ഹ്യുസ്റ്റൺ: ബേബി മണക്കുന്നേൽ നയിക്കുന്ന ഫോമാ 2024-26 വർഷത്തെ പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനവും അധികാര കൈമാറ്റവും ജനറൽ ബോഡിയും ഒക്ടോബർ 26ന് ഹ്യുസ്റ്റണിൽ നടത്തും. സെപ്റ്റംബർ ഒമ്പതാം തീയതി വൈകുന്നേരം നേർക്കാഴ്ച മീഡിയ ഔട്ട്ലെറ്റ് ഓഡിറ്റോറിയത്തിൽ വച്ച് കൂടിയ ഫോമ സതേൺ റീജിയൻ യോഗത്തിൽ വച്ചാണ് ഈ തീരുമാനമെടുത്തത്.
വിപുലമായ പരിപാടികളോടെയാണ് ഉത്‌ഘാടനം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
സ്റ്റാഫോർഡിലുള്ള ഇമ്മാനുവേൽ മാർത്തോമാ സെന്ററിൽ വെച്ച് നടത്തപെടുന്ന ഈ പരിപാടിയിലേക്കു ഫോമയുടെ ഡെലിഗേറ്റ്മാരെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്ന് കമ്മറ്റി അംഗങ്ങൾ യോഗശേഷം പറഞ്ഞു.
സതേൺ റീജിയൻ ചെയർമാൻ മാത്യു വർഗീസ് (രാജേഷ്) ൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ സന്നിഹിതനായിരുന്നു. മുൻ റീജണൽ വൈസ് പ്രസിഡൻറ് മാത്യൂസ് മുണ്ടക്കൽ, നാഷണൽ കമ്മിറ്റി മെമ്പർമാരായ ജിജു കുളങ്ങര, രാജൻ യോഹന്നാൻ, ഫോമ ഫൗണ്ടിങ് പ്രസിഡൻറ് ശശിധരൻ നായർ, ഫോമ മുന്‍ ട്രഷറർ എം.ജി.മാത്യു തുടങ്ങിയവർ സംസാരിച്ചു.
പ്രവർത്തനോദ്ഘാടന നടത്തിപ്പിനായി വിവിധ കമ്മിറ്റികളും രൂപീകരിക്കയുണ്ടായി. പരിപാടിയുടെ കൺവീനറായി മാത്യൂസ് മുണ്ടക്കലിനേയും കോഡിനേറ്ററായി സുബിൻ കുമാരനെയും യോഗം തെരഞ്ഞെടുത്തു. ട്രഷററായി ജോയ് എം സാമുവൽ, പിആർഒ ആയി അജു വാരിക്കാട് മീഡിയ കോഡിനേറ്ററായി സൈമൺ വാളാച്ചേരിൽ, ട്രാൻസ്പോർട്ടേഷൻ ഇൻചാർജ് ആയി തോമസ് ജോർജ്, തോമസ് ഓലിയാൻകുന്നേൽ, രാജൻ യോഹന്നാൻ എന്നിവരെയും തെരഞ്ഞെടുത്തു. റിസപ്ഷൻ കമ്മിറ്റിയുടെ ചുമതല എസ് കെ ചെറിയാനെയും, എം ജി മാത്യുവിനെയും ഫുഡ് കമ്മിറ്റിയുടെ കൺവീനർ ആയി ബാബു മുല്ലശ്ശേരിയെയും ഐക്യകണ്ടെന തിരഞ്ഞെടുത്തു. പ്രോഗ്രാം കമ്മിറ്റിയിലേക്ക് സണ്ണി കാരിക്കൽ ഉൾപ്പെടുന്ന വിപുലമായ ടീമിനെയാണ് ഉൾപ്പെടുത്തത്തിയിരിക്കുന്നത് .