പിറവം: ജന്മനാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമായും രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറവും സംയുക്തമായി സംഘടിപ്പിച്ച 13-ാമത് 'അമ്മയോടൊപ്പം' ജീവകാരുണ്യ ചടങ്ങ് പിറവത്തെ നൂറുകണക്കിന് നിര്‍ധന വിധവകളായ അമ്മമാര്‍ക്ക് സ്നേഹോപഹാരങ്ങള്‍ സമ്മാനിച്ച് ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിര്‍ധനരും നിരാലംബരുമായവരെ ചേര്‍ത്ത് പിടിക്കാന്‍ സമൂഹം എന്നും ശ്രദ്ധ ചെസുത്തുന്നുണ്ടെന്നും ഇത് പ്രശംസാര്‍ഹമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നിര്‍ധന വിധവകളായ അമ്മമാര്‍ക്ക് പുതുവര്‍ഷ സമ്മാനമായി വസ്ത്രം, ധാന്യക്കിറ്റ്, നാഗാര്‍ജ്ജുന ആയുര്‍വ്വേദ മെഡിക്കല്‍ കിറ്റ്, സഹായ ധനം എന്നിവയും സ്നേഹവിരുന്നും നല്‍കിയാണ് യാത്രയാക്കിയത്. കഴിഞ്ഞ കഴിഞ്ഞ 12 വര്‍ഷമായി നിര്‍ധനരായ അമ്മമാര്‍ക്ക് ഉപഹാരങ്ങളും സാമ്പത്തിക സഹായവും മുടങ്ങാതെ നടത്തിവരുന്ന ജീവകാരുണ്യ പരിപാടിയാണ് 'അമ്മയോടൊപ്പം'. ഇന്നലെ (ജനുവരി 5, ഞായര്‍) ഉച്ചയ്ക്ക് ഒരു മണിക്ക് പിറവം കമ്പാനിയന്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ സാബു കെ ജേക്കബ് അധ്യക്ഷത വഹിച്ചു.
രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ രക്ഷാധികാരി കൂടിയായ പിറവം സ്വദേശി ബേബി മണക്കുന്നേല്‍, ഫോമായുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം പങ്കുവച്ച് അദ്ദേഹത്തെ വേദിയില്‍ വച്ച് ചാണ്ടി ഉമ്മന്‍ എം.എല്‍.എ ആദരിച്ചു. അമ്മയോടൊപ്പം പദ്ധതിയില്‍ ഫോമായുടെ കൈത്താങ്ങ് എന്നും നന്ദിയോടെ സ്മരിക്കുന്നുവെന്ന് സാബു കെ ജേക്കബ് പറഞ്ഞു. ചടങ്ങില്‍ ഇന്ത്യയിലെ പ്രമുഖ പ്രൈവറ്റ് ഡെറ്റ് പ്രൊവൈഡിംഗ് കമ്പനിയായ ഹാലോ എയര്‍വെയ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡിയും പിറവം സ്വദേശിയും മികച്ച യുവ സംരംഭകനുമായ ഷോബി റ്റി പോള്‍, പിറവം സ്വദേശിയായ ചെറുകഥാകൃത്ത് എസ് സജിനി എന്നിവരേയും ആദരിച്ചു.
മുന്‍ എം.എല്‍.എ എം.ജെ ജേക്കബ്, കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയില്‍, ഫോമാ ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ഫോമാ 2026 കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരന്‍, സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, ലാലി കളപ്പുരയ്ക്കല്‍, പിറവം ജെ.എം.പി മെഡിക്കല്‍ സെന്റര്‍ സെക്രട്ടറി കെ.വി മാത്യു. റോട്ടറി ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ എ.സി പീറ്റര്‍, യു.കെ മലയാളി അസോസിയേഷന്‍ അംഗം തോമസ് പുളിക്കല്‍, അഡ്വ. ജിന്‍സി ഗോപകുമാര്‍, നാഗാര്‍ജുന ഏരിയ സെയില്‍സ് മാനേജര്‍ കെ.വി സന്തോഷ് കുമാര്‍, രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി കുര്യന്‍ പുളിക്കല്‍, ഫോറം കണ്‍വീനര്‍ ജോമോന്‍ വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ അഡ്വ. കെ.എന്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.