ഹൂസ്റ്റണ്‍: സമാനതകളില്ലാത്ത ദുരിതം വിതച്ച വയനാട് ഉരുള്‍ പൊട്ടല്‍ കേരളം കണ്ട ഏറ്റവും ഭീതിതമായ പ്രകൃതി ദുരന്തമാണ്. എക്കാലത്തെയും നോവുന്ന ഓര്‍മയായി അവശേഷിക്കുന്ന ഈ ദുരന്തം നടന്നിട്ട് നാലുമാസം കഴിഞ്ഞിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര വേഗതയില്ലെന്നാണ് മനസിലാക്കുന്നതെന്നും ഇക്കാര്യത്തില്‍ അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷന്‍ എന്ന നിലയില്‍ ഫോമായ്ക്ക് ആശങ്കയുണ്ടെന്നും പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു.
വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തില്‍ 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളില്‍ പുലര്‍ച്ചയുണ്ടായ ഒന്നിലധികം ഉരുള്‍പൊട്ടലുകളില്‍ കുറഞ്ഞത് 417 (227 മൃതദേഹങ്ങളും 190 ശരീരഭാഗങ്ങളും, മൊത്തം 417) മരിക്കുകയും 378 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. 47 പേരെ ഇനിയും കണ്ടെത്താനുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചൊഴുകിയ മണ്ണും മരവും ഏതാണ്ട് ആറ് ദശലക്ഷം ക്യുബിക് മീറ്റര്‍ വരും എന്നാണ് ഒരു പഠനം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ മണ്ണിടിച്ചില്‍ മൂന്നു ദശലക്ഷം ക്യുബിക് മീറ്ററാണെന്നിരിക്കെ ഈ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. രണ്ടു ഗ്രാമങ്ങള്‍ മുഴുവനായും ഒലിച്ചുപോയി. ഏതാണ്ട് 2000 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു.
സ്‌കൂളുകളും, കമ്പോളവും ആരാധനാലയങ്ങളും തുടങ്ങി സകലതും ഈ കുത്തൊഴുക്കില്‍ ഇല്ലാതെയായി. സ്റ്റേറ്റ് ഹൈവേ അടക്കം 15 കിലോമീറ്ററിലധികം റോഡും മൂന്നു പാലങ്ങളും ഒലിച്ചുപോയി. ഈ പ്രകൃതിക്ഷോഭത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന പൊതു ആവശ്യത്തെ, അത്തരമൊരു വകുപ്പില്ല എന്നു പറഞ്ഞ് നിരാകരിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ ദുരന്ത മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സുതാര്യതയോടെ സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കേണ്ടതുണ്ട്.
ദുരന്തത്തെത്തുടര്‍ന്ന് പുനര്‍നിര്‍മാണ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം നല്‍കിയ 2219.033 കോടി രൂപയുടെ പാക്കേജില്‍ 600-700 കോടി രൂപയ്ക്ക് മുകളില്‍ നല്‍കാന്‍ വകുപ്പില്ലെന്നാണ് ദേശീയ ദുരന്ത നിവാരണ അതോരിറ്റിയുടെ നിലപാട്. വയനാട്ടിലെ ദുരന്ത ഭൂമിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം വലിയ പ്രതീക്ഷ നല്‍കിയെങ്കിലും കേന്ദ്ര നിലപാട് നിരാശാജനകമെന്ന് മാത്രമല്ല അപലപനീയമാണെന്നും ബേബി മണക്കുന്നേല്‍ പറഞ്ഞു.
ജന്‍മനാടിനോട് പ്രതിബദ്ധതയുള്ള ഫോമായ്ക്ക് വയനാട് പുനര്‍നിര്‍മാണ-പുനരധിവാസത്തിന്റെ കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ടെന്നും ഇതിനായി സംഘടനയുടെ നേതൃത്വത്തില്‍ ഗോ ഫണ്ടിലൂടെ പണം സ്വരൂപിക്കുന്നുണ്ടെന്നും ദുരന്ത ഭൂമിയില്‍ പാര്‍പ്പിട പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്നും ബേബി മണക്കുന്നേല്‍ വ്യക്തമാക്കി.
എന്നാല്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേമനസോടെ, അതിലേറെ ആത്മാര്‍ത്ഥതയോടെ വേഗത്തില്‍ നടപടിയെടുത്താലേ ദുരന്ത മേഘലയെ പുനര്‍നിര്‍മിക്കാനും പുനരധിവാസ പദ്ധതികള്‍ വിഭാവനം ചെയ്ത പോലെ പൂര്‍ത്തീകരിക്കാനും സാധിക്കുകയുള്ളുവെന്ന് ഫോമാ കരുതുന്നു.