ദമ്മാം: പ്രമുഖ പ്രവാസി മലയാളിയായ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മുല്ലപ്പള്ളി അപ്പന്‍ മേനോന്‍ (52) കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ കൊടകര മൂന്നുമുറി സ്വദേശിയാണ്. ഇന്നലെ രാവിലെ ഒന്‍പതു മണിക്ക് ദമാമിലെ വീട്ടില്‍ ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ അറിയിച്ചു. ഉടന്‍ ദമ്മാം അല്‍മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിഴക്കന്‍ പ്രവിശ്യയില്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു അപ്പന്‍ മേനോന്‍.
കഴിഞ്ഞ രണ്ടാഴ്ചയായി ഇന്‍ഡസ്ട്രിയല്‍ എക്സിബിഷനില്‍ പങ്കെടുക്കുന്നതിനായി ചൈനയിലായിരുന്ന അപ്പന്‍, രണ്ടു ദിവസം മുന്‍പാണ് ദമ്മാമിലെ വീട്ടില്‍ തിരിച്ചെത്തിയത്.
വിജയശ്രീയാണ് ഭാര്യ.
മക്കള്‍: കൃഷ്ണനുണ്ണി, മാധവനുണ്ണി, കേശവനുണ്ണി.
ദമാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.