Image

സിഡ്‌നിയില്‍ അക്ഷര വെളിച്ചം പകര്‍ന്നു നല്‍കാന്‍ മലയാളം ക്ലാസുമായി ബാലകൈരളി

Published on 08 November, 2013
സിഡ്‌നിയില്‍ അക്ഷര വെളിച്ചം പകര്‍ന്നു നല്‍കാന്‍ മലയാളം ക്ലാസുമായി ബാലകൈരളി
സിഡ്‌നി: മലയാളം ശ്രേഷ്ഠഭാഷാ പദവിയുടെ പടി കയറിയപ്പോള്‍ ഓസ്‌ട്രേലിയയിലെ മലയാളി പ്രവാസ സമൂഹത്തിന് അഭിമാനം പകരുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച വെസ്‌റ്റേണ്‍ സിഡ്‌നിയിലെ ബാലകൈരളി മുന്നേറുന്നു.

പ്രവാസികളായ മലയാളികളുടെ മക്കള്‍ക്ക് തങ്ങളുടെ മാതൃഭാഷയുടെ മാധുര്യം പകര്‍ന്നു നല്‍കാന്‍ ലക്ഷ്യമിട്ട് അഞ്ചു വര്‍ഷം മുമ്പ് 2008 ലെ വിഷുസംക്രമ ദിനത്തില്‍ തുടക്കം കുറിച്ച ബാലകൈരളിയുടെ പ്രവര്‍ത്തനം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. 

വെസ്‌റ്റേണ്‍ സിഡ്‌നിയിലെ പ്ലംറ്റന്‍ ഹൗസ് സ്‌കൂളില്‍ എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ നടക്കുന്ന ക്ലാസില്‍ 70ഓളം കുട്ടികളാണ് ഭാഷ പഠിക്കാന്‍ എത്തുന്നത്. ക്ലാസില്‍ വൈകുന്നേരം അഞ്ചിന് ഭാരതത്തിന്റെയും ഓസ്‌ട്രേലിയയുടെയും ദേശീയ ഗാനാലാപനത്തോടെയാണ് സമാപിക്കുന്നത്. അധ്യാപകര്‍ സൗജന്യസേവനമായാണ് ക്ലാസ് എടുക്കുന്നത്.

കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കാന്‍ വര്‍ഷത്തില്‍ രണ്ട് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനുപുറമെ ഒരുദിവസം കായിക മേളയും സംഘടിപ്പിച്ചുവരുന്നു. അടുത്ത വര്‍ഷത്തെ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ഇതു സംബന്ധിച്ചുള്ള സെഷന്‍ നവംബര്‍ 17ന് നാലിന് ബാലകൈരളിയില്‍ നടക്കും.

വായന താത്പര്യം ഉള്ളവര്‍ക്കായി ഒരുക്കിയിട്ടുള്ള ബാലകൈരളി ലൈബ്രറിയില്‍ മലയാള പുസ്തകങ്ങളുടെ വന്‍ ശേഖരം തന്നെയുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷവും വിജയദശമിനാളില്‍ വിദ്യാരംഭം പരിപാടികള്‍ സംഘടിപ്പിച്ചു. ന്യൂസൗത്ത് വൈല്‍സ് വിദ്യാഭ്യാസ വകുപ്പ് ഭാഷാ വികസന പദ്ധതിക്ക് നല്‍കുന്ന ഗ്രാന്റിന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാള ഭാഷാ സാംസ്‌കാരിക പഠനകേന്ദ്രം ബാലകൈരളി ആണ്. മൂന്ന് വര്‍ഷം മുന്‍പ് 'ടെലസ്ട്ര' യുടെ വിദ്യാഭ്യാസ ഫണ്ട് ബാലകൈരളിക്ക് ലഭിച്ചിരുന്നു. മുതിര്‍ന്നവര്‍ക്കുവേണ്ടി മലയാളം ക്ലാസ് ആരംഭിക്കുന്നതിനും ഓസ്‌ട്രേലിയയിലെ ഇതര സ്ഥലങ്ങളിലെ ഭാഷാ സ്‌നേഹികളുമായി സഹകരിച്ച് കൂടുതല്‍ പഠനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിനും പരിപാടിയുണെ്ടന്ന് ബാലകൈരളി പ്രസിഡന്റ് ശ്രീദേവി രമേഷ്, സെക്രട്ടറി സജിഷ് എരശ്ശേരി, പിആര്‍ഒ പ്രകാശ് പാലക്കില്‍ എന്നിവര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0402385581, 0412526318, alakairali@gmail.com ന്ന ഇമെയിലിലോ ബന്ധപ്പെടണം.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാമലശേരി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക