Image

യുഎഇയില്‍ വിവാഹത്തിന് മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധം

Published on 26 December, 2024
യുഎഇയില്‍ വിവാഹത്തിന് മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധം

അബുദാബി : യുഎഇയില്‍ വിവാഹിതരാകുന്ന പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയം. വിവാഹത്തിന് മുമ്പ് പകര്‍ച്ചവ്യാധികളും പാരമ്പര്യ രോഗങ്ങളും കണ്ടെത്തി ചികിത്സിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ സര്‍ക്കാരിന്റെ വാര്‍ഷിക യോഗത്തിലാണ് എമിറേറ്റ്സ് ജീനോം കൗണ്‍സിലിന്റെ തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. വിവാഹത്തിന് മുമ്പുള്ള ആരോഗ്യ പരിശോധന പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ബാധകമാണെങ്കിലും നിലവില്‍ സ്വദേശികള്‍ക്ക് മാത്രമേ ജനിതക പരിശോധന നിര്‍ബന്ധമുള്ളൂ.

അബുദാബി ആരോഗ്യ വകുപ്പ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി, എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ്, ദുബായ് ഹെല്‍ത്ത് തുടങ്ങിയ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് ജനിതക പരിശോധന നടത്തുന്നത്. കാര്‍ഡിയോമയോപ്പതി, ജനിതക അപസ്മാരം, സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി, കേള്‍വിക്കുറവ്, സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ പാരമ്പര്യ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന 570ലധികം ജനിതകമാറ്റങ്ങള്‍ ഈ പരിശോധനയിലൂടെ കണ്ടെത്താനാകും. ജനിതക രോഗങ്ങള്‍ നേരത്തേ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു സംയോജിത ദേശീയ ജനിതക വിവര ശൃംഖല സൃഷ്ടിക്കാനും പരിശോധന ലക്ഷ്യമിടുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി, സിഫിലിസ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കുള്ള പരിശോധനകള്‍ നിര്‍ബന്ധമായും വിവാഹത്തിന് മുമ്പ് നടത്തണം. ബീറ്റാതലസീമിയ, സിക്കിള്‍ സെല്‍ അനീമിയ എന്നിവയും ജര്‍മന്‍ മീസില്‍സ് (റുബെല്ല) പരിശോധനയും രക്ത ഗ്രൂപ്പ് അനുയോജ്യമാണോയെന്ന പരിശോധനയും നടത്തണം.

കുട്ടികളിലെ ജനിതക വൈകല്യങ്ങള്‍ കുറയ്ക്കാനും രോഗങ്ങള്‍ പടരുന്നത് തടയാനും ഇത്തരം പരിശോധനകള്‍ക്ക് കഴിയുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. ജനിതക രോഗങ്ങളുള്ളവര്‍ക്ക് അവ മുന്‍കൂട്ടി കണ്ടെത്തി പരിഹരിക്കാനും ഈ പരിശോധനകള്‍ സഹായകമാകും.

UAE Ministry of Health makes genetic testing mandatory before marriage
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക