ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനയിൽ ഓഗസ്റ്റ് 8 മുതൽ 11 വരെ നടന്ന ഫോമായുടെ അന്തർദേശീയ കൺവൻഷൻ നടന്നിട്ട് ഒരാഴ്ച കഴിഞ്ഞു. ഫോമാ ട്രഷറർ എന്ന നിലയിലെ രണ്ടുവർഷക്കാലത്തെ അനുഭവങ്ങൾ ബിജു തോണിക്കടവിൽ പങ്കുവയ്ക്കുന്നു...
ആശങ്കകളുടെ മുൾമുനയിൽ നിന്നുകൊണ്ട് ഒരു പരിപാടി വിജയിപ്പിക്കുക എന്നത് എളുപ്പമല്ല,കൺവൻഷന്റെ വിജയത്തെ എങ്ങനെ വിലയിരുത്തുന്നു?
കൺവൻഷൻ നടക്കുമോ രജിസ്ട്രേഷൻ കുറയുമോ എന്നിങ്ങനെ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. ഫോമായെ സ്നേഹിക്കുന്ന സുഹൃത്തുക്കളുടെ ആത്മാർത്ഥ പ്രവർത്തനമാണ് കൺവൻഷൻ ഗംഭീരമാക്കാൻ സഹായിച്ചത്.45 പേരുടെ സ്‌പോൺസർഷിപ്പ് ലഭിച്ചതുകൊണ്ട് സാമ്പത്തികമായി ക്ലേശങ്ങൾ ഉണ്ടായില്ല.ശരീരംകൊണ്ടോ മനസ്സുകൊണ്ടോ ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു. അമേരിക്കയുടെ അങ്ങോളം ഇങ്ങോളമുള്ള ആയിരത്തിലധികം ആളുകൾ പുന്റ കാനയിൽ ഒത്തുകൂടി.നാട്ടിൽ നിന്ന് പുറപ്പെട്ട ആർട്ടിസ്റ്റുകളുടെയും മറ്റും ടിക്കറ്റ് കാൻസൽ ആയതൊക്കെ ആ സമയത്ത് അല്പം ടെൻഷൻ ഉണ്ടാക്കി. പക്ഷെ,അത്തരം പ്രതിബന്ധങ്ങൾ മികച്ച ഒരു ടീം ഉള്ളതുകൊണ്ട് വേഗത്തിൽ പരിഹരിക്കാൻ കഴിഞ്ഞു.ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ചൂട് ചിലർക്കെങ്കിലും അല്പം ബുദ്ധിമുട്ടുണ്ടാക്കി. പ്രതീക്ഷിച്ചതിനേക്കാൾ കടുത്ത വേനലായിരുന്നിട്ടും ആളുകൾ പരിപാടികളും കായികവിനോദങ്ങളും ആസ്വദിച്ചു. കരീബിയൻ സ്റ്റൈലിലെ ഭക്ഷണം എല്ലാവരുടെയും രുചിമുകുളങ്ങൾക്ക് യോജിക്കുന്നതായിരുന്നില്ല. നമുക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണം ലഭിക്കുന്ന കൗണ്ടറുകൾ ധാരാളമുണ്ടായിരുന്നു. കൃത്യമായി സെലെക്റ്റ് ചെയ്യാൻ കഴിഞ്ഞവർ അക്കാര്യത്തിൽ സംതൃപ്തരാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും സംഘാടകൻ എന്ന നിലയിൽ നല്ല രീതിയിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ സാധിച്ചെന്നാണ് വിശ്വാസം. നാട്ടിൽ നിന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,മാത്യു കുഴൽനാടൻ എംഎൽഎ,മോൻസ് ജോസഫ് എംഎൽഎ,മുൻ ഡിജിപി ടോമിൻ തച്ചങ്കരി,സിനിമാ താരങ്ങളായ ടിനി ടോം, സ്വാസിക, ഗായകരായ ഫ്രാങ്കോ, ലക്ഷ്മി ജയൻ,രമേശ് ബാബു തുടങ്ങിയവർ എത്തിയിരുന്നു.
അടുത്ത ഭരണസമിതി അധികാരമേൽക്കുമ്പോൾ ട്രഷറർക്കുള്ള ഉത്തരവാദിത്തങ്ങൾ?തിരിഞ്ഞുനോക്കുമ്പോൾ ചാരിതാർഥ്യം തോന്നുന്ന അനുഭവം?
നവംബർ ഒന്നിനാണ് അടുത്ത ഭരണസമിതി അധികാരമേൽക്കുന്നത്.അതിനുമുൻപായി വരവുചിലവുകൾ കൃത്യമായി വിലയിരുത്തുകയും കൊടുക്കേണ്ടവർക്ക് പണം കൊടുക്കുകയും കിട്ടേണ്ടത് വാങ്ങിക്കുകയും ചെയ്യണം. ഫോമായുടെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തത്ര തുക മിച്ചം പിടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതാണ് ട്രഷറർ എന്ന നിലയിൽ തിരിഞ്ഞുനോക്കുമ്പോൾ ചാരിതാർഥ്യം പകരുന്ന അനുഭവം.അനാവശ്യമായി ഒരു രൂപ പോലും കളഞ്ഞിട്ടില്ല. ആവശ്യക്കാർക്ക് ധാരാളം സഹായങ്ങൾ എത്തിക്കാനും കഴിഞ്ഞു.പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നല്ലൊരു ടീമാണ് വന്നിരിക്കുന്നത്.അവർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.തുടർന്നും എല്ലാവിധ സഹകരങ്ങളുമായി ഫോമായോടൊപ്പം ഉണ്ടായിരിക്കും.
വയനാട് ദുരിതബാധിതർക്കുള്ള കൈത്താങ്ങ് ആയിരുന്നല്ലോ നിങ്ങളുടെ ഭരണസമിതിയുടെ ഒടുവിലത്തെ പ്രഖ്യാപനം.അതിനെക്കുറിച്ച്...
വയനാട്ടിലെ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകുന്നതിനെക്കുറിച്ച് നാഷണൽ കമ്മിറ്റിയിലും ജനറൽ ബോഡിയിലും നിർദ്ദേശം വച്ചപ്പോൾ എല്ലാവരും അതിൽ സഹകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ ഭരണസമിതിയും അതിനുവേണ്ടി പ്രവർത്തിക്കാൻ സന്നദ്ധരാണ്.അവരുമായി ഒരു മീറ്റിംഗ് വിളിച്ചുകൂട്ടി ഒന്നിച്ച് പ്രോജക്റ്റ് നടപ്പാക്കും.ഒരു പ്രൊജക്ടും ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതല്ല, ഫോമാ എന്ന സംഘടനയുടേതാണ്.
ട്രഷററുടെ ഉത്തരവാദിത്തം തലവേദന പിടിച്ചതായിരുന്നോ? എങ്ങനെയാണ് ഈ രണ്ടുവർഷക്കാലത്തെ ഓർമ്മിക്കുന്നത്?
പണത്തിന്റെ പേരിലാണല്ലോ ആളുകൾ സ്നേഹിതരും ശത്രുക്കളും ആകുന്നത്.അങ്ങനെനോക്കുമ്പോൾ,ട്രഷററുടെ ജോലി എളുപ്പമല്ല. പേരുദോഷം കേൾക്കാൻ എളുപ്പമാണ്. വളരെ ആത്മാർത്ഥമായി ആസ്വദിച്ചാണ് ഞാൻ ജോലി ചെയ്തിട്ടുള്ളത്.കഴിവതും അതാത് ദിവസത്തെ കണക്കുകൾ എഴുതി സൂക്ഷിക്കാറുണ്ട്.വൗച്ചർ അനുസരിച്ച് കൊടുക്കാനുള്ള പണം കൃത്യമായി നൽകാറുണ്ട്. പണത്തിന് വേണ്ടി ആർക്കും തുടരെ വിളിച്ച് കഷ്ടപ്പെടേണ്ട അവസ്ഥ വരുത്തിയിട്ടില്ല.
ഭാവി പ്രവർത്തനം? ഇനി മത്സരരംഗത്ത് പ്രതീക്ഷിക്കാമോ?
ഫോമായുടെ കമ്മിറ്റിയിലെ എക്സ്-ഒഫീഷ്യൽ എന്ന നിലയിൽ എന്ത് സഹായത്തിനും കൂടെയുണ്ടാകും. ഏത് പ്രവർത്തനത്തിനും മികച്ച പിന്തുണ നൽകും.രണ്ടു വർഷത്തിന് ശേഷം, പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആഗ്രഹമുണ്ട്.അതിനും സുഹൃത്തുക്കൾ പിന്തുണയ്ക്കുമെന്നറിയാം. സൺഷൈൻ റീജിയന്റെ ചെയർമാൻ സ്ഥാനത്തിരിക്കെ ഫോമായുടെ ആർസിസി പ്രൊജക്ടുമായി സഹകരിച്ചുകൊണ്ടാണ് ഞാൻ സംഘടനയുമായി കൂടുതൽ അടുത്തത്.ജോയിന്റ് ട്രഷറർ ആയ ശേഷം ട്രഷറർ ആയത് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.മെമ്പർ അസോസിയേഷന്റെ എല്ലാ പരിപാടികൾക്കും പങ്കെടുക്കാറുണ്ട്.അതിൽ നിന്നും ഒരുപാട് പാഠങ്ങൾ പഠിച്ചു.പ്രവർത്തിപരിചയം എന്നത് വലിയ കാര്യമാണ്. പടിപടിയായി ഫോമായുടെ വളർച്ചയ്‌ക്കൊപ്പം സഞ്ചരിക്കാനായി. ഇപ്പോഴും ഫോമായുടെ കൂടെയുള്ളതുകൊണ്ട് ബൈലോയിൽ വരുന്ന മാറ്റങ്ങൾ ഉൾപ്പെടെ എല്ലാക്കാര്യത്തെക്കുറിച്ചും അറിയാം. അതുകൊണ്ടൊക്കെയാണ് അടുത്ത ഇലക്ഷനിൽ മത്സരിക്കാമെന്ന് വിചാരിക്കുന്നത്.
പുതിയ ഭരണസമിതിക്ക് നൽകാനുള്ള ഉപദേശം?
ഒത്തൊരുമിച്ച് പോവുക എന്നത് പ്രധാനമാണ്.പൊട്ടലും ചീറ്റലും ഇല്ലാതെ പോവുകയാണെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.