഓഫീസുകളുമായി നിരന്തരം ബന്ധപ്പെട്ടു.
ഫോമായിൽ എന്നും പ്രവർത്തനം തുടർന്ന് ഗ്രേസി ജെയിംസ് ഒരു വട്ടം ഇലക്ഷൻ കമ്മീഷണറുമായിരുന്നു
ഇപ്പോൾ ഡാലസിൽ താമസം. റിട്ടയര്‍മെന്റിനുശേഷം ന്യു യോർക്ക് വിട്ടു. മക്കൾ മൂന്നുപേരും കുടുംബവുമൊത്ത് ഡാളസിലേക്ക് മാറി.