Image

റിപുധാമന്‍ സിങ് മാലിക്കിന് നീതി: രണ്ടാം പ്രതിക്ക് ജീവപര്യന്തം

Published on 08 March, 2025
റിപുധാമന്‍ സിങ് മാലിക്കിന് നീതി: രണ്ടാം പ്രതിക്ക് ജീവപര്യന്തം

വന്‍കൂവര്‍: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ കനിഷ്‌ക ദുരന്തത്തില്‍ ആരോപണ വിധേയനായ റിപുധാമന്‍ സിങ് മാലിക്കിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ജോസ് ലോപ്പസിന് ജീവപര്യന്തം തടവ്. 2022 ജൂലൈ 14-ന് ബ്രിട്ടീഷ് കൊളംബിയ സറേയിലെ തന്റെ ഓഫീസിലേക്ക് പോകുന്ന വഴി രാവിലെ ഒമ്പതരയോടെയാണ് 75 വയസ്സുള്ള റിപുധാമന്‍ സിങ് മാലിക് വെടിയേറ്റ് മരിച്ചത്. വെടിവെപ്പിന് മുമ്പ് ഒരു വാഹനത്തില്‍ പ്രതികളായ ടാനര്‍ ഫോക്‌സ്, ജോസ് ലോപ്പസ് എന്നിവര്‍ മണിക്കൂറുകളോളം കാത്തിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. ജനുവരിയില്‍ ഒന്നാം പ്രതി ടാനര്‍ ഫോക്‌സിന് കോടതി ശിക്ഷ വിധിച്ചിരുനനു. എന്നാല്‍ ലോപ്പസിന്റെ ശിക്ഷ വിധിയോടെ മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനാണ് അന്ത്യം കുറിച്ചത്.

2022 ജൂലൈ 13 നാണ് പ്രതികളായ ടാനര്‍ ഫോക്‌സ്, ജോസ് ലോപ്പസ് എന്നിവര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. വേഷം മാറി കൊലപാതകം നടത്തിയതിന് പിന്നാലെ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച കാറില്‍ ഇരുവരും രക്ഷപ്പെടുകയായിരുന്നു. കൊലപാതത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഈ കാര്‍ കത്തികരിഞ്ഞ നിലയില്‍ പോലീസ് കണ്ടെത്തി.

1985 ജൂണ്‍ ഇരുപത്തിമൂന്നിന് ഖലിസ്ഥാന്‍ വിഘടനവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ എയര്‍ ഇന്ത്യയുടെ എംപറര്‍ കനിഷ്‌ക എന്ന ബോയിങ് വിമാനം തകര്‍ന്ന് 307 യാത്രക്കാരും 22 ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. വിമാനത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതായി ആരോപിക്കപ്പെട്ടവരില്‍ ഒരാളാണ് മാലിക്. മാലിക്കിനെയും മറ്റൊരു പ്രതിയെയും 2005-ല്‍ കോടി കുറ്റവിമുക്തനാക്കിയിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക