Image

പൈതൃകത്തിൻ്റെ ചിഹ്നമായ ആറന്മുള കണ്ണാടി ഫോമാ ദേശീയ കൺവൻഷൻ വേദിയിൽ

ഡോ. മധു നമ്പ്യാർ Published on 27 August, 2024
പൈതൃകത്തിൻ്റെ ചിഹ്നമായ ആറന്മുള കണ്ണാടി ഫോമാ ദേശീയ കൺവൻഷൻ വേദിയിൽ

വാഷിംഗ്ടൺ: ഫോമാ ദേശീയ കൺവൻഷനിൽ പങ്കെടുത്ത ഓരോ കുടുംബത്തിനും അതിഥികൾക്കും ആറന്മുള കണ്ണാടി സമ്മാനിച്ചത് ശ്രദ്ധേയമായി. പരമ്പരാഗത ആറന്മുള കണ്ണാടിയിൽ ഫോമാ ലോഗോയോടൊപ്പം ഗ്രേറ്റ് ഗ്രാറ്റിറ്റ്യൂഡ് ഫോമാ 22-24 എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ഫോമാ കൺവൻഷൻ വേദിയിൽ ഇത്തരമൊരു വ്യത്യസ്തമായ സമ്മാനം നൽകിയത് മലയാള പൈതൃകത്തോടുള്ള ആദരവാണ്.

2015ലെ ഫോമാ സമ്മർ ടു കേരള പ്രോഗ്രാമിൽ പൈതൃകഗ്രാമമായ ആറന്മുള സന്ദർശിക്കുകയും ആറന്മുള കണ്ണാടിയുടെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിയുകയും ചെയ്തു. നിരവധി നിയമപ്രക്രിയകൾ അതിജീവിച്ചാണ് സംഘാടകർ കേരളത്തിൽ നിന്ന് കൺവൻഷൻ നടക്കുന്നിടത്തേക്ക് ആറന്മുള കണ്ണാടി എത്തിച്ചത്. സംഘാടനമികവിൻ്റെയും പരിശ്രമത്തിൻ്റെയും ഫലമാണിത്.

ആറന്മുള കണ്ണാടി

ആറന്മുളയെ ലോകം കാണുന്നത് ആറന്മുള കണ്ണാടിയിലൂടെയാണ്.  ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയതും ഭൗമസൂചിക അംഗീകാരം ലഭിച്ചതുമായ ഉല്‍പന്നമാണ് ആറന്മുളക്കണ്ണാടി. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന കൂട്ടുലോഹമാണു കണ്ണാടിയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 

സാധാരണ കണ്ണാടികളില്‍ പ്രതിബിംബം ഗ്ലാസിനു പിറകിലെ രസപാളിയിലാണു രൂപപ്പെടുന്നത്. അതിനാല്‍ പ്രതിബിംബത്തിനു വ്യതിയാനം സംഭവിക്കുന്നു. ആറന്മുള കണ്ണാടിയുടെ പ്രതലത്തിലാണു പ്രതിബിംബം രൂപപ്പെടുക. ഇത് യഥാര്‍ഥ വസ്തുവിന്റെ രൂപത്തോടു പൂര്‍ണമായ സാമ്യം പുലര്‍ത്തും. ആറന്മുള കണ്ണാടി നിര്‍മാണത്തിലെ രഹസ്യക്കൂട്ട് ഇവിടെയുള്ള ചില കുടുംബങ്ങള്‍ക്കു മാത്രമാണ് ഇന്നും അറിയുന്നത്. മലയാളിയുടെ സവിശേഷമായ ചടങ്ങുകളിൽ പ്രത്യേകമായ സ്ഥാനം ആറന്മുള കണ്ണാടിക്കുണ്ട്.
 

പൈതൃകത്തിൻ്റെ ചിഹ്നമായ ആറന്മുള കണ്ണാടി ഫോമാ ദേശീയ കൺവൻഷൻ വേദിയിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക