Image

കെസിവിഎ ഓണാഘോഷം അവിസ്മരണീയമായി

Published on 11 September, 2013
കെസിവിഎ ഓണാഘോഷം അവിസ്മരണീയമായി
മെല്‍ബണ്‍: തിരുവോണത്തിന്റെ പ്രതീകങ്ങളായ മഹാബലിയും അത്തപൂക്കളവും തിരുവാതിരയും പുലികളിയും പപ്പടം, പഴം, പായസവും കൂട്ടിയുളള തിരുവോണ സദ്യയും നേര്‍ക്ക് നേര്‍ നിന്നു കൊണ്ടുളള വടംവലിയും ഓണപ്പാട്ടുകളും വളളംകളിയും എല്ലാം കൂടി മെല്‍ബണില്‍ കൊച്ചുകേരളം പുനഃസൃഷിച്ചുകൊണ്ട് ക്‌നാനായ കമ്യുണിറ്റി ഓഫ് വിക്‌ടോറിയാ(കെസിവിഎ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ചരിത്ര താളുകളില്‍ ഇടം നേടി.

രാവിലെ പത്തിന് പൂക്കളം ഇട്ടുകൊണ്ട് ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് വാശിയേറിയ വടംവലി മത്സരത്തില്‍ പുരുഷന്മാരുടെ ഇനത്തില്‍ ക്‌നാനായ കമ്യുണിറ്റി ഓഫ് വിക്‌ടോറിയായുടെ വെസ്റ്റ് റീജിയണ്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം നോര്‍ത്തേന്‍ റീജിയണും കരസ്ഥമാക്കി. വനിതകളുടെ വടംവലി മത്സരത്തില്‍ ഈസ്റ്റ് റീജിയണ്‍ ഒന്നാം സ്ഥാനവും നോര്‍ത്ത് റീജിയണ്‍ രണ്ടാം സ്ഥാനവും നേടി.

വിക്‌ടോറിയായുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും മെല്‍ബണിലെ ക്ലയിറ്റന്‍ ഹാളില്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികളില്‍ എത്തി ചേര്‍ന്ന നൂറു കണക്കിന് ക്‌നാനായ മക്കളും കേരളത്തിന്റെ തനതായ പാരമ്പര്യം കാത്ത് സൂക്ഷിച്ചുകൊണ്ട് വനിതകള്‍ സെറ്റ് സാരിയും ബ്ലസും പുരുഷന്മാര്‍ ഷര്‍ട്ടും മുണ്ടും കുട്ടികള്‍ മലയാള തനിമയിലും എത്തി ചേര്‍ന്നപ്പോള്‍ ക്ലയിറ്റന്‍ ഹാള്‍ മറ്റൊരു കേരളമായി മാറി. ഉച്ചയ്ക്ക് ഒന്നോടെ പപ്പടം, പഴം, പായസം കൂട്ടിയുളള തിരുവോണ സദ്യ അംഗങ്ങള്‍ക്ക് വേറിട്ട അനുഭവമായി. മെല്‍ബണില രുചി ലോകത്തെ പര്യായായമായ പൊന്നി കേറ്ററിംഗാണ് രുചികരമായ ഓണസദ്യ തയാറാക്കിയത്.

ഏകദേശം അഞ്ഞൂറോളം അംഗങ്ങള്‍ ആണ് ഓണസദ്യ ആസ്വദിച്ചു. തുടര്‍ന്ന് തിങ്ങി നിറഞ്ഞ ക്ലയിറ്റന്‍ ഹാളിനെ സാക്ഷി നിര്‍ത്തി ക്‌നാനായ കമ്യുണിറ്റി ഓഫ് വിക്‌ടോറിയായുടെ ഓണാഘോഷ പരിപാടികളുടെയും സാംസ്‌കാരിക പരിപാടികളുടേയും ഔദ്യോഗികമായ ഉദ്ഘാടനം അസോസിയേഷന്റെ ആത്മീയ ഉപദേഷ്ടാവ് ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി നിലവിളക്ക് തെളിച്ച് നിര്‍വഹിച്ചു. അസോസിയേഷന്റെ പ്രസിഡന്റ് ബിജി മോന്‍ തോമസ് അംഗങ്ങള്‍ക്ക് സ്വാഗതം ആശംസിച്ചു. അസോസിയേഷന്റെ ഈസ്റ്റ് റീജിയന്‍ ആണ് ഓപ്പണിംഗ് സെറിമണിക്ക് നേതൃത്വം നല്‍കിയത്. താലപ്പൊലി ഏന്തിയ ബാലികമാര്‍, സെറ്റു സാരി ഉടുത്ത വനിതകള്‍, ചെണ്ടമേളം, പുലികളി, സ്‌റ്റേജില്‍ തിരുവാതിര, ഡാന്‍സ്, മാവേലി തമ്പുരാന്‍ എന്നിവര്‍ സദസിന്റെ മുഴുവന്‍ കൈയടിയും വാങ്ങി. മെല്‍ബണിലെ മലയാളി അജേഷ് ആശാരി നിര്‍മിച്ച കാനായി ചുണ്ടനില്‍ തുഴ എറിഞ്ഞ് ക്ലയിറ്റന്‍ പ്രയര്‍ ഗ്രൂപ്പ് സദസില്‍ വിസ്മയം സൃഷ്ടിച്ചു.

