ഫ്ളോറിഡ : അനുഭവ പരിചയവും സംഘാടന നൈപുണ്യവുമുള്ള ഫോമയുടെ ജനകീയനായ നേതാവ് ബിജു തോണിക്കടവിൽ 2026- 2028 കാലയളവിൽ ഫോമാ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ഫോമായുടെ നേതൃപദവികളിൽ പ്രവർത്തിച്ച് അമേരിക്കൻ മലയാളികളുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ബിജു തോണിക്കടവിൽ ഫോമയുടെ എക്കാലത്തേയും മികച്ച നേതാവ് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ്. ഫോമായ്ക്ക് ആഗോള തലത്തിൽ അടിത്തറയുണ്ടാക്കിക്കൊടുത്ത ഫോമാ വില്ലേജ് പ്രോജക്ട് സമയത്ത് തുടങ്ങിയ നേതൃത്വ പരമായ പ്രവർത്തനങ്ങൾ ഫോമയിൽ അദ്ദേഹത്തിന് നേടിക്കൊടുത്ത സ്ഥാനങ്ങൾ ചെറുതല്ല. ഫിലപ്പ് ചാമത്തിൽ പ്രസിഡൻ്റായി പ്രവർത്തിച്ച കാലഘട്ടത്തിൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കക്കെടുതി മുതൽ ജീവകാരുണ്യ പ്രവർത്തനരംഗത്ത് ഫോമയ്ക്കൊപ്പം അഹോരാത്രം പ്രവർത്തിച്ച ആർ. വി.പി എന്ന നിലയിൽ ഫോമാ വില്ലേജിന് നൽകിയ സംഭാവനകൾ വിലപ്പെട്ടതായിരുന്നു. തുടർന്ന് അനിയൻ ജോർജ് പ്രസിഡൻ്റായ സമയത്ത് ജോയിൻ്റ് ട്രഷററായി നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി എന്ന് മാത്രമല്ല പ്രത്യേകിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കോവിഡിൻ്റെ വ്യാപന സാഹചര്യത്തിൽ കേരളത്തിലെ വിവിധ ആശുപത്രികളിൽ വെൻ്റിലേറ്ററുകൾ നൽകുന്നതിൽ മികച്ച സേവനമാണ് ഫോമാ അന്ന് നടത്തിയത്. പിന്നീട് ഡോ. ജേക്കബ് തോമസ് പ്രസിഡൻ്റായ സമയത്ത് ഫോമയുടെ ട്രഷററായി നടത്തിയ സംഘടനാ പ്രവർത്തനങ്ങൾ പ്രവാസി സംഘടനകൾക്ക് വലിയ മാതൃകയായി. വലിയ നീക്കിയിരിപ്പ് സംഘടനയ്ക്ക് ഉണ്ടാക്കിക്കൊടുത്തുകകൊണ്ട് പടിയിറങ്ങിയ ട്രഷറാർ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ അത് അർഹതയ്ക്ക് അമേരിക്കൻ മലയാളി നൽകേണ്ട അംഗീകാരമായി മാറും എന്നതിൽ സംശയമില്ല .
"എന്തു കൊണ്ടും അർഹൻ" എന്ന് ഒറ്റ വാചകത്തിൽ ബിജു തോണിക്കടവിലിനെ അടയാളപ്പെടുത്തുമ്പോൾ ഫോമായ്ക്കൊപ്പം സഞ്ചരിക്കുന്ന ഏതൊരാൾക്കും അഭിമാനിക്കാം. മികച്ച ഒരു സംഘാടകനെ ഒപ്പം കൂട്ടിയതിലെ സന്തോഷമാണത്. എല്ലാവരേയും ഒപ്പം നിർത്തി , കൂടെ നിൽക്കുന്ന മനുഷ്യർക്ക് പ്രവർത്തിക്കാൻ അവസരവും വേദികളും നൽകി സംഘടനയെ വളർത്തുന്ന ശൈലിയാണ് ബിജു തോണിക്കടവിലിൻ്റേത്. ആർ വി പി ആയും , ജോയിൻ്റ് ട്രഷറർ ആയും, ട്രഷററായും പ്രവർത്തിക്കുമ്പോഴും, ഓരോ ടീമിൽ നിന്നും ലഭിച്ച പിന്തുണയുടെ ബലമാണ് തന്നെ 2026- 2028 കാലയളവിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് തോന്നാൻ കാരണം. കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുൻപ് ഫോമാ ട്രഷറർ ആയി സ്ഥാനം ഏൽക്കുമ്പോൾ വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരുന്നു. ഫോമായുടെ മുൻകാല പ്രവർത്തനങ്ങൾ എല്ലാം കൃത്യമായി തുടരുകയും പുതിയ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
