കേംബ്രിഡ്ജ് : യു കെ യില്‍ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, പുതുമുഖ പ്രതിഭകള്‍ക്ക് അവസരമൊരുക്കിയും, നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ 7 ബീറ്റ്സ് സംഗീതോത്സവത്തിനു കേംബ്രിഡ്ജില്‍ സീസണ്‍ 8 നു വേദിയൊരുങ്ങുന്നു. 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 8 & ചാരിറ്റി ഈവന്റിന് ഇത്തവണ അണിയറ ഒരുക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാംസ്‌കാരിക-സാമൂഹിക സംഘടനയായ 'കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷന്‍' ആണ്.
യു കെ യുടെ ചരിത്രം ഉറങ്ങുന്ന നഗരിയും, സാംസ്‌ക്കാരിക കേന്ദ്രവും, വിദ്യാഭ്യാസ മേഖലയില്‍ ആഗോളതലത്തില്‍ പ്രശസ്തവുമായ കേംബ്രിഡ്ജില്‍ 'ദി നെതെര്‍ഹാള്‍ സ്‌കൂള്‍' ഓഡിറ്റോറിയത്തിലാണ് സംഗീത-നൃത്തോത്സവത്തിനായി വേദി ക്രമീകരിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 22 നു ശനിയാഴ്ച്ച 2 മണിമുതല്‍ രാത്രി 10 മണി വരെയാണ് സംഗീതോത്സവം നടക്കുക.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഓ എന്‍ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്സ് സംഗീതോത്സവ വേദിയില്‍ നടത്തപ്പെടും. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം കരസ്ഥമാക്കിയ മലയാളത്തിന്റെ പ്രിയ കവിയുടെ സംഗീതാര്‍ച്ചനയുമായി നിരവധി ഗായക പ്രതിഭകള്‍ ഗാന വിരുന്നൊരുക്കുമ്പോള്‍ 7 ബീറ്റ്സ് സംഗീതോത്സവം നാളിതുവരെയുള്ള വര്‍ഷങ്ങളില്‍ ഓ എന്‍ വി സാറിനായി ഒരുക്കുന്ന കലാ സമര്‍പ്പണം കൂടിയാവും സംഗീതോത്സവം.
സംഗീതവും നൃത്തവും സമന്വയിക്കുന്ന സംഗീതോത്സവത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നിരവധി യുവ കലാകാര്‍ക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കുവാന്‍ അവസരം ഒരുക്കുകയും, യൂകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി വ്യക്തികള്‍ വേദി പങ്കിടുകയും ചെയ്യുന്ന സംഗീതോത്സവത്തില്‍ ഏഴാം തവണയും ടൈറ്റില്‍ സ്‌പോണ്‍സറായി എത്തുന്നത്, പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ഇന്‍ഷുറന്‍സ് & മോര്‍ട്ടഗേജ് സര്‍വീസസ് ആണ്.
ഷാന്‍ പ്രോപ്പര്‍ട്ടീസ്, ടിഫിന്‍ ബോക്‌സ് റസ്റ്റോറന്റ്, ഡ്യു ഡ്രോപ്സ് കരിയര്‍ സൊല്യൂഷന്‍സ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, മലബാര്‍ ഫുഡ്‌സ്, ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി, ജോയ് ആലുക്കാസ് ജ്യുവലേഴ്സ്, ഐഡിയല്‍ സോളിസിറ്റേഴ്‌സ്, കേരളം ഡിലൈറ്റ്‌സ്, തട്ടുകട റെസ്‌റോറന്റ്, അച്ഛയന്‍സ് ചോയ്സ് ലിമിറ്റഡ് എന്നിവരും 7 ബീറ്റ്സ് സംഗീതോത്സവത്തിനു പ്രായോജകരായി സഹകരിക്കുന്നുണ്ട്.
കലാസ്വാദകര്‍ക്കു സൗജന്യമായി പ്രവേശനമൊരുക്കുന്ന സംഗീതോത്സവം അതിസമ്പന്നമായ കലാവിരുന്നാണ് കലാസ്വാദകര്‍ക്കായി ഒരുക്കുക.സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഇവന്റ് മുഖാന്തിരം സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ കഴിഞ്ഞ ഏഴു വര്‍ഷമായി കേരളത്തിലെ നിരവധി നിര്‍ദ്ധനരായ കുടുംബങ്ങളെ സഹായിക്കുവാന്‍ 7 ബീറ്റ്സ് സംഗീതോത്സവം സംഘാടകര്‍ക്ക് സാധിച്ചിട്ടുണ്ട്.
കലയുടെ കേളികൊട്ടും, സംഗീത വിരുന്നും, കലാസ്വാദകരുടെ വന്‍ പങ്കാളിത്തവും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ നെഞ്ചിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 8 -ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
Venue:-
The Netherhall School, Queen Edith's Way, Cambridge, CB1 8NN