ന്യൂയോർക്ക്: 2024 ഇലക്ഷനുശേഷം ഫൊക്കാനയുടെ ആദ്യത്തെ ന്യൂയോർക്ക് മെട്രോ റീജിയണൽ മീറ്റിംഗ് , മുതിർന്ന ഫൊക്കാന സാരഥികളുടെ സാന്നിദ്ധ്യത്തിൽ പ്രൗഢഗംഭീരമായി അരങ്ങേറി. പ്രസിഡണ്ട് സജിമോൻ ആൻറണിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പോൾ കറുകപ്പള്ളി, ഡോ. ആനി പോൾ, ശ്രീകുമാർ ഉണ്ണിത്താൻ, ജോയി ചാക്കപ്പൻ, ലീല മാരേറ്റ്, ബിജു കൊട്ടാരക്കര, സജി പോത്തൻ, ഫിലിപ്പോസ് ഫിലിപ്പ്, ഗീത ജോർജ്ജ്, ലാജി തോമസ്, ഡോൺ തോമസ്, ജിൻസ് തോമസ് തുടങ്ങി നിരവധി വിശിഷ്ട സാന്നിധ്യം വേദിയിലും സദസ്സിലും ഉണ്ടായിരുന്നു.
അമേരിക്കൻ മലയാളികകൾക്ക് ക്ഷേമകരമായ പുതിയ പല പദ്ധതികളുടെ രൂപരേഖ മൂന്നോട്ടുവെച്ചായിരുന്നു തുടക്കം. കേരളത്തിന്റെ സംസ്ക്കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് അന്യമാകാതിരിയ്ക്കാൻ കലാ-സാഹിത്യ രംഗത്ത് ഫൊക്കാന വിലപ്പെട്ട സംഭാവനകളാണ് നൽകിവരുന്നത്. സംഘടനകളുടെ സംഘടന എന്ന നിലയിൽ മാതൃകാപരമായി പ്രവാസമലയാളികളുടെ ആവശ്യങ്ങൾക്കൊപ്പവും ഫൊക്കാന സജീവമാണ്.
അമേരിക്കയിലും കേരളത്തിലുമായി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും ഫൊക്കാന ആഗോളശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തവണ മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതികൾ കൂടുതൽ മലയാളികൾക്ക് പ്രയോജനപ്പെടുത്തുവാനാണ് ഇപ്പോഴത്തെ നേതൃത്വം ശ്രമിക്കുന്നത്. പുതിയ ലക്ഷ്യമായ ഹെൽത്ത് ക്ലിനിക് പദ്ധതി ഏറെ ആശാവഹമാണ്. പൊതുജനങ്ങളുടെയും ഹെൽത്ത് പ്രെഫഷണലുകളുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
കലയേയും സാഹിത്യത്തെയും എക്കാലവും കൈ പിടിച്ചുയർത്തുന്ന ഫൊക്കാന നൽകിവരുന്ന സാഹിത്യ അവാർഡിന് കേരളത്തിലും ഇവിടെയും മികച്ച മൂല്യവും സ്വീകാര്യതയുമുണ്ട്. ജ്ഞാനപീഠ ജേതാവായ തകഴി ശിവശങ്കരപ്പിള്ളയുടെ അവാർഡ് ശേഖരണത്തിൽ ഏറെ തിളക്കത്തോടെയാണ് ഫൊക്കാന അവാർഡ് സൂക്ഷിച്ചിട്ടുള്ളത്.
2024 തർജ്ജമ വിഭാഗത്തിൽ ഫൊക്കാന സത്യാർത്ഥി അവാർഡ് ഡോ. ഏ.പി സുകുമാർ ക്യാനഡയ്ക്ക് പ്രസിഡണ്ട് ഡോ. സജിമോൻ ആന്റണി ഈ വേദിയിൽ നൽകി ആദരിച്ചു. എം.പി ഷീലയുടെ "മൂന്നാമൂഴം" എന്ന നോവലിന്റെ പരിഭാഷ "ദ്രൗപദി ദി തേർഡ് അവതാർ" എന്ന പുസ്തകമാണ് ഡോ. സുകുമാറിനെ അവാർഡിന് അർഹനാക്കിയത്. പതിനാലോളം പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് സുകുമാർ ക്യാനഡ. സാഹിത്യത്തെയും കലയെയും എല്ലാകാലവും പ്രോത്സാഹിപ്പിക്കുന്ന ഫൊക്കാനയുടെ അവാർഡ് ഏറെ വിലപ്പെട്ടതാണെന്നും ഹൃദയത്തോട് ചേർക്കുന്നുവെന്നും അവാർഡ് സ്വീകരണത്തിനുശേഷം സുകുമാർ ക്യാനഡ പറഞ്ഞു.