ഹൂസ്റ്റണ്‍: മാര്‍ത്തോമ്മ സുറിയാനി സഭയുടെ ഇരുപത്തൊന്നാം മെത്രാപ്പോലീത്താ ഡോ.
ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 83മത് ജന്മദിനം ട്രിനിറ്റി
മാര്‍ത്തോമ്മാ സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ സമുചിതമായി ആഘോഷിച്ചു. ജൂണ്‍ 27ന് 83-ാം
വയസിലേക്ക് പ്രവേശിക്കുന്ന തിരുമേനി ഹൃസ്വ സന്ദര്‍ശനാര്‍ഥം ആണ് ഹൂസ്റ്റണില്‍
എത്തിച്ചേര്‍ന്നത്.
ജൂണ്‍ (എട്ടിന്) ശനി വൈകുന്നേരം ഏഴിന് ട്രിനിറ്റി
മാര്‍ത്തോമ്മ ഇടവക നോര്‍ത്ത് ഷോര്‍ പ്രാര്‍ഥനാ ഗ്രൂപ്പ് അംഗം പി.സി. ജോര്‍ജ്
പുളിന്തിട്ടയുടെ മകള്‍ ഡോ. ജെന്‍സി ജോര്‍ജിന്റെ ഗ്രാജുവേഷന്‍
സെറിമണിയോടനുബന്ധിച്ച് നടന്ന പ്രത്യേക സമ്മേളനത്തിലാണ് ജന്മദിനാഘോഷം
നടന്നത്.
എട്ടു പതിറ്റാണ്‌ടില്‍പരം സംഭവബഹുലമായിരുന്ന ജീവിതത്തില്‍
കരുത്തും ആരോഗ്യവും ലഭിച്ചത് ജനങ്ങളുടെ പ്രാര്‍ഥന ഒന്നു കൊണ്‌ടു മാത്രമാണെന്നും,
തുടര്‍ന്നും സഭയെ നയിക്കേണ്‌ടതിന് കൂടുതലായി ദൈവകൃപ ലഭിക്കുന്നതിന് സഭാജനങ്ങളുടെ
പ്രാര്‍ഥന ആവശ്യമാണെന്നും ഇതുവരെ കരുതിയ ദൈവത്തിനു നന്ദി കരേറ്റുന്നുവെന്നും
തിരുമേനി പ്രസംഗത്തില്‍ ചൂണ്‌ടിക്കാട്ടി.
തിരുമേനി ജന്മദിന കേക്ക്
മുറിച്ചു. സഭയിലെ സീനിയര്‍ വൈദികന്‍ റവ. പി.എം. കുരികേശു, ട്രിനിറ്റി മാര്‍ത്തോമ്മ
ഇടവക വികാരി റവ.കൊച്ചുകോശി ഏബ്രഹാം, ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ.സജു
മാത്യു, യൂത്ത് ചാപ്ലയിന്‍ റവ.റോയി എ. തോമസ്, മെത്രാപ്പോലീത്തായുടെ സെക്രട്ടറി
റവ. ഏബ്രഹാം സി. പുളിന്തിട്ട എന്നിവര്‍ ജന്മദിനാശംസകള്‍ അര്‍പ്പിച്ച്
തിരുമേനിക്ക് ആയുരാരോഗ്യം നേര്‍ന്നു.