ഫോമാ തെരെഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികൾ ആരും ഇല്ലാതിരുന്നത് കൊണ്ട് കാപ്പിറ്റൽ റീജിണയിൽ ഒഴിഞ്ഞു കിടന്ന മൂന്നു സ്ഥാനങ്ങളിലേക്ക് അംഗ സംഘടനകൾ പുതിയ സാരഥികളെ നോമിനേറ്റ് ചെയ്തു.
ശനിയാഴ്ച ഹ്യൂസ്റ്റനിൽ ചേരുന്ന ഫോമാ സമ്മേളനത്തിൽ ഇക്കാര്യം സംബന്ധിച്ച് തീരുമാനമുണ്ടാകും.
ശനിയാഴ്ചയാണ് പുതിയ ഭാരവാഹികൾക്ക് ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള ടീം ഔപചാരികമായി അധികാരം കൈമാറുക. ജനറൽ ബോഡിയും നാഷണൽ കമ്മിറ്റിയും അന്ന് നടക്കും. തുടർന്ന് 2024-'26 വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനോദ്ഘാടനവും.
കാപ്പിറ്റൽ റീജിയൻ പോലെ പ്രധാനപ്പെട്ട ഒരു മേഖലയിൽ നിന്ന് നാഷണൽ എക്സികൂട്ടീ വിലേക്ക് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നിട്ടും ഈ റീജിയണൽ സ്ഥാനങ്ങളിലേക്ക് സ്ഥാനാർത്ഥികൾ വന്നില്ല എന്നതും ഡെലിഗേറ്റ്സ് ഇല്ലായിരുന്നു എന്നതും പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റിയ വിഷയങ്ങളാണ്. ആർ.വി.പി., രണ്ടു നാഷണൽ കമ്മിറ്റി അംഗങ്ങൾ എന്നീ പോസ്റ്റുകളാണ് സ്ഥാനാർഥി ഇല്ലാതെ കാലി ആയി കിടന്നത്.
എന്തായാലും റീജിയണിലെ സംഘടനകളായ കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടൺ (കെ.എ.ജി.ഡബ്ലിയു), കൈരളി, കെ.സി.എസ് എന്നിവ ഇപ്പോൾ സ്ഥാനാർത്ഥികളെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ആർ.വി.പി ആയി ബാൾട്ടിമോർ കൈരളിയിലെ ലെൻജി ജേക്കബ്, നാഷണൽ കമ്മിറ്റി അംഗങ്ങളായി കെ.എ.ജി.ഡി ഡബ്‌ളിയു മുൻ പ്രസിഡന്റ് മനോജ് ശ്രീനിലയം, കെ.സി. എസ് നിയുക്ത പ്രസിഡന്റ് ഷെല്ലി പ്രഭാകരൻ എന്നിവരെയാണ് നോമിനേറ്റ് ചെയ്തിട്ടുള്ളത്