ടീം ക്യാപ്റ്റന്‍ ബേബി കരിശേരിക്കല്‍ അമരത്ത് തുഴ എറിഞ്ഞും ടീം മാനേജര്‍ ജോസഫ് വരിക്കമാന്‍ തൊട്ടി ടീം അംഗങ്ങള്‍ക്ക് ആവേശം പകര്‍ന്ന് സ്‌റ്റേജില്‍ വളളംകളിക്ക് പുതിയ മാനം നല്‍കി. തുടര്‍ന്ന് സൗത്ത് റീജിയണ്‍ ഒരുക്കിയ സാംസ്‌കാരിക പരിപാടികള്‍ വ്യത്യസ്ഥത കൊണ്ട് സദസിനെ കീഴടക്കി. തിരുവാതിരയും ഡാന്‍സും ചെണ്ടമേളവും വേറിട്ട അനുഭവമായി. സൗത്ത് റീജിയന്‍ അവതരിപ്പിച്ച ടോമി ഏബ്രഹാമിന്റെ മാവേലി തമ്പുരാന്‍ രൂപം കൊണ്ടും ഭാവം കൊണ്ടും സംസാരം കൊണ്ടും സദസിന്റെ കൈയടി വാങ്ങി. തുടര്‍ന്ന് സ്റ്റീഫന്‍ ഓക്കാടന്‍ നിര്‍മ്മിച്ച തെക്കന്‍ ചുണ്ടനില്‍ അമരക്കാരന്‍ റ്റോമി നെടുംതുരുത്തിയും ടീം മാനേജര്‍ ഷാജി കൊച്ചുവേലിയും ടീം അംഗങ്ങള്‍ക്ക് ആവേശം പകര്‍ന്ന് സ്‌റ്റേജില്‍ തിമിര്‍ത്ത് ആടി.

ടോബി ജോയി, ജൂബി ടോമി, ജിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുളള വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് തുഴ എറിഞ്ഞ് തെക്കന്‍ ചുണ്ടനിലെ ടീം അംഗങ്ങള്‍ സദസില്‍ വിസ്മയം കൊളളിച്ചു. കെസിവൈഎന്‍ ടീമിന്റെ ഓണനിലാവ് ഗ്രൂപ്പ് സോംഗ് സദസിനെ പുളകചാര്‍ത്ത് അണിയിച്ചു. വെസ്റ്റ് റീജിയണില്‍ നിന്നുളള ബിജു രാമച്ചനാട്ട് എന്ന അനുഗ്രഹിത ഗായകന്റെ ഓണപ്പാട്ടുകള്‍ പഴയ ഗദകാല സ്മരണയിലേക്ക് സദസിനെ കൂട്ടികൊണ്ട് പോയി.

നോര്‍ത്ത് റിജിയന്‍ അവതരിപ്പിച്ച പുരുഷന്മാരുടെ തിരുവാതിര മുതല്‍ ഇപ്പോഴത്തെ തലമുറയുടെ ആവേശമായ കണ്ണംസ്റ്റാര്‍ വരെ പാടി അഭിനയിച്ച് ഡാന്‍സ് ചെയ്ത് വ്യത്യസ്ഥത കൊണ്ടും അവതരണ ശൈലി കൊണ്ടും സദസിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ചിരിയുടെ മായാലോകം സൃഷ്ടിച്ചു. അസോസിയേഷന്റെ സെക്രട്ടറി സോളമന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുളള ടീം അംഗങ്ങള്‍ ഒന്നിനൊന്ന് മെച്ചമായി സ്‌റ്റേജില്‍ പരിപാടി അവതരിപ്പിച്ച് കാണികളുടെ കൈയടി വാങ്ങി. ക്‌നാനായ കമ്യുണിറ്റി ഓഫ് വിക്‌ടോറിയായുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ അവതാരകര്‍ വേദി കൈയടക്കിയത്. മെല്‍ബണ്‍ കെസിവൈഎല്ലിന്റെ പ്രതിനിധികളായ ലിയാ പാറയ്ക്കലും സിമ്മി സാം ആയിരുന്നു.

അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നേരത്തെ നടത്തിയ ക്രിക്കറ്റ്, ബാഡ്മിന്റണ്‍, വോളിബോള്‍, ചെസ്, ക്യാരംസ്, ചീട്ടുകളി എന്നിവയില്‍ വിജയിച്ച ടീമുകള്‍ക്കുളള ട്രോഫിയും കാഷ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു.

അസോസിയേഷന്‍ ഭാരവാഹികളായ ബിജി മോന്‍ തോമസ്, ടോമി നെടുംതുരുത്തി, സോളമന്‍ ജോര്‍ജ്, ലിസി ജോസ് മോന്‍, സോബന്‍ തോമസ്, ഏരിയാ കോഓര്‍ഡിനേറ്റര്‍മാരായ സ്റ്റീഫന്‍ ഓക്കാട്ട്, അനിമോന്‍ പി.ജെ., ജെനി സൈമന്‍, സിജു അലക്‌സ് എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക