Image

'Send Now, Pay Later' : പ്രവാസികള്‍ക്ക് ചാകര: കൈയിലില്ലെങ്കിലും ഇനി എത്ര പണവും അയക്കാം; ഗഡുവായി അടച്ചാല്‍ മതി

Published on 20 September, 2024
'Send Now, Pay Later' : പ്രവാസികള്‍ക്ക് ചാകര: കൈയിലില്ലെങ്കിലും ഇനി എത്ര പണവും അയക്കാം; ഗഡുവായി അടച്ചാല്‍ മതി

അബുദാബി: ക്രെഡിറ്റ് കാര്‍ഡ് മാതൃകയില്‍ കൈയില്‍ പണം ഇല്ലാത്തപ്പോഴും പണം അയക്കാനും ഇടപാട്‌നടത്താനും കഴിയുന്ന വിധത്തില്‍ യു.എ.ഇയിലെ അബുദാബി ആസ്ഥാനമായ മുന്‍നിര ഉപഭോക്തൃ സാങ്കേതികവിദ്യാ ഹോള്‍ഡിംഗ് ഗ്രൂപ്പായ ആസ്ട്ര ടെക് പുതിയ സംവിധാനം അവതരിപ്പിച്ചു. ബോട്ടിം അള്‍ട്രാ ആപ്പ് വഴി 'ഇപ്പോള്‍ അയയ്ക്കുക, പിന്നീട് പണമടയ്ക്കുക' ('Send Now, Pay Later' service) എന്ന സേവനം ആണ് തുടങ്ങിയത്. ഈ പുതിയ സേവനം ഉപയോക്താക്കളെ തല്‍ക്ഷണ കൈമാറ്റങ്ങളിലൂടെ അന്തര്‍ദ്ദേശീയമായി പണം അയയ്ക്കാന്‍ അനുവദിക്കുന്നു. ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്ന MENA മേഖലയിലെ ആദ്യത്തെ ഫിന്‍ടെക് ആയി Botimനെ മാറ്റുന്നു.

ഇതുപ്രകാരം നിങ്ങള്‍ക്ക് സ്വന്തം നാട്ടിലേക്കയക്കാന്‍ ആവശ്യമായ പണം ബോട്ടിം നല്‍കുന്നതാണ്. പകരം തവണകളായി അടച്ചാല്‍ മതി. പല പ്രവാസികള്‍ക്കും ഏറെ പ്രയോജനകരമായ ഈ ഫീച്ചര്‍ അവരുടെ സാമ്പത്തിക ഇടപാടുകളെ സുഗമമാക്കാന്‍ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ആസ്ട്ര ടെക്കിന്റെ ഫിന്‍ടെക് ഇക്കോസിസ്റ്റത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് 'Send Now, Pay Later' സേവനം സാധ്യമാക്കുന്നത്. 2023ല്‍ വിപുലീകരിച്ച പണമടയ്ക്കല്‍ സേവനങ്ങളുടെ വിജയത്തെത്തുടര്‍ന്നാണ് യു.എ.ഇയുടെ മള്‍ട്ടിബില്യണ്‍ ദിര്‍ഹം റെമിറ്റന്‍സ് മാര്‍ക്കറ്റിന്റെ ഗണ്യമായ പങ്ക് പിടിച്ചെടുക്കാന്‍ ആസ്ട്ര ടെക് തന്ത്രപരമായി 'Send Now, Pay Later' സേവനത്തെ അവതരിപ്പിക്കുന്നത്.

'ഞങ്ങളുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വളരെ വേഗം പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ദശലക്ഷക്കണക്കിന് വരുന്ന പ്രവാസികള്‍ക്ക് ഇത് വളരെയധികം ഉപകാരപ്പെടും. ഈ ആപ്പിലൂടെ സ്വദേശത്ത് വളരെ എളുപ്പത്തില്‍ പണമയയ്ക്കാം'- ആസ്ട്ര ടെക്കിന്റെ സ്ഥാപകനും ബോട്ടിം CEOയുമായ അബ്ദുള്ള അബു ഷെയ്ഖ് പറഞ്ഞു.

യുഎഇ സെന്‍ട്രല്‍ ബാങ്ക് ലൈസന്‍സുള്ള സാമ്പത്തിക സേവന ദാതാവായ ക്വാണ്ടിക്സ് വഴി ഫിനാന്‍സ് കമ്പനി ലൈസന്‍സ് നേടിയതിന് പിന്നാലെയാണ് ബോട്ടിം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. 'Send Now, Pay Later' സംവിധാനത്തിലൂടെ സാധനങ്ങള്‍ വാങ്ങാനും കഴിയും. ഉപയോക്താവിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി ഉടന്‍ മാറുക എന്നതാണ് 2022ല്‍ ആരംഭിച്ച ബോട്ടിം ലക്ഷ്യമിടുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക