ദുബായ്: ഷാര്‍ജയിലെ വിവിധ സ്ഥാപനങ്ങളില്‍ മോഷണം പതിവാക്കിയ മൂന്നംഗ മലയാളി സംഘത്തെ
പൊലീസ് പിടികൂടി. ഷാര്‍ജ വ്യവസായ മേഖലകളിലെ വിവിധ കടകളിലും വെയര്‍ഹൗസുകളിലും മോഷണം
വ്യാപകമായതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം
പിടിയിലായത്. പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, വിവിധ കമ്പനികളുടെ സിഗരറ്റുകള്‍ തുടങ്ങിയവ
സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു.
കടകളുടെയും മറ്റും പൂട്ട്
കുത്തിത്തുറന്നാണ് സംഘം മോഷണം നടത്തുന്നത്. ഇത്തരം മോഷണങ്ങള്‍ തടയുന്നതിനും
പ്രതികളെ പിടികൂടുന്നതിനും ഷാര്‍ജ പൊലീസ് കുറ്റാന്വേഷണ വിഭാഗത്തിന് കീഴില്‍
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍
ഒരാളെക്കുറിച്ച് സൂചന ലഭിച്ചു.
താമസ സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് ഇയാള്‍
പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ സംഘത്തിലെ മറ്റ് രണ്ട്
പേരെക്കുറിച്ച് വിവരം ലഭിച്ചു. തൊണ്ടി മുതലുകള്‍ക്ക് പുറമെ മോഷണം
നടത്താനുപയോഗിക്കുന്ന ഉപകരണങ്ങളും മുഖം മൂടിയും മറ്റും ഇവരുടെ മുറിയില്‍ നിന്ന്
കണ്ടെടത്തിട്ടുണ്ട്. സംഘത്തെ ഷാര്‍ജ അറ്റോര്‍ണി ജനറലിന് കൈമാറി. മോഷണ സംഭവങ്ങള്‍
തടയുന്നതിന് കടകളിലും സ്റ്റോറുകളിലും സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കണമെന്ന്
ഷാര്‍ജ പൊലീസ് അധികൃതര്‍ കടയുടമകളോട് ആവശ്യപ്പെട്ടു.