ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളെ ഒരു കുടയുടെ തണലില്‍ ഒരുമിപ്പിക്കുന്ന ഫോമായുടെ 2024-'26 ഭരണസമിതിയിലേയ്ക്ക് വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ച ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തങ്ങളുടെ ജനപക്ഷ മുഖമുള്ള സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സജ്ജരായിക്കഴിഞ്ഞു.
''തിരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണല്ലോ. അതിനെ സ്പാര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയാണ് ഞാന്‍ കാണുന്നത്. എല്ലാവരെയും നേഞ്ചോടുചേര്‍ത്തൊരുമിപ്പിച്ച്, ഫോമാ കുടുംബാംഗങ്ങളെയും അമേരിക്കന്‍ മലയാളി പൊതു സമൂഹത്തയും വിശ്വാസത്തിലെടുത്തുകൊണ്ട്, സങ്കുചിത ചിന്തകളൊന്നുമില്ലാതെ ഫോമായുടെ സര്‍വതോന്‍മുഖവും കാലോചിതവുമായ പുരോഗതിക്കുവേണ്ടി കൂട്ടായി പ്രവര്‍ത്തിക്കും...'' ബേബി മണക്കുന്നേല്‍ പറഞ്ഞു.
അടുത്ത രണ്ടുവര്‍ഷക്കാലം ഫോമായുടെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കുക, സംഘടനയെ അമേരിക്കന്‍ മലയാളികളുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസൃതമായി വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിചയസമ്പത്തിന്റെ കരുത്തില്‍ ബേബി മണക്കുന്നേലിന്റെ ടീം ചുമതലയേറ്റിരിക്കുന്നത്. അംഗസംഘടനകളുടെയും വിവിധ ഫോമാ റീജിയനുകളുടെയും അമേരിക്കന്‍ മലയാളി പൊതു സമൂഹത്തിന്റെയും ആശീര്‍വാദങ്ങളും പിന്തുണയും ലഭിച്ചതിനാലാണ് പാനല്‍ അംഗങ്ങള്‍ എല്ലാവരും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
റിട്ടയര്‍മെന്റ് പ്രൊജക്ട്, റീജിയനുകളുടെ ശാക്തീകരണത്തിലൂടെയുള്ള ഫോമായുടെ കെട്ടുറപ്പ്, വനിതാ-യുവജനക്ഷേമം, ബിസിനസ് ഫോറത്തിന് റീജിയന്‍ തലത്തില്‍ ശാഖകള്‍, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, ഹെല്‍പ്പിംഗ് ഹാന്‍ഡ്സിന് പുതിയ മുഖം, റീജിയന്‍ തലത്തിലെ കലാ-കായിക മത്സരങ്ങളും നാഷണല്‍ കണ്‍വന്‍ഷനില്‍ ഗ്രാന്റ് ഫിനാലെയും, അമേരിക്കന്‍ മണ്ണിലെ കണ്‍വന്‍ഷന്‍ തുടങ്ങി നിരവധി സ്വപ്ന പദ്ധതികളാണ് ടീം യുണൈറ്റഡ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുക. കൂടാതെ അമേരിക്കന്‍ മലയാളി സമൂഹത്തെ പൊതുവില്‍ ബാധിക്കുന്ന പ്രശ്നങ്ങളുടെ സമയബന്ധിതമായ പരിഹാരവും ലക്ഷ്യമിടുന്നു. നാട്ടിലേക്കുള്ള ജീവകാരുണ്യ പദ്ധതികളുടെ തുടര്‍ച്ചയും അവസരോചിതമായി ഉണ്ടാകുമെന്ന് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി.
ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ പുന്റ കാനായില്‍ നടന്ന എട്ടാമത് ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ 94.7 ശതമാനം പേരാണ് വോട്ട് ചെയ്തത്. ആകെയുള്ള 548 വോട്ടില്‍ 514 പേര്‍ വോട്ടുചെയ്തപ്പോള്‍ ബേബി മണക്കുന്നേലിന് (പ്രസിഡന്റ്-ഹൂസ്റ്റണ്‍) 386-ഉം, ബൈജു വര്‍ഗീസിന് (ജനറല്‍ സെക്രട്ടറി-ന്യൂജേഴ്സി) 302-ഉം, സിജില്‍ ജോര്‍ജ് പാലക്കലോടിക്ക് (ട്രഷറര്‍-കാലിഫോര്‍ണിയ) 427-ഉം, ഷാലൂ മാത്യു പുന്നൂസിന് (വൈസ് പ്രസിഡന്റ്-ഫിലാഡല്‍ഫിയ) 391-ഉം, പോള്‍ പി ജോസിന് (ജോയിന്റ് സെക്രട്ടറി-ന്യൂയോര്‍ക്ക്) 410-ഉം, അനുപമ കൃഷ്ണന് (ജോയിന്റ് ട്രഷറര്‍-ഒഹായോ) 336-ഉം വോട്ടുകളാണ് ലഭിച്ചത്. ടീം യുണൈറ്റഡിന്റെ ഈ വിജയം മലയാളി സമൂഹത്തില്‍ വലിയ ആവേശവും പ്രതീക്ഷകളും സൃഷ്ടിച്ചിട്ടുണ്ട്.