പിറവം: ജന്മനാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയില്‍ നടക്കുന്ന ചാരിറ്റി പ്രോഗ്രാം ആദിവാസി വിഭാഗക്കാര്‍ക്ക് കൈത്താങ്ങാവുന്നു.
ആദിവാസികളുടെ ജീവനോപാധിയായി ടൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്ന സമ്മേളനം ജനുവരി 8-ാം തീയതി രാവിലെ 11 മണിക്ക് കുളത്തുപ്പുഴ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
കൊല്ലം കാനറാ ബാങ്ക് റൂറല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റൂട്ടുമായി സഹകരിച്ച് ഫോമാ വിമന്‍സ് ഫോറം 2024-2026 നടത്തുന്ന ആദ്യ ചാരിറ്റി പ്രവര്‍ത്തനമാണിതെന്ന് ഫോറം പ്രസിഡന്റ് സ്മിത നോബിള്‍ അറിയിച്ചു. നേരത്തെ കാനറാ ബാങ്കുമായി കൈകോര്‍ത്ത് ഫോമാ കുളത്തൂപ്പുഴ മേഖലയിലെ ആദിവാസി സമൂഹത്തിനുവേണ്ടി ബാംബു ക്രാഫ്റ്റ് ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചിരുന്നു.
മുള ഉപയോഗിച്ച് പാത്രങ്ങളും കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കുകയും തുടര്‍ന്നുള്ള പരീക്ഷയില്‍ വിജയിക്കുകയും ചെയ്ത 33 യുവതീ യുവാക്കള്‍ക്ക് ഗ്രാമ പഞ്ചായത്ത് ഹാളില്‍ വച്ച് ജില്ലാ കളക്ടര്‍ സര്‍ട്ടിഫിക്കറ്റുകല്‍ വിതരണം ചെയ്തിരുന്നു. കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനായി പണവും കൈമാറുകയുണ്ടായി. ഈ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് ഫോമാ വിമന്‍സ് ഫോറം ട്രഷറര്‍ ജൂലി ബിനോയി അറിയിച്ചു.
സമ്മേളനത്തില്‍ സാമൂഹിക സാംസ്‌കാരിക വ്യക്തിത്വങ്ങളും കുളത്തുപ്പുഴ ഗ്രാമ പഞ്ചായത്ത് അധികൃതരുംനാട്ടിലെത്തിയ ഫോമാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വിമന്‍സ് ഫേറം ഭാരവാഹികളും സംബന്ധിക്കുമെന്ന് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, ഫോമാ 2026 കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരന്‍ എന്നിവര്‍ അറിയിച്ചു. ഇപ്പോള്‍ നാട്ടില്‍ എത്തിയിട്ടുള്ള ഫോമായുടെ അഭ്യുദയകാംക്ഷികള്‍ ഈ മഹനീയ ചടങ്ങില്‍ സംബന്ധിക്കണമെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അഭ്യര്‍ത്ഥിച്ചു.