മെല്‍ബണ്‍: സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും കര്‍ദ്ദിനാളുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി പത്തു ദിവസത്തെ സന്ദര്‍ശനത്തിനായി ഓസ്ട്രേലിയയില്‍ എത്തുന്നു. നവംബര്‍ അവസാനം എത്തുന്ന കര്‍ദിനാള്‍ സിഡ്നി, കാന്‍ബറ, മെല്‍ബണ്‍, ടൗണ്‍സ് വില്ല, പെര്‍ത്ത് എന്നി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് സിറോ മലബാര്‍ സഭയുടെ ഓസ്ട്രേലിയ കോര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.
ഓസ്ട്രേലിയയിലെ വിവിധ രൂപതകളിലെ ആര്‍ച്ച് ബിഷപ്പുമാരുമായിട്ടും ഗവണ്മെന്റ് പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഡിസംബര്‍ രണ്ട് ഞായറാഴ്ച രാവിലെ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയോടൊപ്പം മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മെല്‍ബണിലെ ചാപ്ലെയിന്‍ ഫാ.പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ സ്വീകരിക്കും.
ഉച്ചകഴിഞ്ഞ് മെല്‍ബണ്‍ സിറ്റിയിലെ കത്തീഡ്രല്‍ പള്ളിയില്‍ കുര്‍ബാനയും കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും നടക്കും. തുടര്‍ന്ന് മാര്‍ ആലഞ്ചേരിയെ സ്വീകരണ വേദിയിലേക്ക് ആനയിക്കും. ഡിസംബര്‍ 3 തിങ്കളാഴ്ച വേദപാഠ അധ്യാപകര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
മെല്‍ബണിലെ സ്വീകരണം മോടി പിടിപ്പിക്കുന്നതിന് ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ അധ്യക്ഷതയില്‍ കൂടിയ വിവിധ കമ്മിറ്റി അംഗങ്ങളുടെ യോഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍ അറവിന്‍കര, ഫാ. വര്‍ഗീസ്, ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെല്‍ബണിലെ രണ്ട് ദിവസത്തെ സന്ദര്‍ശനം വിജയപ്രദമാക്കാന്‍ സിറോ മലബാര്‍ ചര്‍ച്ചിന്റെ മെല്‍ബണിലെ ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് മെല്‍ബണിലെ സിറോ മലബാര്‍ പള്ളിയുടെ അംഗങ്ങളുടെ പൂര്‍ണവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുവിനിയറും പ്രകാശനം ചെയ്യാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ പൂര്ണിരൂപം അടുത്ത കമ്മറ്റി കൂടിയതിനുശേഷം ഇടവകാംഗങ്ങളെ അറിയിക്കുമെന്നു ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു.