ഹൂസ്റ്റന്‍: 2026-ലെ ഫോമായുടെ ഹൂസ്റ്റണില്‍ നടക്കുന്ന ഒന്‍പതാമത് അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍ ചരിത്രമാകുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. സ്റ്റാഫോര്‍ഡിലെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ ഒക്ടോബര്‍ 26-ാം തീയതി നടന്ന, 2024-'26 വര്‍ഷ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കും ടീമിനും നല്‍കിയ പിന്തുണയില്‍ ഫോമാ പ്രവര്‍ത്തകരോട് അദ്ദേഹം നന്ദി പറഞ്ഞു. മുന്‍ ഭാരവാഹികള്‍, നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, ആര്‍.വി.പിമാര്‍, ഫോമാ കുടുംബാംഗങ്ങള്‍, ഹൂസ്റ്റണിലെ കോര്‍ഡിനേറ്റര്‍മാരായ മാത്യു മുണ്ടക്കല്‍, സുബിന്‍ കുമാരന്‍ തുടങ്ങി ഏവരോടുമുള്ള കൃതജ്ഞത അദ്ദേഹം പ്രകാശിപ്പിച്ചു.
മുഖ്യാതിഥിയായ മലയാളികളുടെ പ്രിയ ചലചിത്ര താരം ലെനയും ബേബി മണക്കുന്നേല്‍, സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു മാത്യു, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ മാഗ് പ്രസിഡന്റ് മാത്യൂസ് മുണ്ടക്കന്‍ തുടങ്ങിയവരും ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് പ്രൗഢഗംഭീരമായ ചടങ്ങില്‍ പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചത്.
വിശിഷിട വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന പ്രൗഢഗംഭീരമായ സദസിനെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ് പുത്തന്‍ ദിശാബോധത്തോടെ ഫോമായുടെ പുതിയ ടീം മുന്‍ ഭാരവാഹികളില്‍ നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങിയത്. ഇമ്മാനുവല്‍ സെന്ററിന്റെ പുറത്തു നിന്നും താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയോടുകൂടിയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. നൂപുര നൃത്തവിദ്യാലയത്തിലെ കലാകാരികള്‍ അവതരിപ്പിച്ച മനോഹരമായ തിരുവാതിരയോടെ പരിപാടികള്‍ ആരംഭിച്ചു.
ജനറല്‍ ബോഡിക്ക് ശേഷം നടന്ന പൊതു സമ്മേളനത്തില്‍ ഫോമ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മുഖ്യാതിഥി ലെന ഉദ്ഘാടന പ്രസംഗം നടത്തി. വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ ശ്രീമതി നൂര്‍ബിന റഷീദ് ഉദ്ഘാടനം ചെയ്തു. മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ഫോമാ യൂത്ത് ഫോറം പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഫോമയുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ മുതല്‍ ജേക്കബ് തോമസ് വരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിഡന്റ് പദമലങ്കരിച്ച എല്ലാവരെയും അവരുടെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ മാനിച്ച് വേദിയില്‍ ആദരിക്കുകയുണ്ടായി. ശശിധരന്‍നായര്‍, ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, ജോര്‍ജ് മാത്യു, ആനന്ദന്‍ നിരവേല്‍, ഫിലിപ്പ് ചാമത്തില്‍, ബെന്നി വാച്ചാച്ചിറ, അനിയന്‍ ജോര്‍ജ്, ഡോ. ജേക്കബ് തോമസ് എന്നിവരാണ് ആദരിക്കപ്പെട്ടത്. ഫോമായുടെ 24-26 പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാറ്റിനം സ്പോണ്‍സര്‍മാരായിട്ടുള്ള ജിജു കുളങ്ങര, ജോര്‍ജ് ജോസഫ്, ബിജു ലോസണ്‍ എന്നിവരെയും ആദരിച്ചു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ്മാരായ സുരേന്ദ്രന്‍ പട്ടേല്‍, ജൂലി മാത്യു എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
പ്രവര്‍ത്തനോദ്ഘാടന സമ്മേളനത്തില്‍ ഫോമാ കമ്മറ്റി നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു. 100 ഡോളറാണ് ടിക്കറ്റിന്റെ വില. ടെസ്ല കാറാണ് ഒന്നാം സമ്മാനം. ഇന്ത്യയിലേയ്ക്കുള്ള ഫ്ളൈറ്റ് ടിക്കറ്റാണ് രണ്ടാം സമ്മാനം. മൂന്നാം ലാപ്ടോപ്പ്. സമ്മേളനത്തില്‍ ട്രഷര്‍ സിജില്‍ പാലക്കലോടി നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് ചലചിത്ര നടി ദിവ്യ ഉണ്ണി, കലാമണ്ഡലം ശ്രീദേവി, സുനന്ദാസ് പെര്‍ഫോര്‍മിംഗ് ആര്‍ട്ട്സ് എന്നിവരുടെ നേതൃത്യത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. പിന്നണി ഗായിക അഹി അജയന്‍ ഉള്‍പ്പെടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായികാ ഗായകന്‍മാരുടെ ഗാനമേള, സ്‌കിറ്റ്, അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ മിമിക്രി കലാകാരന്‍ സാബു തിരുവല്ലയുടെ വണ്‍മാന്‍ ഷോ തുടങ്ങിയവ ഈ സമ്മേളനത്തിന്റെ ഹൈലൈറ്റുകളായിരുന്നു.
മാത്യൂസ് മുണ്ടയ്ക്കലായിരുന്നു ഇവന്റ് കണ്‍വീനര്‍. കോ-ഓര്‍ഡിനേറ്ററായി സുബിന്‍ കുമാരന്‍ പ്രവര്‍ത്തിച്ചു. ട്രഷററായി ജോയ് എം സാമുവല്‍, പി.ആര്‍.ഒ ആയി അജു വാരിക്കാട്, മീഡിയ കോ-ഓര്‍ഡിനേറ്ററായി സൈമണ്‍ വാളാച്ചേരില്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇന്‍ചാര്‍ജ് ആയി തോമസ് ജോര്‍ജ്, തോമസ് ഓലിയാന്‍കുന്നേല്‍, രാജന്‍ യോഹന്നാന്‍ എന്നിവരും പ്രവര്‍ത്തിച്ചു.
റിസപ്ഷന്‍ കമ്മിറ്റിയുടെ ചുമതല എസ്.കെ ചെറിയാന്‍, എം.ജി മാത്യു എന്നിവര്‍ക്കായിരുന്നു. ബാബു മുല്ലശ്ശേരി ഫുഡ് കമ്മിറ്റി കണ്‍വീനറായി. ഫോമാ സതേണ്‍ റീജിയന്‍ ആര്‍.വി.പി ബിജു ലോസണ്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജിജു കുളങ്ങര, ഫോമാ ഹൂസ്റ്റണ്‍ റീജിയന്‍ ചെയര്‍മാന്‍ രാജേഷ് മാത്യു, സണ്ണി കാരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രോഗ്രാം കമ്മിറ്റിയാണ് പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചത്.