വാഷിംഗ്ടണ്‍ : ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റ കാനയില്‍ നടന്ന ഫോമായുടെ അന്തര്‍ദേശീയ കണ്‍വന്‍ഷൻ, പങ്കെടുത്തവര്‍ക്കൊക്കെ പുത്തന്‍ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും ഇത്രയും മികച്ചൊരു കണ്‍വന്‍ഷന്‍ നടത്താനായത് സംഘാടനത്തിലെ മികവുകൊണ്ടുകൂടിയാണ്. എല്ലാവരുടെയും പിന്തുണ തുടക്കം മുതല്‍ ലഭിച്ചതുകൊണ്ടാണ് കണ്‍വന്‍ഷന്‍ വലിയ വിജയമായതെന്ന് ഫോമാ പ്രസിഡണ്ട് ഡോ.ജേക്കബ് തോമസ് പറയുന്നു. സബ് കമ്മിറ്റി തിരിച്ച് ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും യോജിച്ചവരെ ആ ദൗത്യം ഏല്‍പ്പിച്ചത് 'ദി ബെസ്റ്റ് ഔട്ട്പുട്ട്' ലഭിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടുതന്നെയായിരുന്നു. നിലപാടുകളില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ എതിർപ്പ് ഉണ്ടായിട്ടുണ്ട്. പക്ഷെ പ്രതിബന്ധങ്ങളെ നേരിട്ട് മുന്നോട്ട് പോകാൻ കഴിഞ്ഞതാണ് വിജയരഹസ്യമെന്ന് ഡോ.ജേക്കബ് തോമസ്.
ഫോമ കൺവെൻഷന്റെ വിജയത്തിന് മികച്ച രീതിയിലുള്ള സംഘാടനത്തിനായി ആദ്യം മുതല്‍ തന്നെ പരിശ്രമിച്ചിരുന്നു. വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുകയും അതിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് അനുയോജ്യരെ തിരഞ്ഞെടുക്കുകയും ചെയ്തതിലൂടെ ഏകോപനം കൃത്യമായി. അതുകൊണ്ടുതന്നെ നിശ്ചിത സമയത്തുതന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. എല്ലാ മേഖലയിലും എന്റെ ശ്രദ്ധയുണ്ടാകാനും ശ്രമിച്ചു. സാധാരണ പരാതി ഉയരുന്ന രണ്ടു കമ്മിറ്റികളാണ് -രജിസ്‌ട്രേഷനും ട്രാന്‍സ്‌പോര്‍ട്ടേഷനും. ഇത്തവണ അതൊക്കെ പരാതിരഹിതമായി നടപ്പാക്കാന്‍ കഴിഞ്ഞു. ആയിരത്തിലധികം പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തതുതന്നെ വലിയ ആവേശമമുണ്ടാക്കി. ഇത്രവലിയ പങ്കാളിത്തം സൂചിപ്പിക്കുന്നത് തന്നെ ഫോമാ എന്ന സംഘടനയ്ക്ക് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ എത്രമാത്രം സ്ഥാനമുണ്ടെന്നതാണ്.
1200 പേര്‍ പങ്കെടുത്ത കണ്‍വന്‍ഷന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നതില്‍ സംശയമില്ല. 159,000 ഡോളറിലധികം ഫോമാ അംഗങ്ങളില്‍ നിന്നുതന്നെ സ്വരൂപിക്കാന്‍ സാധിച്ചു. 10,000 ഡോളര്‍ വീതം സാജ് ഗ്രൂപ്പ്, യെല്ലാ ഇന്‍ഷുറന്‍സ് ഗ്രൂപ്പ് എന്നിവര്‍ സ്‌പോണ്‍സര്‍സ്ഷിപ്പ് നല്‍കി. 12 പ്ലാറ്റിനം സ്‌പോണ്‍സർമാർ ($60,000), 33 ഗോള്‍ഡ് സ്‌പോണ്‍സർമാർ ($99,000) എന്നിവരോടും വലിയ നന്ദിയുണ്ട്.
കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എന്റെ റീജിയനില്‍ നിന്നുള്ള വ്യക്തിയെ തിരഞ്ഞെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് കുഞ്ഞ് മാലിയില്‍ മുന്നോട്ടു വന്നത്. വിളിച്ചാല്‍ വിളിപ്പുറത്തുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഏതു സംശയങ്ങള്‍ക്കും മറുപടിയും ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരവും കണ്ടെത്തുന്ന പ്രതിഭയാണ് അദ്ദേഹം.
ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് നായര്‍, രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ സജന്‍ മൂലേപ്ലാക്കല്‍, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ ജോസ് മണക്കാട്ട്, ജനറല്‍ കണ്‍വീനര്‍ സജിഎബ്രഹാം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി കണ്‍വീനര്‍ ബിജു ലോസണ്‍ തുടങ്ങിയവരുടെ പിന്തുണ നല്‍കിയ ഊര്‍ജം വലുതാണ്.
എല്ലാ സ്വാതന്ത്ര്യവും സബ് കമ്മിറ്റിയുടെ അധ്യക്ഷന്മാര്‍ക്ക് നല്‍കിയിരുന്നു. ഏത് നിര്‍ദ്ദേശം കേട്ടാലും 'നോ' എന്നുപറയാതെ അവര്‍ ഒപ്പം നിന്നു. ഈ വിജയം അവരുടെ കഷ്ടപ്പാടിന്റെതു കൂടിയാണ്. കണ്‍വന്‍ഷന്‍ ഗംഭീരമാക്കാന്‍ ഏതറ്റം വരെയും പോകാനും എത്ര കഷ്ടപ്പെടാനും തയ്യാറായ ടീം അംഗങ്ങളോട് വാക്കുകള്‍ക്കതീതമായ നന്ദിയും സ്‌നേഹവുമുണ്ട്.
നിരവധി പ്രതിസന്ധികള്‍ വന്നെങ്കിലും കൂട്ടായ്മ കൊണ്ട് അതിനെയൊക്കെ അതിജീവിക്കാനായി. ചലച്ചിത്ര താരം ടിനി ടോം, ഗായിക ലക്ഷ്മി ജയന്‍ എന്നിവര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇല്ലായിരുന്നു. അവര്‍ക്ക് വേറെ ടിക്കറ്റ് എടുക്കേണ്ടി വന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സംവിധായകന്‍ കെ.മധു, നടി സ്വാസിക തുടങ്ങിയവര്‍ വരാന്‍ നിശ്ചയിച്ച വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി. പിന്നീട് റീ-റൗണ്ട് ചെയ്താണ് അവരെ എത്തിച്ചത്. ഈ സമയങ്ങളില്‍ അനുഭവിച്ച ടെന്‍ഷന്‍ വലുതായിരുന്നു. അവരുടെ പ്രകടനം കണ്ടപ്പോഴാണ് പിന്നെ ആശ്വാസമായത്. ടിനി ടോം ഒരു സ്പാനിഷ് ഗാനം ആലപിച്ചപ്പോള്‍ പുന്റകാനയിലെ റിസോര്‍ട്ട് ജീവനക്കാര്‍ക്ക് പോലും അത്ഭുതമായിരുന്നു. പരിപാടികള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമായിരുന്നു. ആരെയും കലാവിരുന്ന് മുഷിപ്പിച്ചില്ല. നിരവധി പേരെ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ സാധിച്ചതിലും വലിയ സംതൃപ്തിയുണ്ട്. ആദരവ് നല്‍കേണ്ട നിരവധി ആളുകള്‍ ഇനിയുമുണ്ടെന്ന് അറിയാം. മറ്റൊരവസരത്തില്‍ അവരെയും പരിഗണിക്കണം.
ആഗസ്റ്റ് ഏഴിന് ബിച്ചില്‍ നടന്ന ക്യാമ്പ് ഫയര്‍ അന്താക്ഷരി ഹൃദ്യമായിരുന്നു. കണ്‍വന്‍ഷന്‍ ചെയര്‍മാനും പ്രസിഡന്റും നടത്തിയ പ്രസംഗത്തോടെ കണ്‍വെന്‍ഷന് ഗംഭീര തുടക്കമായി. ഇരു ടീമുകളും ആഹ്ലാദത്തോടെ മണിക്കൂറുകളോളമാണ് പാട്ടുകള്‍ പാടിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എത്തിയ മാവേലി തമ്പുരാനടക്കമുള്ള ഘോഷയാത്രയും വലിയ അനുഭവമായിരുന്നു. എല്ലാ ഫോമാ അംഗങ്ങളും പാരമ്പര്യ വേഷമായിരുന്നു ധരിച്ചിരുന്നത്. മികച്ച പ്രകടനത്തിന് സമ്മാനവും ഉണ്ടായിരുന്നു. തുടര്‍ന്നു നടന്ന ഉദ്ഘാടനമാമാങ്കം ആവേശം നിറഞ്ഞതായിരുന്നു. വേദിയില്‍ മെഗാതിരുവാതിരകൂടി എത്തിയതോടെ കാഴ്ചയുടെ ഉത്സവമായി അത് മാറി.
ബെസ്റ്റ്കപ്പിള്‍ മത്സരത്തിനും മികച്ച പിന്തുണയാണ് ലഭിച്ചത്.
മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് പരിപാടിയും ശ്രദ്ധേയമായി. സ്ഥാനാര്‍ത്ഥികള്‍ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു.
ഓഗസ്റ്റ് 9 വെള്ളിയാഴ്ച ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും എക്സിക്യൂട്ടീവ് കമ്മിറ്റിയും ജോയിന്റ് കൗണ്‍സില്‍ യോഗവും ദേശീയ ഉപദേശക സമിതി യോഗവും നാഷണല്‍ കമ്മിറ്റി മീറ്റിംഗും ജനറല്‍ ബോഡി മീറ്റിംഗും നടന്നു. തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ്. ഇതോടൊപ്പം ഫോമാ യുവജനോത്സവം, ബീച്ച് വോളിബോള്‍, ടര്‍ഫ് ഫീല്‍ഡ് ക്രിക്കറ്റ്, കാര്‍ഡ് ഗെയിം 28 എന്നിവ വിവിധ വേദികളില്‍ സംഘടിപ്പിച്ചു. ഉച്ചകഴിഞ്ഞ് ഫോമാ മിസ് ഫോമാ മത്സരം, മിസ്റ്റര്‍ ഫോമാ മത്സരം, ഫോമാ ചിരിയരങ്ങ് എന്നിവ സംഘടിപ്പിച്ചു. പിന്നീട് വൈകുന്നേരം സ്വാസിക, രമേഷ് ബാബു, ഫ്രാങ്കോ, ഭുവന ആനന്ദ് എന്നിവരടങ്ങുന്ന മനോഹരമായ സ്റ്റാര്‍ ഷോ. തുടര്‍ന്ന് ഫോമാ അംഗങ്ങളുടെ ഗാനാലാപനവും നടന്നു.
മികച്ചപിന്തുണയാണ് വിമന്‍സ് ഫോറം നല്‍കിയത്. കണ്‍വന്‍ഷനില്‍ മെഗാതിരുവാതിര, മിസ് ഫോമ അടക്കമുള്ള ശ്രദ്ധേയമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അവര്‍ക്കായി.
മിസ്റ്റര്‍ അയര്‍ലന്‍ഡ് കൂടിയായ ആഷ്‌ലി സജിത്കുമാറിനെ മിസ്റ്റർ ഫോമായുടെ ജഡ്ജായി കൊണ്ടുവന്നു. ആഷ്‌ലിയുടെ ബോഡിഷോ കണ്ടപ്പോഴാണ് അത്തരം ഷോ എങ്ങനെ വേണമെന്ന്പലരും മനസ്സിലാക്കിയത്.
ഫോമായുടെ മുന്‍ വിമന്‍സ് ഫോറം അംഗങ്ങള്‍ കോര്‍ത്തിണക്കിയ എത്‌നിക് ഫാഷന്‍ ഗ്രാന്റിയർ എന്ന ഫാഷന്ഷോ ഏവര്‍ക്കും ഒരു നവ്യാനുഭവമായി. പ്രൊഫഷ്ണല്‍ സ്‌റ്റൈലില്‍ നടത്തിയ ഫാഷന്‍ ഷോ ഗംഭീരമായിരുന്നു. ഫോമയുടെ ചരിത്രത്തില്‍ ആദ്യമായാണ് കണ്‍വന്‍ഷനില്‍ ഇങ്ങനെ വേറിട്ടൊരു ഫാഷന് ഷോ സംഘടിപ്പിച്ചത്. വ്യത്യസ്തതയാര്ന്ന ഫാഷനുകളും സ്‌റ്റൈലുകളുമൊക്കെ സംഗമിച്ച ഇടംകൂടിയായിരുന്നു അത്. ജൂബി വള്ളിക്കളം, ജാസ്മിന്‍ പരോള്‍, ആഷമാത്യു, ഷൈനി അബൂബക്കര്‍ എന്നിവരാണ് ഇതിന്റെ കോര്‍ഡിനേറ്റേഴ്‌സ് ആയി പ്രവര്‍ത്തിച്ചത്.
2024 ഓഗസ്റ്റ് 10 ശനിയാഴ്ച യൂത്ത് വോളിബോള്‍ ഗെയിമും കാര്‍ഡ്‌സ് 56 മത്സരവും ഉണ്ടായിരുന്നു. തുടര്‍ന്നു നടന്ന മ്യൂസിക്കല്‍ ഹീലിംഗ് പരിപാടിക്ക് ഫാ. പോള്‍ പൂവത്തിങ്കല്‍ നേതൃത്വം നല്‍കി. വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികളും ഏറെ ആസ്വാദ്യമായിരുന്നു.
ഫോമാ ബിസിനസ് മീറ്റും വന്‍ വിജയമായിരുന്നു. നിരവധി ബിസിനസ് പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുകയും അവരുടെ ബിസിനസും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുകയും ചെയ്തു. യുവ സംരംഭകര്‍ക്കും വിവിധ ബിസിനസുകള്‍ക്കുമായി അവര്‍ നല്‍കിയ കാഴ്ചപ്പാടുകള്‍ ശ്രദ്ധേയമായിരുന്നു.
രാഷ്ട്രീയ സെമിനാര്‍ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. ചിറ്റയം ഗോപകുമാര്‍, മോന്‍സ് ജോസഫ്, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മികച്ചസ്റ്റേജും ശബ്ദവും പ്രകാശസംവിധാനങ്ങളോടെയുമാണ് ഗാല ഡിന്നര്‍ സംഘടിപ്പിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്, വിവിധ വിനോദ പരിപാടികള്‍ എന്നിവ വിരുന്നിന് മിഴിവേകി. നിരവധി രുചികരമായ വിഭവങ്ങളും മധുരപലഹാരങ്ങളും അടങ്ങിയ അത്താഴവിരുന്ന് ഗാല ഡിന്നറിന്റെ ഹൈലൈറ്റ് ആയിരുന്നു.
വ്യത്യസ്തമായ ബോഡി ബില്‍ഡിംഗ് പ്രോഗ്രാം ഫോമ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ ഏവരുടെയും ശ്രദ്ധനേടി. മിസ്റ്റര്‍ അയര്‍ലന്‍ഡ് ആഷ്ലി സജിത് കുമാറാണ് പ്രകടനം കാഴ്ച വച്ചത്. ലോകപ്രശസ്തനായ ഒരു ബോഡി ബില്‍ഡറുടെ മസില്‍ ഷോ ഏവര്‍ക്കും ആവേശകരമായ അനുഭവമായിരുന്നു.
ഗാല ഡിന്നറിന്റെ നടുവിൽ മെമ്പേഴ്സിന്റെയും അതിഥികളെയും ബർത്ത് ഡേ ആഘോഷിച്ചിരുന്നു. എല്ലാ മെമ്പേഴ്സിനെയും അതിഥികളെയും സ്റ്റേജിൽ വിളിച്ചു ബർത്ത്ഡേ കേക്ക് മുറിച്ചത് ഫോമ കൺവെൻഷൻ ക്ലോസിങ് സെറിമണി വളരെ മനോഹരമാക്കി. (തുടരും)