Image

ഓസ്‌ട്രേലിയയില്‍ ഭരണകക്ഷിക്ക് തിരിച്ചടി; പ്രതിപക്ഷത്തിന് തകര്‍പ്പന്‍ വിജയം

Published on 07 September, 2013
ഓസ്‌ട്രേലിയയില്‍ ഭരണകക്ഷിക്ക് തിരിച്ചടി; പ്രതിപക്ഷത്തിന് തകര്‍പ്പന്‍ വിജയം
സിഡ്‌നി/കാന്‍ബെറ: ഓസ്‌ട്രേലിയന്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് ഉജ്വല വിജയം. ലിബറല്‍ പാര്‍ട്ടി ടോണി അബോട്ട് പുതിയ പ്രധാനമന്ത്രിയാകും. ആറു വര്‍ഷം നീണ്ട ലേബര്‍ ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരേ ജനരോഷം വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. 

ബ്രിട്ടണില്‍ ജനിച്ച് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മുന്‍ ബോക്‌സറായ അബോട്ട് രാഷ്ട്രീയ സ്ഥിരത വാഗ്ദാനം ചെയ്യുന്നതിനൊപ്പം നികുതി വെട്ടിക്കുറയ്ക്കുമെന്നും രാഷ്ട്രീയാഭയം തേടി വിദേശികള്‍ ബോട്ടുകളില്‍ വരുന്ന പതിവ് അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലേബര്‍ നേതൃനിരയിലുണ്ടായ വിള്ളലും പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി സമ്മാനിച്ചു. 2010ല്‍ കെവിന്‍ റൂഡിനെ മാറ്റി ഓസ്‌ട്രേലിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജൂലിയാ ഗില്ലാര്‍ഡിനെ നിയമിച്ച പാര്‍ട്ടി ഈ വര്‍ഷം ജൂണില്‍ വീണ്ടും റൂഡിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കുകയായിരുന്നു. 

ഇത്തരം നടപടികളിലൂടെ അധികാരം നിലനിര്‍ത്താമെന്ന പാര്‍ട്ടിയുടെ പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു. 80 ശതമാനത്തോളം വോട്ടുകള്‍ എണ്ണിയപ്പോള്‍ അബോട്ടിന്റെ നേതൃത്വത്തിലുള്ള ലിബറല്‍- നാഷണല്‍ പാര്‍ട്ടി സഖ്യം വന്‍ ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. 150 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഇല്ലാതിരുന്ന ലേബര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സ്വതന്ത്രരുടെയും ഗ്രീന്‍ പാര്‍ട്ടിയുടെയും സഹായത്തോടെയാണ് ഭരണം നടത്തിയത്. തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതായി കെവിന്‍ റൂഡ് അറിയിച്ചു. ടോണി അബോട്ടിനെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം പരാജയം അംഗീകരിക്കുന്നതായി അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക