ദമ്മാം: പുതുവർഷത്തെ വരവേൽക്കുന്ന ഡിസംബറിന്റെ ശൈത്യകാലത്ത് പ്രവാസലോകത്തു ഉത്സവച്ഛായ തീർക്കാനായി, നവയുഗം സാംസ്കാരികവേദി സംഘടിപ്പിക്കുന്ന "നവയുഗസന്ധ്യ-2024 " എന്ന കലാസാംസ്കാരിക മെഗാപ്രോഗ്രാം, ഡിസംബർ 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ദമ്മാമിൽ വെച്ച് അരങ്ങേറുമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു.
പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികൾ നവയുഗസന്ധ്യയിൽ ഒരുക്കിയിട്ടുണ്ട്. പ്രവാസികൾക്കുള്ള വേണ്ടിയുള്ള വിവിധ മത്സരങ്ങൾ, പുസ്തകമേള, ചിത്രപ്രദർശനം, കുടുംബസംഗമം, ഭക്ഷ്യമേള, മെഡിക്കൽ ക്യാമ്പ്, സാംസ്ക്കാരിക സദസ്സ്, "നവയുഗം കാനം രാജേന്ദ്രൻ സ്മാരക പുരസ്കാരം" വിതരണം, പ്രവാസലോകത്തു വിവിധ മേഖലകളിൽ സ്തുത്യർഹസേവനം ചെയ്യുന്ന സമൂഹം ആദരിയ്ക്കുന്ന പ്രമുഖവ്യക്തിത്വങ്ങളെ ആദരിക്കൽ, നൂറിലധികം കലാകാരൻമാർ അണിനിരക്കുന്ന വിവിധ സംഗീത, നൃത്ത, അഭിനയ, ഹാസ്യ, കലാപ്രകടനങ്ങൾ, മത്സരവിജയികൾക്കുള്ള സമ്മാനദാനം എന്നീ പരിപാടികളാണ് നവയുഗസന്ധ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി, ഉണ്ണി മാധവം (രക്ഷാധികാരി), ഗോപകുമാർ അമ്പലപ്പുഴ (ചെയർമാൻ), ബിജു വർക്കി (ജനറൽ കൺവീനർ), സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, ജാബിർ മുഹമ്മദ്, ബിനു കുഞ്ഞു, മുഹമ്മദ് റിയാസ് (സബ്ബ് കമ്മിറ്റി കൺവീനർമാർ) എന്നിവർ നേതൃത്വം നൽകുന്ന നൂറ്റിഇരുപതംഗ സ്വാഗതസംഘം നവയുഗം രൂപീകരിച്ചിട്ടുണ്ട്.
നവയുഗസന്ധ്യ-2024 ന്റെ ഭാഗമായി സ്ക്കൂൾ കുട്ടികൾക്കായി ചിത്രരചന, കളറിംഗ് എന്നീ മത്സരങ്ങളും, സ്ത്രീകൾക്കായി മെഹന്ദി, കേക്ക് മേക്കിങ് എന്നീ മത്സരങ്ങളും സംഘടിപ്പിയ്ക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്നവർ 0572287065, 0596567811, 0503383091 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്.
മത്സരവിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ഉണ്ടായിരിയ്ക്കും.
നവയുഗസന്ധ്യ-2024 ലേക്കുള്ള പ്രവേശനം സൗജന്യമായിരിയ്ക്കും. നാട്ടിൽ നിന്നുള്ള വിശിഷ്ടാതിഥികൾക്കൊപ്പം സൗദി അറേബ്യയിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ, സാഹിത്യ, കല, മാധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ഈ പരിപാടിയിലേയ്ക്ക് എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ജനറൽ സെക്രെട്ടറി വാഹിദ് കാര്യറ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.