ഫോമായുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും സുതാര്യത ഉറപ്പാക്കണമെന്ന് പുതിയ ഭരണസമിതിക്ക് നിർബന്ധമുണ്ടെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ വ്യക്തമാക്കി. മുൻ കമ്മിറ്റി മിച്ചം വച്ച തുക സംബന്ധിച്ച് ചിലർ ആരോപണങ്ങളുനയിച്ച സാഹചര്യത്തിലാണ് ഈ വിശദീകരണം.
ഒക്ടോബർ 26 ന് അധികാരമേൽക്കുമ്പോൾ ഫോമായുടെ വിവിധ അക്കൗണ്ടുകളിൽ അവശേഷിക്കുന്ന തുക എത്രയെന്ന് വിശദീകരിച്ചുകൊണ്ടാണ് മണക്കുന്നേൽ ഭരണസമിതിയുടെ സുതാര്യത അടിവരയിട്ടത്. ഫോമാ ക്യാഷ് ഡെപ്പോസിറ്റ് എന്ന നിലയിൽ $45,000.00, ഹെൽപ്പിംഗ് ഹാൻഡ്സ് അക്കൗണ്ടിൽ $21,140.00, ഗോഫണ്ടിലൂടെ സമാഹരിച്ച $12,178.64, അക്കൗണ്ട് നമ്പർ 9595 ൽ $10,538.00, ആകെ : $88856.64 എന്നിങ്ങനെയാണ് അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്.
ഇതിൽ $250.00 നോമിനേഷൻ ഫീസ് ഉൾപ്പെടുന്നുണ്ട്. അക്കൗണ്ടിൽ ഫോമാ മുൻ പ്രസിഡൻ്റിൻ്റെ പേര് മാറ്റി പുതിയ പ്രസിഡൻ്റിൻ്റെ പേരാക്കാനുള്ള പ്രവർത്തനം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ബെന്നി വാച്ചാച്ചിറയുടെ പേരിലുള്ള ഗോഫണ്ട് അക്കൗണ്ട് മുൻ കമ്മിറ്റി ക്ലോസ് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെക്കുകൾ ലഭിക്കുമ്പോൾ, അദ്ദേഹം അത് തനിക്ക് അയയ്ക്കുമെന്നും ബേബി മണക്കുന്നേൽ പറഞ്ഞു. എല്ലാ അക്കൗണ്ടുകളും നാഷണൽ കമ്മിറ്റി മുൻപാകെ അവതരിപ്പിച്ചിട്ടുള്ളതും ഇടക്കാല ജനറൽ ബോഡിയിൽ ഫോമാ ട്രഷറർ സമർപ്പിക്കുന്നതാണെന്നും ഫോമാ പ്രസിഡന്റ് കൂട്ടിച്ചേർത്തു.