കേരളാ കൺവെൻഷൻ, കാൻ കൂൺ കൺവെൻഷൻ എന്നിവ ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുവാൻ കഴിഞ്ഞു.2024 ൽ അധികാരം ബേബി മണക്കുന്നേൽ ബൈജു വർഗീസ് , സിജിൽ പാലക്കലോടി , ഷാലു പുന്നൂസ് , പോൾ ജോസ് , അനുപമ കൃഷ്ണൻ ടീമിന് കൈമാറുമ്പോൾ ഡോ. ജേക്കബ് തോമസ് നേതൃത്വം നൽകിയ ടീമിന് ഒരു വലിയ നീക്കിയിരിപ്പ് നൽകാനായി എന്നത് ട്രഷറാർ എന്ന നിലയിൽ വലിയ അഭിമാനം ആയിരുന്നു. അതിലുപരി മറ്റ് സംഘടനകൾക്ക് ഫോമാ ഒരു മാതൃകയും ആയി തീർന്നു. ഈ തുക വയനാട് പുനരധിവാസ പദ്ധതികൾക്കായി മാറ്റി വെയ്ക്കാനാണ് ഞങ്ങളുടെ ടീം പുതിയ ടീമിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജനോപകാര പ്രദമായ രീതിയിൽ പദ്ധതികളെ നടപ്പിലാക്കാൻ ഫോമയോളം പ്രബലമായ മറ്റൊരു സംഘടനയില്ല എന്നാണ് ബിജു തോണിക്കടവിലിൻ്റെ പക്ഷം. ഫോമാ വില്ലേജ് പോലെ കേരളത്തിൻ്റെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകയായ മറ്റൊരു പ്രോജക്ട് ഉണ്ടോ എന്നും സംശയമാണ്. ഈ ഐക്യവും സന്തോഷവും സ്നേഹവും ഊട്ടിയിണക്കി ഫോമയ്ക്ക് പുതിയ ഒരു മുഖം നൽകാനുള്ള ഫോമാ പ്രവർത്തകരുടെ നിശ്ചയ ദാർഡ്യത്തിനൊപ്പം നിന്ന് കൊണ്ട് പ്രവർത്തിക്കാനാണ് തനിക്ക് താലപര്യം. ഒരു മികച്ച ടീമിനെ അവതരിപ്പിക്കാൻ , ഒപ്പം നിൽക്കാൻ ഫോമായെ സ്നേഹിക്കുന്നവർ തന്നോടോപ്പം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
88, 856 ഡോളർ മിച്ചം വെച്ച് ഫോമയെ പുതിയ ടീമിനെ ഏൽപ്പിച്ച ട്രഷറർ എന്ന ഖ്യാതി ബിജു തോണിക്കാവിലിന് സ്വന്തമാണ്. നഷ്ടങ്ങളുടെ കണക്കിൽ നിന്ന് നീക്കിയിരിപ്പിൻ്റെ കണക്കിലേക്ക് ഫോമയെ ഉയർത്തിയ ട്രഷറാർ എന്ന നിലയിൽ നിന്ന് ഇനിയും ഫോമയ്ക്ക് നീക്കിയിരിപ്പിൻ്റെ ചരിത്രം സൃഷ്ടിക്കുവാനും , പ്രവർത്തനങ്ങളിലൂടെ ഫോമയ്ക്ക് ആഗോള തലത്തിൽ പ്രാവിണ്യം നേടാനുമുള്ള പദ്ധതികൾക്കാണ് ബിജു തോണിക്കടവിൽ ലക്ഷ്യമിടുന്നത് .
തൻ്റെ കാലഘട്ടത്തിൽ പ്രവർത്തന നിരതമായ പത്തിന പദ്ധതികൾ ഫോമയിൽ അവതരിപ്പിച്ച് നടപ്പിലാക്കി ഫോമയെ ജനകീയമാക്കുവാനാണ് തൻ്റെ ലക്ഷമെന്നും നടപ്പിലാക്കുന്ന പദ്ധതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുവ്യക്തമായ കാഴ്ചപ്പാടും വലിയ വ്യക്തിബന്ധങ്ങളുമുള്ള ബിജു തോണിക്കടവിൽ ഫോമയ്ക്ക് എന്നും പ്രതിച്ഛായ സമ്മാനിക്കുന്ന നേതാവാണ്. ഒപ്പം സർവ്വ സമ്മതനും - തീർച്ചയായും ഫോമയുടെ അമരത്തേക്ക് വരാൻ സർവ്വഥാ യോഗ്യൻ