ഏതൊരു ദേശീയ സംഘടനയുടെയും അമരത്തു മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ കാര്യപ്രാപ്തിയുള്ള ജനകീയനാണ് ഫോമായുടെ പുതിയ ട്രഷറർ സിജിൽ പാലക്കലോടി.
അമേരിക്കയില്‍ ഉടനീളം സാമൂഹിക, സാംസ്‌കാരിക, കലാ, കായിക, രംഗങ്ങളിൽ സജീവ സാന്നിധ്യമായ സിജില്‍ കൈവച്ച മേഖലകളിലൊക്കെ വിജയം കൈവരിച്ച ചുരുക്കം ചിലരിലൊരാളാണ്.
കര്‍മ്മമാണ് ഏതൊരാളിന്റേയും കാര്യത്തില്‍ പ്രസക്തിയുണ്ടാക്കുന്നത്. അവരുടെ കര്‍മ്മങ്ങള്‍ അവരെ മാത്രം ബാധിക്കുന്നതല്ലെന്നും അത് സാമൂഹികമായ ചലനം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നതിന് ഉദാഹരണം കൂടിയാണ് സിജില്‍ പാലക്കലോടി.
നേതൃത്വത്തില്‍ ഒരിക്കലും ഉടഞ്ഞുപോകാത്ത വിശ്വാസ്യതയും അനിതര സാധാരണമായ അര്‍പ്പണ ബുദ്ധിയുമാണ് സിജിലിന്റെ കൈമുതല്‍.
പുത്തന്‍ ആശയങ്ങളുമായി ഫോമയുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന പുതുതലമുറയുടെ പ്രതീക്ഷയായിട്ടാമാണ് സിജില്‍ പാലക്കലോടിയെ എല്ലാവരും നോക്കി കാണുന്നത്.
ഫോമയുടെ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള തീരുമാനം എങ്ങനെയുണ്ടായി? വിജയത്തെപ്പറ്റി എന്താണ് പ്രവാസികളോട് പറയാനുള്ളത്?
ഫോമയുടെ രൂപീകരണം മുതല്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫോമയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പറായും, റീജിയനല്‍ കമ്മറ്റികളില്‍ വിവിധ സ്ഥാനങ്ങളിലും, ഫോമയുടെ വിവിധ കണ്‍വെന്‍ഷനുകളിലും പ്രവര്‍ത്തിച്ചുള്ള പരിചയവും, ഫോമയുടെ അംഗസംഘടനകളായ സൗത്ത് ഫ്‌ളോറിഡയിലെ നവകേരള ആര്‍ട്ട്‌സ് ക്ലബ്ബിന്റെ ജോയിന്റ് സെക്രട്ടറിയായും, അതിനുശേഷം സാക്രമെന്റോ മലയാളി അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചുള്ള പരിചയവും, ഫോമയിലെ വിവിധ നേതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരവുമാണ് ഞാന്‍ ഫോമ ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചത്. അക്കൗണ്ടിങ്ങില്‍ അമേരിക്കയില്‍ നിന്ന് മാസ്‌റ്റേഴ്‌സ് ബിരുദവും, കാലിഫോര്‍ണിയ സ്‌റ്റേറ്റിന്റെ വിവിധ വകുപ്പുകളില്‍ അക്കൗണ്ടിങ് ഓഫീസര്‍ സ്‌പെഷലിസ്റ്റ്, ഓഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച അനുഭവസമ്പത്തും ട്രഷറര്‍ സ്ഥാനത്തേയ്ക്ക് വരാന്‍ പ്രേരിപ്പിച്ചു.
സിജിലും കുടുംബവും
ഫോമയെന്ന സംഘടന അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഫോമയുടെ ബജറ്റും പ്രവര്‍ത്തനങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. അതിനാല്‍ നോണ്‍ പ്രോഫിറ്റ് സംഘടനയായ ഫോമയ്ക്ക് അക്കൗണ്ടിങ്ങിലും, ഫൈനാന്‍സിലും, പരിചയമുള്ള, മാസ്റ്റേഴ്‌സ് ബിരുദമുള്ള ഒരു ട്രഷറര്‍ മുതല്‍ക്കൂട്ടായിരിക്കുമെന്ന് സംശയമില്ലാത്തതിനാലാണ് ഫോമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച സ്ഥാനാര്‍ത്ഥിയായി വിജയിക്കാന്‍ സാധിച്ചത്.
ട്രഷറര്‍ എന്ന നിലയിലും, ടീം യുണൈറ്റഡിനൊപ്പം ചേര്‍ന്നും ഫോമയില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ്?
ടീം യുണൈറ്റഡ് എന്ന പേര് നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ ആറ് പേരും ശ്രീ. ബേബി മണക്കുന്നേലിന്റെ നേതൃത്വത്തില്‍ (ബൈജു വര്‍ഗീസ്, ശാലു പുന്നൂസ്, പോള്‍ ജോസ്, അനുപമ കൃഷ്ണനും ഞാനുമടങ്ങുന്ന ടീം) മത്സരത്തിനിറങ്ങിയത്. ശക്തമായ മത്സരത്തിലൂടെ ഞങ്ങള്‍ ആറ് പേരും വിജയിച്ചു. ഞങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥികളും മിടുക്കരായിരുന്നെങ്കിലും ഞങ്ങളുടെ ആശയങ്ങളും, സൗഹൃദങ്ങളും കൂടുതല്‍ അംഗീകരിക്കപ്പെട്ടതുകൊണ്ടാണ് ഞങ്ങള്‍ക്ക് വിജയിക്കാന്‍ സാധിച്ചത് എന്നതില്‍ സംശയമില്ല. ഞങ്ങളെ ഒറ്റക്കെട്ടായി വിജയിപ്പിച്ചത് വഴി വലിയൊരു ഉത്തരവാദിത്തമാണ് ഞങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നത്. അമേരിക്കന്‍ മലയാളികള്‍ക്ക് ഉപകാരപ്രദമായ വിവിധയിനം പദ്ധതികളുമായാണ് ഞങ്ങള്‍ നേതൃനിരയിലേയ്ക്ക് വന്നിരിക്കുന്നത്.
2024-26 കാലഘട്ടത്തിലേയ്ക്കാണ് ഞാന്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ജനറല്‍ ബോഡിയില്‍, 2024-26 വര്‍ഷത്തേയ്ക്കുള്ള ബജറ്റും, 2024-26 വര്‍ഷത്തേയ്ക്കുള്ള പ്രൊജക്ടഡ് ബജറ്റും അവതരിപ്പിക്കുകയുണ്ടായി. രണ്ടര മില്യന്റെ ബജറ്റാണ് ഞാന്‍ അവതരിപ്പിച്ചത്. വടക്കേ അമേരിക്കയിലും കേരളത്തിലുമായി വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍, കാനഡ മിനി കണ്‍വെന്‍ഷന്‍, വിമന്‍സ് സമ്മിറ്റ്, യൂത്ത് കണ്‍വെന്‍ഷന്‍, കേരള കണ്‍വെന്‍ഷന്‍, വിവിധ വിമന്‍സ് ഫോറം ആക്ടിവിറ്റീസ്, യൂത്ത് ആക്ടിവിറ്റീസ്, ഹെല്‍പ്പിങ് ഹാന്‍ഡ്‌സ്, റീജിയണല്‍ ആക്ടിവിറ്റീസ് തുടങ്ങി പ്രവാസികള്‍ക്കും, കേരളത്തിലെ ജനങ്ങള്‍ക്കും ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളും, 2026-ല്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കലാശക്കൊട്ടായ ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷനും ഉള്‍പ്പെട്ടതാണ് ഈ രണ്ടര മില്യണ്‍ ഡോളറിന്റെ ബജറ്റ്. ട്രഷറര്‍ എന്ന നിലയില്‍ സുതാര്യമായും, കൃത്യതയോടുകൂടിയതുമായ കണക്കുകള്‍ അവതരിപ്പിക്കുകയെന്നത് എന്റെ ഉത്തരവാദിത്തമായാണ് ഞാന്‍ കരുതുന്നത്.
ഞങ്ങള്‍ ടീം യുണൈറ്റഡിലെ ആറ് പേരും വിവിധ സംഘടനകളിലും, വിവിധ രംഗങ്ങളിലും കഴിവ് തെളിയിച്ചവരാണ്. അടുത്ത രണ്ട് വര്‍ഷം ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന ഉറച്ച താല്‍പര്യവുമായാണ് ഞങ്ങള്‍ ആറ് പേരും നേതൃനിരയിലേയ്ക്ക് വന്നിരിക്കുന്നത്. ഫോമയെന്ന പ്രസ്ഥാനത്തെ ഇനിയും ഉന്നതിയില്‍ എത്തിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. കാലങ്ങളായി ഈ പ്രസ്ഥാനത്തെ വളര്‍ത്തിയ നേതാക്കളുടെ അനുഗ്രങ്ങളോടെ പുതിയ ആളുകളെ കൂടുതല്‍ ഭാഗഭാക്കാക്കിക്കൊണ്ടുള്ള ഒരു പ്രവര്‍ത്തനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഫോമയുടെ ബൈലോ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള സ്വതന്ത്രമായ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ സംഘടനയെ പുതിയ തലത്തില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ.
ഫോമ എന്ന സംഘടന പ്രവാസികള്‍ക്കിടയില്‍ എങ്ങനെയാണ് പ്രസക്തമാകുന്നത്?
ഫോമയുടെ പ്രവര്‍ത്തനങ്ങൾ തന്നെയാണ് അമേരിക്കയിലെയും, കാനഡയിലെയും, കേരളത്തിലെയും ജനങ്ങള്‍ക്കിടയില്‍ ഫോമ എന്ന പ്രസ്ഥാനത്തിന് ഒരു പേര് നേടിക്കൊടുത്തതെന്ന് പറയാതാരിക്കാനാകില്ല. കേരളത്തില്‍ വളരെയധികം പ്രോജക്ടുകള്‍ ഫോമ ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്ക സമയത്ത് 50-ഓളം വീടുകള്‍ വച്ച് നല്‍കി, കോവിഡ് സമയത്ത് വെന്റിലേറ്റര്‍ അടക്കമുള്ള ഉപകരണങ്ങളും, മരുന്നുകളും കേരളത്തില്‍ എത്തിച്ചു നല്‍കി, മെഡിക്കല്‍ ക്യാമ്പുകള്‍, പഠനസഹായങ്ങള്‍, തിരുവനന്തപുരം ക്യാന്‍സര്‍ സെന്ററില്‍ വാര്‍ഡ് നിര്‍മ്മിച്ച് നല്‍കല്‍, രോഗികള്‍ക്കുള്ള അത്യാവശ്യ സഹായപദ്ധതിയായ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് എന്നിവ ഏതാനും ചിലത് മാത്രമാണ്. അമേരിക്കയിലെയും, കാനഡയിലെയും മലയാളി സംഘടനകളെ ഏകോപിപ്പിക്കാനും, വരും തലമുറയിലേയ്ക്ക് കേരള സംസ്‌കാരവും തനിമയും പകരുന്നതിനും ഫോമ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും വടക്കേ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഫോമ ഏറെ പ്രസക്തമാകാന്‍ കാരണമായിട്ടുണ്ട്.
ഫോമയ്ക്ക് പുറമെയുള്ള സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?
കാലിഫോര്‍ണിയയിലെ സാക്രമെന്റോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ചെയര്‍മാന്‍, സെക്രട്ടറി, ജോ. ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നവകേരള അസോസിയേഷന്‍ ജോ. സെക്രട്ടറിയും ആയിരുന്നു. ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രഥമ ജോ. ട്രഷറര്‍, ചിക്കാഗോ സീറോ മലബാര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സാക്രമെന്റോ മുന്‍ ട്രഷററും, ചിക്കാഗോ സീറോ മലബാര്‍ രൂപതാ എഫാര്‍ക്കിയല്‍ അസംബ്ലി മെമ്പറും ആയിരുന്നു. ലോക കേരള സഭയില്‍ അമേരിക്കന്‍ പ്രതിനിധിയായും പങ്കെടുത്തു.
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നിലവിലെ പ്രസിഡന്റും, സാക്രമെന്റോ ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ട്രസ്റ്റിയും ആണ്.
ലോകകേരള സഭയില്‍ അമേരിക്കന്‍ പ്രവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്ത അനുഭവം എങ്ങനെയായിരുന്നു?
ലോകകേരള സഭയില്‍ അമേരിക്കന്‍ പ്രവാസികളെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം തോന്നുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളും, ആശങ്കകളും അവതരിപ്പിക്കാനും, പ്രവാസികള്‍ക്ക് കേരളത്തില്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നുള്ള ഫലവത്തായ ചര്‍ച്ചകളും, നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കാനുമുള്ള അവസരമൊരുക്കലായിരുന്നു ഈ സമ്മേളനം. മുഖ്യമന്ത്രിയും, സ്പീക്കറും, മന്ത്രിമാരും, എംഎല്‍എമാരും, ഉദ്യോഗസ്ഥരും, പ്രവാസി പ്രതിനിധികളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹാരങ്ങളും, നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്ന രീതി വളരെ ഫലപ്രദമായിട്ടാണ് ഞാന്‍ കരുതുന്നത്. ഇത് ഒരു പാഴ്‌ചെലവാണെന്ന് ഞാന്‍ കരുതുന്നില്ല. ഇത്തരത്തിലുള്ള സമ്മേളനങ്ങള്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന അംഗീകാരമായിട്ടാണ് എനിക്ക് തോന്നിയത്. ലോകമെമ്പാടുമുള്ള പ്രവാസികള്‍ തമ്മില്‍ നെറ്റ്‌വര്‍ക്ക് ഉണ്ടാക്കാനും ഈ സമ്മേളനത്തിന് സാധിച്ചു എന്നതില്‍ സംശയമില്ല.
അമേരിക്കന്‍ പ്രവാസിയായി മാറുന്നത് എങ്ങനെയാണ്?
1999-ല്‍ ആണ് ഫ്‌ളോറിഡയിലെ മയാമി ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലിക്ക് വരുന്നത്. അതിനുശേഷം ഫൈനാന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം ചെയ്യുകയും, കാലിഫോര്‍ണിയ സ്‌റ്റേറ്റിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയും ചെയ്തു. ഇപ്പോള്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ വരുന്നതിന് മുമ്പ് ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്നും മാനേജ്‌മെന്റ് ബിരുദമെടുത്ത് സൗദി അറേബ്യയില്‍ രണ്ട് വര്‍ഷക്കാലം ജോലി ചെയ്തിരുന്നു.
പ്രവാസത്തിന് മുമ്പ് നാട്ടില്‍ സംഘടനാപ്രവര്‍ത്തനങ്ങളുണ്ടായിരുന്നോ?
കേരളത്തില്‍ വിദ്യാഭ്യാസകാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും, സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയിലും പ്രവര്‍ത്തിച്ചിരുന്നു.
പത്രപ്രവര്‍ത്തകനായി ജോലി നോക്കിയ കാലത്തെ കുറിച്ച് പറയാമോ? വര്‍ത്തമാനകാലത്ത് പത്രപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്?
2000-ലാണ് ഫ്‌ളോറിഡയില്‍ നിന്നും ആരംഭിച്ച 'മലയാളി മനസ്' എന്ന പത്രത്തിന്റെ മാനേജിങ് എഡിറ്ററായി പ്രവര്‍ത്തനമാരംഭിക്കുന്നത്. ചെറുപ്പകാലത്തെ പത്രപ്രവര്‍ത്തനം എന്ന സ്വപ്‌നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. കൂടാതെ ദീപികയുടെ അമേരിക്കന്‍ റിപ്പോര്‍ട്ടര്‍, കൈരളി ടിവിയുടെ ന്യൂസ് റിപ്പോര്‍ട്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
അമേരിക്കയിലെ പത്രപ്രവര്‍ത്തനം വര്‍ത്തമാനകാലത്ത് ഒത്തിരി ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായി മാറിയിട്ടുണ്ട്. ഓണ്‍ലൈന്‍ മീഡിയയുടെയും, ദൃശ്യമാധ്യമങ്ങളുടെയും അതിപ്രസരം, ബൈവീക്കിലിയായോ, മന്ത്‌ലി ആയോ ഇറങ്ങുന്ന പത്രങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രിന്റഡ് മീഡിയയോടുള്ള ആളുകളുടെ താല്‍പര്യക്കുറവും, സാമ്പത്തിക പ്രതിസന്ധിയും കാര്യമായി തന്നെ ബാധിക്കപ്പെട്ടിരിക്കുന്നു.
പ്രവാസി സമൂഹം, പ്രത്യേകിച്ച് ഇന്ത്യക്കാരും മലയാളികളും അമേരിക്കയില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ്? അവ പരിഹരിക്കാന്‍ പ്രവാസി കൂട്ടായ്മകള്‍ക്ക് എന്തെല്ലാമാണ് ചെയ്യാന്‍ കഴിയുന്നത്?
പ്രവാസി ഇന്ത്യക്കാരും മലയാളികളും വളരെയേറെ ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടമാണിത്. ഇന്ത്യന്‍ പ്രവാസികള്‍ വടക്കേ അമേരിക്കയില്‍ സാമ്പത്തികവും, സാംസ്‌കാരികവുമായി മുന്നില്‍ നില്‍ക്കുന്നവരാണ്. പക്ഷേ ഇന്നത്തെ ഈ സാമ്പത്തികമാന്ദ്യഘട്ടത്തില്‍ വളരെയധികം കഷ്ടപ്പെടുന്ന പ്രവാസികളെയും നമുക്ക് കാണാന്‍ സാധിക്കും. ഏറ്റവും വലിയ പ്രശനമായി കാണുന്നത് നമ്മുടെ രണ്ടാം തലമുറക്കാരും, മൂന്നാം തലമുറക്കാരും നമ്മുടെ സംസ്‌കാര പൈതൃകങ്ങളില്‍ നിന്ന് മാറിപ്പോകുന്നതാണ്. ഇവിടെയാണ് പ്രവാസി കൂട്ടായ്മകളുടെ പ്രസക്തി ഞാന്‍ കാണുന്നത്.
ഫോമയുടെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള പ്രോജക്ടുകളില്‍ യുജനങ്ങള്‍ക്കും, സ്ത്രീകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വളരെയധികം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വരും തലമുറകളില്‍ നമ്മുടെ സംസ്‌കാരം നഷ്ടപ്പെടാതെ സൂക്ഷിക്കുകയെന്നതാണ് ഫോമയുടെ ലക്ഷ്യം.
കൂടാതെ ഫോമ മലയാളികളുടെ ആവശ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നു എന്നത് വളരെ ആശ്വാസകരമാണ്. സംഘടനകളില്‍ തുടങ്ങി, റീജിയണല്‍ ലെവലിലും, നാഷണല്‍ ലെവലിലും മലയാളികള്‍ക്ക് ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അവരുടെ കൂടെനിന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു എന്നത് ചാരിതാര്‍ത്ഥ്യം നല്‍കുന്നതാണ്. ഫോമയുടെ ഒരു നേതാവെന്ന നിലയില്‍ അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും, കേരളത്തില്‍ നിന്നും വളരെയധികം ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ട്. ഫോമയെന്ന അമേരിക്കയിലുടനീളമുള്ള മഹത്തായ സുഹൃദ്‌വലയത്തിന്റെ സഹായത്താല്‍ അവരെ സഹായിക്കാന്‍ സാധിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
വ്യക്തിജീവിതത്തെക്കുറിച്ചും, ഭാവി പദ്ധതികളെക്കുറിച്ചും?
എന്റെ ജന്മസ്ഥലം കണ്ണൂര്‍ ജില്ലയിലെ കാളിയന്തറ എന്നയിടത്താണ്. നാഷണല്‍, സ്റ്റേറ്റ് അദ്ധ്യാപക അവാര്‍ഡ് ജേതാവായ പാലക്ക ജോര്‍ജ്ജ് സാറിന്റെയും, മലയാളം അദ്ധ്യാപികയായ മണികോമ്പേല്‍ ചിന്നമ്മ ടീച്ചറുടെയും മകനായി ജനിച്ചു. അമേരിക്കയില്‍ വന്ന ശേഷം 2007-ല്‍ പാലാകുന്നേല്‍ മുരിയന്‍ കാവുങ്കല്‍ കുടുംബത്തിലെ സോണിയയെ വിവാഹം കഴിച്ചു. രണ്ട് കുട്ടികള്‍ ആന്‍ഡ്രൂ (16), ആന്‍ (11). കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാക്രമെന്റോയിലെ ഫോള്‍സത്തില്‍ താമസിക്കുന്നു.
ചെറുകിട വ്യവസായിയാണ്. അതിനെ വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കൂടാതെ ഫോമയില്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തം കൃത്യതയോടും, നേരോടും കൂടി ചെയ്ത് ഫോമയെന്ന മഹത്തായ പ്രസ്ഥാനത്തെ കൂടുതല്‍ ജനോപകാരപ്രദമായ നിലയിലേയ്ക്ക് എത്തിക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. വരുംകാലങ്ങളില്‍ ഫോമ കണ്‍വെന്‍ഷന്‍, ഫോമയുടെ വെസ്‌റ്റേണ്‍ റീജിയന്‍ നേതാക്കളുമായി ചേര്‍ന്ന് വെസ്‌റ്റേണ്‍ റീജിയനിലേയ്ക്ക് എത്തിക്കാനും ഉദ്ദേശിക്കുന്നു.